അലിഗഢ്: അലിഗഢില്‍ രണ്ടര വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലത്ത് സുരക്ഷ ശക്തമാക്കിയെന്ന് പൊലീസ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവ സ്ഥലത്ത് സുരക്ഷാ സേനയെ വിന്യസിച്ചെന്നും റൂറല്‍ എസ്.പി മിനിലാല്‍ പടദാര്‍ പറഞ്ഞു.
സംഭവത്തില്‍ ഇതുവരെയും നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയെന്ന് പൊലിസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ രണ്ടിനായിരുന്നു പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയിലും വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു സംഘപരിവാര്‍ പ്രചരണം. കുട്ടിയുടെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്‌തെന്നും പ്രചരണമുണ്ടായിരുന്നു.
എന്നാല്‍ ഇതിലെ വാദങ്ങള്‍ പലതും തെറ്റാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അലിഗഢ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇക്കാര്യം വിശദീകരിച്ചിരുന്നു
സംഭവം മനുഷ്യത്വരഹിതവും ഞെട്ടിപ്പിക്കുന്നതുമാണെന്നും കുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.