ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക ലഭിക്കുന്ന താരമായി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറണ്‍. താര ലേലത്തില്‍ 18.5 കോടി രൂപക്ക് പഞ്ചാബ് കിങ്ങ്‌സാണ് സാം കറണിനെ സ്വന്തമാക്കിയത്. രണ്ട് കോടിയായിരുന്നു സാം കറണിന്റെ അടിസ്ഥാന വില.
കൊച്ചിയില്‍ നടക്കുന്ന ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ കറണിനെ ലക്ഷ്യവെച്ച് ലേലം വിളിച്ചതോടെയാണ് 18.5 കോടി എന്ന ചരിത്രത്തിലെ ഏറ്റവും വലിയ തുകയിലെത്തിയത്. മുംബൈ ഇന്ത്യന്‍സാണ് അവസാനം വരെ കറണിനെ സ്വന്തമാക്കാന്‍ ശ്രമിച്ചത്.
ഐ.പി.എല്‍ ചരിത്രത്തിലേയും രണ്ടാമത്തെ വലിയ തുകയ്ക്ക് ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 17.5 കോടി രൂപയ്ക്കാണ് ഗ്രീനിനെ മുംബൈ ടീമിലെത്തിച്ചത്. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി.
വിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ നിക്കോളാന്‍ പൂരാനെ 16 കോടി രൂപയ്ക്ക് ലക്‌നൗ വിളിച്ചെടുത്തു. ഇഗ്ലീഷ് താരം ഹാരി ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. 8.25 കോടി രൂപയ്ക്ക് മായങ്ക് അഗര്‍വാളിനെയും സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെടുത്തു.