ഗസയിലെ ആക്രമണം; 2,500 ഫലസ്തീനികളെ ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിന്ന് തടഞ്ഞ് ഇസ്രഈല്‍
World News
ഗസയിലെ ആക്രമണം; 2,500 ഫലസ്തീനികളെ ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിന്ന് തടഞ്ഞ് ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2024, 9:53 pm

ജെറുസലേം: യുദ്ധം കനക്കുന്നതിനിടിയില്‍ 2,500 ഫലസ്തീനികളെ ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിന്ന് ഇസ്രഈല്‍ തടഞ്ഞെന്ന് റിപ്പോര്‍ട്ട്. ഫലസ്തീന്‍ അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

റഫ അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്രഈല്‍ സൈന്യം ഏറ്റെടുത്തതോടെ 2,500 ഫലസ്തീനികളെ ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിന്ന് തടഞ്ഞെന്നാണ് ഗസയിലെ എന്‍ഡോവ്‌മെന്റ് മന്ത്രാലയം അറിയിച്ചത്. ഇത് മതസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണെന്ന്
ഫലസ്തീന്‍ ഉദ്യോഗസ്ഥനായ ഇക്രാമി അല്‍ മുദല്ലല്‍ പറഞ്ഞു.

ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ഗതാഗത കരാറുകളില്‍ ഒപ്പുവെക്കുന്നതില്‍ നിന്നും മക്കയിലും മദീനയിലും താമസസൗകര്യം ബുക്കുചെയ്യുന്നതും ഉള്‍പ്പടെയുള്ള ഹജ്ജ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് ഇസ്രഇാല്‍ തങ്ങളെ തടഞ്ഞെന്നും മന്ത്രാലയം പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഫലസ്തീനിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും സൗദി അറേബ്യയുടെയും ഈജിപ്തിന്റെയും അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് അടുത്ത വര്‍ഷം മുന്‍ഗണന നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. മതസ്വാതന്ത്ര്യത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും വ്യക്തമായ ലംഘനമാണ് ഇതെന്നാണ് വിഷയത്തെ അപലപിച്ച് കൊണ്ട് ഫലസ്തീന്‍ പറഞ്ഞത്.

മെയ് ഏഴ് മുതല്‍ റഫയുടെ നിയന്ത്രണം ഇസ്രഈല്‍ പൂര്‍ണമായും പിടിച്ചെടുത്തിരിക്കുകയാണ്. സുരക്ഷിത മേഖലയെന്ന് ഇസ്രഈല്‍ തന്നെ പ്രഖ്യാപിച്ച റഫയിലെ മിക്ക അഭയാര്‍ത്ഥി ക്യാമ്പുകളിലും സൈന്യം ആക്രമണം നടത്തുകയും ചെയ്തു. നിരവധി ഫലസ്തീനികള്‍ക്ക് റഫയില്‍ നിന്നും വീണ്ടും പലായനം ചെയ്യേണ്ടി വന്നു.

Content Highlight: 2,500 Gazans unable to perform Hajj due to Israeli occupation of Rafah crossing