ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വധഭീഷണി: രണ്ട് പേര്‍ അറസ്റ്റില്‍
national news
ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വധഭീഷണി: രണ്ട് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th March 2022, 12:56 pm

ചെന്നെ: ഹിജാബ് കേസില്‍ വിധി പറഞ്ഞ കര്‍ണാടക ഹൈക്കോടതിയിലെ സ്പെഷ്യല്‍ ബെഞ്ച് ജഡ്ജിമാര്‍ക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

കോവൈ റഹമത്തുള്ള, എസ്.ജമാല്‍ മുഹമ്മദ് ഉസ്മാനിയ എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

കോവൈ റഹമത്തുള്ളയെ തിരുനെല്‍വേലിയില്‍ നിന്നും എസ്.ജമാല്‍ മുഹമ്മദ് ഉസ്മാനിയെ തഞ്ചാവൂരില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രിയാണ് ഇരുവരുടെയും അറസ്റ്റ് നടന്നത്.

തമിഴ്‌നാട് തൗഹീദ് ജമാഅത്ത് (ടി.എന്‍.ടി.ജെ) ഭാരവാഹികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ക്കെതിരെ കര്‍ണാടകയിലും തമിഴ്നാട്ടിലും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മധുരയില്‍ തമിഴ്‌നാട് തൗഹീദ് ജമാഅത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ വെച്ചായിരുന്നു റഹ്‌മത്തുള്ള ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി നടത്തിയത്.

രാജ്യത്തെ നിയമ വ്യവസ്ഥ ബി.ജെ.പി വിലയ്ക്കെടുത്തിരിക്കുകയാണ് എന്നും കോടതി വിധികളില്‍ വിശ്വാസമില്ലെന്നും റഹ്‌മത്തുള്ള തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഹിജാബ് വിലക്കിനെ അനുകൂലിച്ച് വിധി പറഞ്ഞ ജഡ്ജിമാരുടെ ജീവന്‍ നഷ്ടമായാല്‍ അവര്‍ തന്നെയാണ് അതിന്റെ ഉത്തരവാദികള്‍ എന്നും പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡിലെ ഒരു ജില്ലാ ജഡ്ജി പ്രഭാത നടത്തത്തിന് പുറത്തുപോയപ്പോള്‍ കൊലപ്പെട്ട സംഭവത്തെക്കുറിച്ച് ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. കര്‍ണാടക ചീഫ് ജസ്റ്റിസ് രാവിലെ എങ്ങോട്ടാണ് നടക്കാന്‍ പോകുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.
ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്സിറ്റി മാനേജ്മെന്റ് നടപടി എടുത്തതിന് പിന്നാലെയാണ് വിവാദം ഉണ്ടാകുന്നത്.

ആറ് വിദ്യാര്‍ത്ഥിനികളേയും ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍, ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളി.

ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

 

 

 

Content Highlights: 2 Arrested In Connection With Death Threats to Karnataka High Court Judges Over Hijab Verdict