Advertisement
national news
ഗാന്ധി ഘാതകന്റെ ലൈബ്രറി വേണ്ട; ഗോഡ്‌സെയുടെ ലൈബ്രറി പൂട്ടിച്ച് പുസ്തകങ്ങള്‍ പിടിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 13, 02:45 am
Wednesday, 13th January 2021, 8:15 am

ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നഥുറാം വിനായ്ക് ഗോഡ്‌സെയുടെ പേരില്‍ ആരംഭിച്ച ലൈബ്രറി അടച്ചുപൂട്ടി. ഹിന്ദു മഹാസഭയുടെ ഓഫീസില്‍ രണ്ട് ദിവസം മുന്‍പ് ആരംഭിച്ച ലൈബ്രറിയാണ് ജില്ലാ ഭരണകൂടം അടപ്പിച്ചത്.

ലൈബ്രറിയ്ക്കുള്ളിലെ പുസ്തകങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. നേരത്തെ ലൈബ്രറിയ്‌ക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ഹിന്ദു മഹാസഭാ നേതാക്കളുമായി കൂടിയാലോചിച്ചാണ് ലൈബ്രറി പൂട്ടിയതെന്ന് ഗ്വാളിയോര്‍ സൂപ്രണ്ട് അമിത് സംഘി പറഞ്ഞു.

ജനുവരി 10-നാണ് ഗാഡ്സെയുടെ പേരില്‍ ഹിന്ദു മഹാസഭ ലൈബ്രറി തുടങ്ങിയത്. ഗാന്ധി വധത്തിലേക്ക് ഗോഡ്സെയെ ‘നയിച്ച’ കാരണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും ഉള്‍പ്പെട്ട കൃതികളാണ് ലൈബ്രറിയിലുള്ളത്. ഗോഡ്സെയെ രാജ്യസ്നേഹിയായാണ് ചിത്രീകരിച്ചിട്ടുള്ളത്.

‘ഗോഡ്സെയായിരുന്നു യഥാര്‍ത്ഥ രാജ്യസ്നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനാണ് ലൈബ്രറി നിര്‍മ്മിച്ചത്. ഗോഡ്സെ നിലകൊണ്ടതും മരിച്ചതും ഇന്ത്യാ വിഭജനത്തിനെതിരായി നിന്നത് കൊണ്ടാണ്’, ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് ജൈവീര്‍ ഭരദ്വാജ് പറഞ്ഞു.

രാജ്യം ഭരിക്കാനുള്ള ആഗ്രഹം നിറവേറ്റാന്‍ വേണ്ടി ജവഹര്‍ലാല്‍ നെഹ്റുവിന്റേയും മുഹമ്മദലി ജിന്നയുടേയും ആവശ്യപ്രകാരമാണ് ഇന്ത്യാ വിഭജനമുണ്ടായതെന്നും ഭരദ്വാജ് പറഞ്ഞു.

ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്‌ഗേവാര്‍, മദന്‍ മോഹന്‍ മാളവ്യ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും വായനശാലയിലുണ്ട്. ഗാന്ധി ഘാതകനായ നാരായണ്‍ ആപ്‌തെയുടെ ചിത്രവും ഗോഡ്‌സെയ്‌ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വായനശാലയില്‍ പുസ്തകങ്ങളുടെ അനാവരണം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23ന് നടത്തുമെന്ന് ഹിന്ദു മഹാസഭ അറിയിച്ചിരുന്നു.

നേരത്തെ ഗോഡ്സെയുടെ പേരില്‍ ഹിന്ദു മഹാസഭ ക്ഷേത്രവും നിര്‍മ്മിച്ചിരുന്നു. 1948 ജനുവരി 30 നാണ് ഗോഡ്സെ, ഗാന്ധിയെ വെടിവെച്ചുകൊല്ലുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 2 days after opening, Nathuram Godse library shut