ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്ഷേത്ര പരിസരത്ത് പശുവി ഇറച്ചി ഉപേക്ഷിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ജയോറ ടൗണിലാണ് സംഭവം.
ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജയോറ ടൗണിലെ ഒരു പ്രാദേശിക ക്ഷേത്രത്തിന്റെ പരിസരത്താണ് പശു ഇറച്ചി വലിച്ചെറിഞ്ഞതായി ആരോപിക്കപ്പെടുന്നത്.
ജൂണ്‍ 14 വെള്ളിയാഴ്ച മധ്യപ്രദേശ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മേവതി, ഷാക്കിര്‍ ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്.
യുവാക്കള്‍ ക്ഷേത്ര പരിസരത്ത് പശു ഇറച്ചി ഉപേക്ഷിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മനോജ് കുമാര്‍ സിങ് അവകാശപ്പെട്ടത്.
ഇതിന് പിന്നാലെ പൊലീസ് ഇരുവരുടെയും വീടുകള്‍ കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യുകയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുമായിരുന്നു.
പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇരുവരുടെയും വീടുകള്‍ തകര്‍ത്തത്. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് വീടുകള്‍ പൊളിച്ച് മാറ്റിയത്.
Content Highlight: 2 arrested, houses demolished for throwing suspected cow meat on temple premises in MP