മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അഥവാ അദ്ദേഹം പുറത്താവുകയാണെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലെജന്‍ഡറി ജേഴ്‌സി നമ്പര്‍ സെവന്‍ ആര്‍ക്കായിരിക്കും നല്‍കുക എന്ന ചര്‍ച്ചകളാണ് ഉയര്‍ന്നുവരുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സംബന്ധിച്ച് ഏഴാം നമ്പര്‍ ജേഴ്‌സി അത്രത്തോളം അമൂല്യമാണ്. ഇതിന് മുമ്പ് റെഡ് ഡെവിള്‍സിനായി ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ കളിച്ചിട്ടുള്ളവര്‍ തന്നെയാണ് ആ നമ്പറിന്റെ മൂല്യം വര്‍ധിപ്പിച്ചത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് മുമ്പ് ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാം, ഫ്രഞ്ച് ലെജന്‍ഡ് എറിക് കാന്റോന, ഐറിഷ് ഇതിഹാസ താരം ജോര്‍ജ് ബെസ്റ്റ് എന്നിവരായിരുന്നു ഓള്‍ഡ് ട്രോഫോര്‍ഡില്‍ ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ചിരുന്നത്. ഇക്കാരണമൊന്നുകൊണ്ടുതന്നെ മാഞ്ചസ്റ്റര്‍ ആരാധകരെ സംബന്ധിച്ച് ഏഴാം നമ്പര്‍ അത്രത്തോളം അമൂല്യമാണ്.
എന്നാല്‍ യുവതാരങ്ങളാണ് ഇത്തവണ മാഞ്ചസ്റ്ററിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിക്കായി ഓട്ടം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷ് വിങ്ങര്‍ ജേഡന്‍ മാലിക് സാഞ്ചോയും ബ്രസീലിയന്‍ താരം ആന്റണിയുമാണ് ഏഴാം നമ്പറിന് പിന്നാലെയുള്ളത്. റൊണാള്‍ഡോക്ക് ശേഷം ഇവരില്‍ ഒരാളാവും ഏഴാം നമ്പറിന്റെ അടുത്ത അവകാശികളെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം 73 മില്യണ്‍ യൂറോക്കാണ് സാഞ്ചോയെ ബൊറൂസിയയില്‍ നിന്നും മാഞ്ചസ്റ്ററിലെത്തിച്ചത്. പതിഞ്ഞ തുടക്കമായിരുന്നു താരത്തിന് മാഞ്ചസ്റ്ററില്‍ ഉണ്ടായത്. എന്നാല്‍ ടെന്‍ ഹാഗിന് കീഴില്‍ മെച്ചപ്പെട്ട പ്രകടനമാണ് സാഞ്ചോ പുറത്തെടുക്കുന്നത്.
ഡോര്‍ട്മുണ്ടില്‍ ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ച താരത്തിന് ചുവന്ന ചെകുത്താന്‍മാരുടെ ജേഴ്‌സി നമ്പര്‍ സെവന്‍ ലഭിക്കണമെങ്കില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടി വരും. നിലവില്‍ ടീമിന്റെ 25ാം നമ്പര്‍ താരമാണ് സാഞ്ചോ.
അയാക്‌സില്‍ നിന്നും പൊന്നും വിലകൊടുത്താണ് ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍ ആന്റണിയെ മാഞ്ചസ്റ്റര്‍ ടീമിലെത്തിച്ചത്. 86 മില്യണിനാണ് ആന്റണി ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിയത്.
നിലവില്‍ ടീമിന്റെ 21ാം നമ്പറുകാരനായ ആന്റണിയുടെ ഡ്രിബ്ലിങ് സ്‌കില്ലുകള്‍ അദ്ദേഹത്തെ ക്രിസ്റ്റ്യാനോയുടെ പിന്‍മുറക്കാരനാക്കുമെന്നാണ് അഭിപ്രായം.
2003ല്‍, 18 വയസുള്ളപ്പോഴാണ് റൊണാള്‍ഡോ മാഞ്ചസ്റ്ററിലെത്തിയത്. താരത്തില്‍ ഫുട്‌ബോളിന്റെ ഭാവി കണ്ട ദി ലെജന്‍ഡ് അലക്‌സ് ഫെര്‍ഗൂസന്‍ രമ്ടാമതൊന്ന് ചിന്തിക്കാതെ ഏഴാം നമ്പര്‍ കിറ്റ് സമ്മാനിക്കുകയായിരുന്നു. പിന്നെ നടന്നത് ചരിത്രം.
മാഞ്ചസ്റ്ററില്‍ ഏഴാം നമ്പര്‍ ധരിച്ച തന്റെ മുന്‍ഗാമികളോടും സര്‍ അലക്‌സ് ഫെര്‍ഗൂസനോടും നീതി കാട്ടുന്ന പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. 2009ല്‍ ക്ലബ്ബ് വിട്ട് റയലിലേക്ക് പോകും വരെ ഏഴാം നമ്പര്‍ ജേഴ്‌സിയുടെ ലെഗസി താരം കാത്തുസൂക്ഷിച്ചിരുന്നു. മാഞ്ചസ്റ്ററിനൊപ്പം പത്ത് കിരീടമാണ് റൊണോ സ്വന്തമാക്കിയത്.
Content Highlight: 2 Manchester United are in the running to take over Cristiano Ronaldo’s iconic number seven jersey.