|

അട്ടപ്പാടിയിലേക്ക് രണ്ട് കോടി രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

attappadi01പാലക്കാട്: അട്ടപ്പാടിയിലേക്ക് രണ്ട് കോടി രൂപ അടിയന്തിര  ധനസഹായം പ്രഖ്യാപിച്ചു.  ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്.

പദ്ധതികളുടെ ഏകോപനത്തിനായി അട്ടപ്പാടിയില്‍ രണ്ട് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും തീരുമാനമായി. ഐ.എ.എസ് ഓഫീസര്‍മരെയായിരിക്കും നോഡല്‍ ഓഫീ സര്‍മാരായി  നിയമിക്കുക.

ആരോഗ്യമന്ത്രിയുടെ വി.എസ്. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് ഇക്കാര്യം അറിയിച്ചത്. അട്ടപ്പാടി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഇവരുടെ പ്രഖ്യാപനം.

അട്ടപ്പാടിയുടെ സമഗ്രവികസനത്തിന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എകോപന സമിതി രൂപീകരിക്കാനും അട്ടപ്പാടിയില്‍ സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം തുടരാനും തീരുമാനമായി. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സമൂഹ അടുക്കള ഡിസംബര്‍ അഞ്ചിനകം വീണ്ടും പ്രവര്‍ത്തനം തുടങ്ങും.

ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്നും ശിശുമരണമുണ്ടായ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നും മന്ത്രി ശിവകുമാര്‍ അറിയിച്ചു.

അതേ സമയം ഇന്നും  അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു. ജടയന്‍-വളര്‍മതി ദമ്പതികളുടെ രണ്ടരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഈ വര്‍ഷം മാത്രം 14 കുട്ടികളാണ് അട്ടപ്പാടിയില്‍ മരിച്ചത്.

ഇന്ന് ഷോളയൂരില്‍ മരിച്ച കുട്ടിക്ക് 920 ഗ്രാം മാത്രമാണ് തൂക്കം. പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജനിതക വൈകല്യങ്ങളും മറ്റ് അസുഖങ്ങളുമാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

Video Stories