ന്യൂദല്‍ഹി: അവധിയില്‍ പറഞ്ഞയച്ച സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയുടെ വീടിന് പരസിരത്ത് നിന്ന് നാല് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെ പിടികൂടി. അലോക് വര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
ഇന്ന് രാവിലെ മുതലാണ് അലോക് വര്‍മയുടെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേരെ ഉദ്യോഗസ്ഥര്‍ കണ്ടത്. പുലര്‍ച്ചെ നാലു മണിക്ക് ഇവര്‍ എത്തിയത് അലോക് വര്‍മയെ നിരീക്ഷിക്കാനാണെന്നാണ് സൂചന. പിടികൂടിയവരുടെ വിവരങ്ങള്‍ ദ വയര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവരെ ദല്‍ഹി പൊലീസിന് കൈമാറിയിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ ഗുജറാത്ത് മോഡല്‍ പരീക്ഷിക്കുകയാണെന്നാണ് സംഭവത്തെ കുറിച്ച് അലോക് വര്‍മ്മയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്. ഗുജറാത്ത് സര്‍ക്കാരില്‍ മോദിയും അമിത് ഷായും ഐ.ബി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തിയ നീക്കങ്ങളെ പരാമര്‍ശിച്ചാണ് വിമര്‍ശനം.
തന്നെ നീക്കിയതിനെതിരെ അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. റാഫേല്‍ ഇടപാടിലടക്കം സുപ്രധാനമായ ഏഴ് അന്വേഷണ ഫയലുകള്‍ അലോക് വര്‍മ പരിഗണിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാര്‍ അവധിയില്‍ പറഞ്ഞയച്ചത്.