Kerala Education
മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍: ഇത്തവണ പുതുതായെത്തിയത് രണ്ടുലക്ഷം കുട്ടികള്‍
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ മികവിലേക്ക്. ഇത്തവണ പ്രവേശനോത്സവ ദിനത്തില്‍ തന്നെ രണ്ടുലക്ഷം കുട്ടികള്‍ പൊതുവിദ്യാലയത്തിലെത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍. 2017-18 അധ്യായന വര്‍ഷം 1.52 ലക്ഷം കുട്ടികളുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കൂടുതലായെത്തിയ കുട്ടികളുടെ കൃത്യകണക്ക് ആറാം പ്രവൃത്തി ദിവസത്തിനുശേഷമേ ലഭ്യമാകൂവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. ആറാം പ്രവൃത്തിദിനം വരെ പുതിയ കുട്ടികളുടെ എണ്ണം രേഖകള്‍ സഹിതം അപ്‌ലോഡ് ചെയ്യാന്‍ സ്‌കൂളുകള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഈ കണക്കുകള്‍ കൂടി വന്നാല്‍ നാലു ലക്ഷം കടക്കുമെന്ന പ്രതീക്ഷയിലാണെന്നും ഡി.ജി.ഒ അറിയിച്ചു.
സ്‌കൂള്‍ തുറന്ന വ്യാഴാഴ്ച ഒന്നാം ക്ലാസില്‍ 1.47 ലക്ഷം കുട്ടികള്‍ എത്തിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യൂക്കേഷന് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു. അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ വിവിധ ക്ലാസുകളില്‍നിന്ന് കുട്ടികള്‍ വന്‍തോതില്‍ പൊതുവിദ്യാലയങ്ങളിലേക്ക് ഇത്തവണയും മാറി.
മുന്‍ വര്‍ഷങ്ങളില്‍ അഞ്ച്, എട്ട് ക്ലാസുകളിലേക്കായിരുന്നു അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയത്തില്‍നിന്ന് കൂട്ടത്തോടെയുള്ള കൂടുമാറ്റം ഉണ്ടായതെങ്കില്‍ ഇത്തവണ ഒന്നു മുതല്‍ ഒമ്പതുവരെയുള്ള മറ്റു ക്ലാസുകളിലേക്കും കുട്ടികള്‍ എത്തിയിട്ടുണ്ട്.
2018-19ല്‍ 1.85 ലക്ഷം കുട്ടികളുടെ വര്‍ധനവാണ് ഉണ്ടായത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലായിരുന്നു കുട്ടികളുടെ എണ്ണത്തില്‍ ഏറ്റവുമധികം വര്‍ധനയുണ്ടായത്. 6.3% മായിരുന്നു ഇത്.
2018ല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 71,257ഉം എയ്ഡഡ് സ്‌കൂളുകളില്‍ 1,13,398 വിദ്യാര്‍ഥികളുമാണ് പുതുതായെത്തിയത്. ഒന്നാം ക്ലാസില്‍ മാത്രം 10,083 വിദ്യാര്‍ഥികളാണ് കഴിഞ്ഞതവണ പുതുതായെത്തിയത്. മലപ്പുറത്തായിരുന്നു ഏറ്റവും കൂടുതല്‍ നവാഗതരെത്തിയത്. 4978 കുട്ടികളാണ് മലപ്പുറത്തെത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ 5.3% ഉം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33,052 വിദ്യാര്‍ഥികളും കുറഞ്ഞിരുന്നു.
25 വര്‍ഷത്തിനുശേഷം ആദ്യമായി 2017ലാണ് പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.
ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ച പ്രവര്‍ത്തിദിവസം തുടങ്ങിയെന്നതും പ്രവേശനോത്സവം ഒരുമിച്ചു നടത്തിയെന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് ഒരു തലവനെ നിശ്ചയിച്ച് വിദ്യാലയ ഏകോപനം ഉറപ്പാക്കിയെന്ന സവിശേഷതയും ഇത്തവണയുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ജത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍, ഹൈടെക് ക്ലാസ്‌റൂമുകള്‍, മറ്റ് ആധുനിക സംവിധാനങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുവിദ്യാലയങ്ങളിലുണ്ടായ മികവ് പുതുതായെത്തുന്ന കുട്ടികളുടെ എണ്ണത്തിലും പ്രതിഫലിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018-19 അധ്യയന വര്‍ഷത്തെ മികവിന്റെ വര്‍ഷമായാണ് സര്‍ക്കാര്‍ ആചരിച്ചത്. ഇതിന്റെ ഭാഗമായി ഓരോ വിദ്യാലയങ്ങള്‍ക്കും മുന്‍കൂട്ടി മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിദ്യാലയങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ പഠനോത്സവം എന്ന പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുനേഷം കുട്ടികള്‍ കുറഞ്ഞ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക കാമ്പെയ്ന്‍ നടത്താനും നിര്‍ദേശിച്ചിരുന്നു.
കുട്ടികള്‍ കുറഞ്ഞ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനായി പ്രത്യേക എന്റോള്‍മെന്റ് കാമ്പെയ്‌നുകള്‍ നടത്തിയിരുന്നു. പഠനോത്സവം മുതല്‍ പ്രവേശനോത്സവം വരെ നടക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍ സെക്കന്ററി ഡയറക്ടര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.