അഹമ്മദാബാദ്: പശുക്കുട്ടിയുടെ ജഡം മറവുചെയ്യാന്‍ വിസമ്മതിച്ച ദളിതരെ മര്‍ദ്ദിച്ച കേസില്‍ പഞ്ചായത്ത് സര്‍പാഞ്ചിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജ്‌കോട്ടിലെ മാണ്ടല്‍ ഗ്രാമത്തിലാണ് സംഭവം. നാഗ്ജി റാത്തോഡ്, മായാഭായി റാത്തോഡ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. റോഡരികില്‍ ചത്തുകിടന്ന പശുക്കുട്ടിയെ സംസ്‌കരിക്കണമെന്ന് സര്‍പാഞ്ച് ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍ ദളിത് പീഡനങ്ങളില്‍ പ്രതിഷേധിച്ച് പശുക്കളുടെ ജഡങ്ങള്‍ സംസ്‌കരിക്കുന്ന ജോലി ഉപേക്ഷിച്ചതായി ഇവര്‍ പറഞ്ഞു.
ഇതോടെ സര്‍പാഞ്ച് ആത്താഭായ് ആഹിറിന്റെ നേതൃത്വത്തില്‍ ആറുപേര്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു. പ്രതികള്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കെതിരായ അക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത പൊലീസ് സര്‍പാഞ്ചിനെ അറസ്റ്റ് ചെയ്തു.
ഇതേ റാത്തോഡ് കുടുംബത്തില്‍പ്പെട്ടവര്‍ക്കെതിരെ കഴിഞ്ഞ മേയിലും അക്രമം നടന്നിരുന്നു. പശുവിനെക്കൊന്ന് തോലെടുക്കുന്നെന്ന് ആരോപിച്ചായിരുന്നു അന്ന് ആക്രമണം.
ഇതിനിടെ സൂറത്തില്‍ പശുവിന്റെ തോല്‍ കൊണ്ടുപോവുകയായിരുന്ന ലോറി ഡ്രൈവറുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ പത്ത് ഗോരക്ഷാപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സൂറത്ത് കോര്‍പ്പറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ നിന്ന് കാലികളുടെ തോലും മറ്റ് അവശിഷ്ടങ്ങളും കൊണ്ടുപോകുന്ന ലോറിയുടെ ഡ്രൈവര്‍ ഇലിയാസ് ഷെയ്ക്കി(62)നാണ് മര്‍ദ്ദനമേറ്റത്.
ഗോമാംസം കടത്തുന്നെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍ കോര്‍പ്പറേഷനില്‍ നിന്ന് മൃഗാവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്നതിന് ഇലിയാസിന് അനുമതിയുണ്ടെന്ന് പോലീസ് പറഞ്ഞു.