|

പ്രധാനമന്ത്രി ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ടു ജി കുംഭകോണം തടയാമായിരുന്നെന്ന് കാബിനറ്റ് സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:അവസരത്തിനൊത്ത് പ്രധാനമന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ടുജി സ്‌പെക്രട്രം കുംഭകോണം തടയാനാകുമായിരുന്നെന്ന് കുംഭകോണം അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി) മുമ്പാകെ സാക്ഷിമൊഴി.

മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറാണ് ഇത്രയും പ്രധാനപ്പെട്ട മൊഴി നല്‍കിയത്. സ്‌പെക്രട്ടത്തിന് 36000 കോടി രൂപ എന്‍ട്രി ഫീസ് ചുമത്തണമെന്ന ചന്ദ്രശേഖറിന്റെ നിര്‍ദേശമാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അവഗണിച്ചത്.[]

വ്യാഴാഴ്ച നടന്ന ജെ.പി.സി യോഗത്തില്‍ സി.പി.ഐ അംഗമായ ഗുരുദാസ് ദാസ് ഗുപ്ത കൃത്യതയാര്‍ന്ന ചോദ്യങ്ങള്‍ക്ക് മുന്നിലാണ് മുന്‍ കാബിനറ്റ് സെക്രട്ടറി വിശദമായ മറുപടി നല്‍കിയത്.

2001 ലെ നിരക്കിന്റെ അടിസ്ഥാനത്തില്‍ പാന്‍ ഇന്ത്യ സ്‌പെക്ട്രത്തിന് അനുവദിച്ച നിരക്കായ 1651 കോടി രൂപ ഗണ്യമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കുറിപ്പ് നല്‍കിയത്.

രാജ്യത്തിന്റെ ഖജനാവിന് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന 2001 ലെ നിരക്ക് വര്‍ധിപ്പിക്കാന്‍ എന്തുകൊണ്ട് കാബിനറ്റ് സെക്രട്ടറിയേറ്റ് ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെന്നായിരുന്നു ഗുരുദാസ് ദാസ് ഗുപ്തയുടെ ചോദ്യം.

അപ്പോഴാണ് സ്‌പെക്ട്രത്തിന് നിശ്ചയിച്ച നിരക്ക് 1651 കോടി രൂപയില്‍ നിന്നും 36000 കോടി രൂപയാക്കാന്‍ താന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് ചന്ദ്രശേഖര്‍ മറുപടി നല്‍കിയത്.

ടു.ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് അഞ്ചാഴ്ച മുമ്പ് 2007 ഡിസംബര്‍ നാലിനാണ് ചന്ദ്രശേഖര്‍ തന്റെ കുറിപ്പ് പ്രധാനമന്ത്രിക്ക് നല്‍കിയത്. ഇത് സ്വമേധയാ നല്‍കിയതല്ല. 2001 ലെ നിരക്കില്‍ ടു ജി സ്‌പെക്ട്രം അനുവദിച്ചാലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് കുറിപ്പ് നല്‍കിയത്.

വിപണിയുടെ വിസ്തൃതി, സ്‌പെക്ട്രത്തിനുള്ള വര്‍ധിച്ച ഡിമാന്‍ഡ് അടക്കമുള്ള വസ്തുതകള്‍ മറച്ചുവെച്ച് നിരക്ക് ഗണ്യമായി ഉയര്‍ത്തണമെന്നായിരുന്നു കുറിപ്പിലെ നിര്‍ദേശം. മാത്രമല്ല അന്ന് 575 അപേക്ഷകള്‍ ലൈസന്‍സിനായി കാത്തിരിക്കുന്ന സാഹചര്യവും നിലവിലുണ്ടായിരുന്നു. എന്നാല്‍ ഈ കുറിപ്പിന് പ്രധാനമന്ത്രി മറുപടി അയച്ചില്ല.

2008 ജനുവരി പത്തിനാണ് കുംഭകോണത്തിന് ഇടയാക്കിക്കൊണ്ട് ടു ജി സ്‌പെക്ട്രം അനുവദിച്ചത്. ഇതിന് അഞ്ചാഴ്ച മുമ്പാണ് ചന്ദ്രശേഖര്‍ കുറിപ്പ് നല്‍കിയത്. ആ നിര്‍ദേശം അന്ന് പ്രധാനമന്ത്രി അംഗീകരിച്ചിരുന്നുവെങ്കില്‍ സ്‌പെക്ട്രം കുംഭകോണം എളുപ്പം തടയാനാകുമായിരുന്നു.

2007 നവംബര്‍  രണ്ടിന് അന്നത്തെ ടെലകോം മന്ത്രി എ.രാജക്ക് പ്രധാനമന്ത്രി അയച്ച കത്തിലെ നിര്‍ദേശത്തിന് അനുസൃതമായ നിലപാടാണ് ചന്ദ്രശേഖറിന്റെ കുറിപ്പിലുണ്ടായത്. സ്‌പെക്ട്രം അനുവദിക്കുന്നത് ലേലം വഴിയാക്കുക, അതല്ലെങ്കില്‍ എന്‍ട്രി ഫീസ് അനുവദിക്കുക എന്നതായിരുന്നു നിര്‍ദേശം.

എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ നിരാകരിച്ചുകൊണ്ട് അന്ന് തന്നെ രാജ പ്രധാനമന്ത്രിക്ക് മറുപടി അയച്ചു. ലേലമോ എന്‍ട്രി ഫീസ് വര്‍ധനയോ സാധ്യമല്ലെന്നായിരുന്നു കത്തിന്റെ ചുരുക്കം.

സ്‌പെക്ട്രം കേസ് അന്വേഷണത്തില്‍ അതിപ്രധാനമായ ഇത്തരം രേഖകളെ കുറിച്ച് കേസന്വേഷിച്ച സി.ബി.ഐ അടക്കമുള്ളവര്‍ നിശബ്ദത പാലിക്കുന്നതില്‍ ജെ.പി.സി അംഗങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. ജെ.പി.സി മുമ്പാകെ ഹാജരായ മൊഴി നല്‍കിയപ്പോള്‍ പോലും സി.ബി.ഐ ഇത്തരം ഒരു രേഖയെ കുറിച്ച് മിണ്ടിയിട്ടില്ല.

വ്യാഴാഴ്ട നടന്ന ജെ.പി.സി യോഗ നടപടികള്‍ വിശദീകരിക്കവെ സമിതി അധ്യക്ഷനായ പി.സി ചാക്കോ പ്രധാനമന്ത്രിയെ ശക്തമായി ന്യായീകരിച്ചു. കാബിനറ്റ് സെക്രട്ടറി കുറിപ്പ് നല്‍കിയപ്പോള്‍ അതിന്റെ വിവിധ വശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ടെലകോം വകുപ്പ്,ധനമന്ത്രാലയം എന്നിവ പരിഗണിച്ച്  2001 ലെ നിരക്ക് ഉയര്‍ത്തിയാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് വിലയിരുത്തി.

എന്‍ട്രി ഫീസോ സ്‌പെക്ട്രം നിരക്കോ ഉയര്‍ത്തല്‍ പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമല്ല. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അത് പരിഗണനയ്ക്ക് വിടണം. ടെലികോം മന്ത്രിക്ക് ട്രായ് നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. 2001 ലെ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ട്രായ് നിര്‍ദേശിച്ചിട്ടുണ്ടെന്നും ചാക്കോ പറഞ്ഞു.

Video Stories