ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി എം.എല്‍.എയുടെ ജന്മദിനാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. ദമോഹ് ജില്ലയിലെ ജബേരിയിലെ എം.എല്‍.എയായ ധര്‍മേന്ദ്ര സിംഗ് ലോധിയുടെ ജന്മദിനാഘോഷത്തിനിടെയാണ് അക്രമസംഭവം നടന്നത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ബന്‍വാര്‍ ഗ്രാമത്തില്‍ വെച്ചായിരുന്നു ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇതില്‍ പങ്കെടുക്കാനെത്തിയ ചിലര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് ദമോഹ എസ്.പി ഹേമന്ത് ചൗഹാന്‍ അറിയിച്ചു.
അധ്യാപകനായ ജോഗേന്ദ്ര സിംഗ്, എം.എല്‍.എയുടെ പ്രതിനിധിയായ അരവിന്ദ് ജയ് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജോഗേന്ദ്ര വെടിയേറ്റാണ് മരിച്ചിരിക്കുന്നത്. അരവിന്ദിനെ കല്ലും വടിയും മറ്റു മാരകായുധങ്ങളും ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അക്രമസംഭവങ്ങള്‍ നടന്ന സമയത്ത് ധര്‍മേന്ദ്ര സിംഗ് ലോധി സ്ഥലത്തില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ അപലപിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് രംഗത്തെത്തി. ക്രമസമാധാനപാലനത്തില്‍ പൊലീസിന് വലിയ വീഴ്ച സംഭവിച്ചെന്ന് ദമോഹ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് ടണ്ടന്‍ പറഞ്ഞു.
‘രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ ദിവസങ്ങളിലാണ് ബി.ജെ.പി എം.എല്‍.എയായ ധര്‍മേന്ദ്ര സിംഗ് ലോധിയുടെ ജന്മദിനാഘോഷപരിപാടിയില്‍ ഇതെല്ലാം നടക്കുന്നത്.’ അജയ് ടണ്ടന്‍ പറഞ്ഞു.
ശനിയാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി മധ്യപ്രദേശില്‍ എത്തുന്നത്. ദമോഹ് ജില്ലയിലും അദ്ദേഹം പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം ഇരട്ടകൊലപാതകത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക