ജാര്‍ഖണ്ഡ് ആള്‍ക്കൂട്ടക്കൊലയ്ക്ക് സംസ്ഥാനത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തരുത്; തബ്രീസ് അന്‍സാരിയുടെ കൊലപാതകത്തില്‍ ആദ്യമായി പ്രതികരിച്ച് മോദി
India
ജാര്‍ഖണ്ഡ് ആള്‍ക്കൂട്ടക്കൊലയ്ക്ക് സംസ്ഥാനത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തരുത്; തബ്രീസ് അന്‍സാരിയുടെ കൊലപാതകത്തില്‍ ആദ്യമായി പ്രതികരിച്ച് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th June 2019, 3:58 pm

 

ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തബ്രീസ് അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടിയായുള്ള നന്ദി പ്രമേയത്തിനിടെയാണ് മോദി ഇക്കാര്യം പരാമര്‍ശിച്ചത്.

തബ്രിസിന്റെ കൊലപാതകത്തിന് സംസ്ഥാനത്തെ  മുഴുവന്‍ പ്രതിക്കൂട്ടത്തില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നാണ് മോദി പറഞ്ഞത്.

‘ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ വ്യക്തിയുടെ മരണത്തില്‍ ഞങ്ങള്‍ക്കെല്ലാം ദു:ഖമുണ്ട്. പക്ഷേ അതിന് ജാര്‍ഖണ്ഡിലെ എല്ലാവരും ഉത്തരവാദിയാണെന്ന് പറയുന്നത് ശരിയാണോ? അവര്‍ രാജ്യത്തിന്റെ പൗരന്മാരാണ്. യഥാര്‍ത്ഥ ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടണം.’ അദ്ദേഹം പറഞ്ഞു.

ബീഹാറിലെ ശിശുമരണവുമായി ബന്ധപ്പെട്ടും മോദി ആദ്യമായി പ്രതികരിച്ചു. ‘ മസ്തിഷ്‌ക ജ്വരം കാരണം ബീഹാറിലുണ്ടായ മരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. നമ്മളെ സംബന്ധിച്ച് ഇത് നാണക്കേടാണ്. നമ്മളിത് ഗൗരവമായെടുക്കണം. സംസ്ഥാന സര്‍ക്കാറുമായി ഞാന്‍ സ്ഥിരമായി ബന്ധപ്പെടുന്നുണ്ട്. നമുക്ക് ഒരുമിച്ച് നിന്ന് ഈ പ്രതിസന്ധിയെ ഉടന്‍ നേരിടാം.’ എന്നാണഅ മോദി പറഞ്ഞത്.

സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടുണ്ടാവുമായിരുന്നെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസുകാരനായാണ് പട്ടേല്‍ ജീവിച്ചതും മരിച്ചതും. അദ്ദേഹത്തെ നമ്മള്‍ ആദരിക്കുമ്പോള്‍ കോണ്‍ഗ്രസിനാണ് പ്രശ്‌നമെന്നും മോദി പറഞ്ഞു.