| Tuesday, 16th November 2021, 5:33 pm

ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ രണ്ട് വ്യവസായികള്‍ കൊല്ലപ്പെട്ടു; തീവ്രവാദികളെ പിന്തുണച്ചവരെന്ന് പൊലീസ് വാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ രണ്ട് വ്യവസായികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട വ്യവസായികള്‍ തീവ്രവാദികളെ പിന്തുണച്ചവരാണെന്ന് പൊലീസ് അവകാശപ്പെട്ടു.

അതേസമയം കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിട്ടുണ്ട്. ഡോ. മുദാസിര്‍ ഗുല്‍, അല്‍താഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇരുവര്‍ക്കും ഏറ്റുമുട്ടല്‍ നടന്ന ഹൈദര്‍പോറയിലെ വാണിജ്യ സമുച്ചയത്തില്‍ കടകളുണ്ടായിരുന്നു.

‘നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുക, അവരെ ക്രോസ് ഫയറിംഗില്‍ കൊല്ലുക, പിന്നെ സൗകര്യപൂര്‍വ്വം അവരെ ഒ.ജി.ഡബ്ളിയൂ എന്ന് മുദ്രകുത്തുക എന്നതിപ്പോള്‍ ജി.ഒ.ഐയുടെ റൂള്‍ബുക്കിന്റെ ഭാഗമാണ്. സത്യം പുറത്തുകൊണ്ടുവരാനും ഈ വ്യാപകമായ സംസ്‌കാരം അവസാനിപ്പിക്കാനും വിശ്വസനീയമായ ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്,’ മുഫ്തി ട്വീറ്റ് ചെയ്തു.

അതേസമയം, ഇരുവരും ഒന്നുകില്‍ തീവ്രവാദികളുടെ വെടിവയ്പില്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ ക്രോസ് ഫയറിനിടെ കൊല്ലപ്പെടുകയൊ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. അന്ത്യകര്‍മങ്ങള്‍ക്കായി ഇരുവരുടെയും മൃതദേഹം വേണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ക്രമസമാധാന പ്രശ്‌നമുള്ളതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാകില്ലെന്നാണ് സേന അറിയിച്ചത്.

ആറ് കമ്പ്യൂട്ടറുകളുള്ള അനധികൃത കോള്‍ സെന്ററാണ് മുദാസിറിന്റെ കമ്പ്യൂട്ടര്‍ സെന്റര്‍ എന്ന് കശ്മീരിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയ് കുമാര്‍ പറഞ്ഞു. ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ മുദാസിറിന്റെയും അല്‍താഫിന്റെയും കുടുംബങ്ങളെ ഞങ്ങള്‍ സമീപിച്ചു.

എന്നാല്‍ ക്രമസമാധാന പ്രശ്‌നത്തെക്കുറിച്ച് ആശങ്കയുള്ളതിനാല്‍ മൃതദേഹം കുടുംബങ്ങള്‍ക്ക് കൈമാറാന്‍ കഴിയില്ല. മൃതദേഹം സംസ്‌കാരം നടത്താന്‍ ഹന്ദ്വാരയിലേക്ക് ഞങ്ങള്‍ കൊണ്ടുപോയി,’ കുമാര്‍ പറഞ്ഞു.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് രണ്ട് പിസ്റ്റളുകള്‍ കണ്ടെടുത്തതായും വാണിജ്യ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രീനഗറില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം ശ്രീനഗറിലെ ഡൗ ടൗണ്‍ ഏരിയയിലുണ്ടായ ഭീകരരുടെ വെടിവെപ്പില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. സുരക്ഷാസേന നടത്തിയ റെയ്ഡിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ക്കും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും നേരെ കഴിഞ്ഞ മാസം മുതല്‍ ഭീകരരുടെ ആക്രമണമുണ്ടാവുന്നുണ്ട്. കഴിഞ്ഞ ദിവസം ബെമിന പരിസരത്ത് ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. നഗരത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരസംഘത്തിന്റെ ഭാഗമായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 2 Businessmen Killed In Srinagar Op; “Supported Terrorists,” Say Cops

We use cookies to give you the best possible experience. Learn more