ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. ഞായറാഴ്ച മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രുകിന് സമീപം അക്രമികൾ നടത്തിയ വെടിവെപ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 11 വയസ്സുള്ള മകളോടൊപ്പം മാതൃവീട് സന്ദർശിക്കാനെത്തിയ നഗാങ്ബാം ഒങ്ബി സുർബാലയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. അതേസമയം, പരിക്കേറ്റവരിൽ ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഗ്രാമത്തിലെ മറ്റ് താമസക്കാരും ഉൾപ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെതിരെ കുക്കി-സോ ഗ്രൂപ്പുകൾ കാങ്പോക്പി, ചുരാചന്ദ്പൂർ ജില്ലകളിൽ പ്രതിഷേധ റാലികൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ കുക്കികളാണെന്ന് മണിപ്പൂർ പോലീസും മെയ്‌തേയ് വിഭാഗവും ആരോപിച്ചു.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആക്രമണം ആരംഭിച്ചത് ഇത് വൈകുന്നേരം വരെ തുടരുകയായിരുന്നു. സ്‌നൈപ്പറുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
‘ഞങ്ങളുടെ ഗ്രാമത്തിന് മുകളിൽ രണ്ട് ഡ്രോണുകൾ ബോംബ് ഇടുന്നതിന് മുമ്പ് പറക്കുന്നത് ഞാൻ കണ്ടു. ഗ്രാമത്തിലെ ചില വീടുകൾ ഇപ്പോഴും ആക്രമണത്തിന്റെ ഫലമായി കത്തിക്കൊണ്ടിരിക്കുകയാണ്,’ കൊല്ലപ്പെട്ടവരിൽ ഒരാളുമായി ബന്ധമുള്ള ഗ്രാമവാസിയും ജനറലുമായ സുനിൽ നിംഗ്‌തൗജം പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രിക്കാനും ഇംഫാൽ വെസ്റ്റിലെ കുട്രുക്ക് വില്ലേജിലെ ആക്രമണത്തിൽ ഉൾപ്പെട്ടവരെ ശിക്ഷിക്കാനും സംസ്ഥാന സർക്കാർ ഇതിനകം തന്നെ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞു.
2023 ൽ ഔദ്യോഗിക ഗോത്രപദവി നൽകണമെന്ന മെയ്തി വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ കുക്കി വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മണിപ്പൂരിലെ ഭൂരിപക്ഷമായ മെയ്തെയി വിഭാഗത്തെ പട്ടികവർഗ്ഗമായി അംഗീകരിക്കുന്നത് തങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാകുമെന്ന് ആശങ്കപ്പെട്ടിരുന്ന കുക്കികൾ ഇതിനെതിരെ പ്രതിഷേധിക്കാൻ തുടങ്ങി. പിന്നാലെ അത് വർഗീയ കലാപമായി മാറുകയും ഭരണകൂടം ഇതിനെതിരെ മൗനം പാലിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേദ്ര മോദി കലാപം തുടങ്ങി ഒരു വർഷമാകാറായിട്ടും മണിപ്പൂർ ഇതുവരെയും സന്ദർശിച്ചിട്ടില്ല.
Content Highlight: 2 dead, several injured as drone bombs in Manipur