ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷരുടെ പ്രതിഷേധം തുടരവേ 17 ബസുകളിലും 10 ട്രോളികളിലുമായി 2000 സ്ത്രീകള്‍ ദല്‍ഹിയിലേക്ക് തിരിച്ചു.
കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണമെന്നാണ് സ്ത്രീകള്‍ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. പ്രതിഷേധത്തിനെത്തുന്ന സ്ത്രീകളില്‍ ഭൂരിഭാഗം സ്ത്രീകളും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളും, അമ്മയും സഹോദരിമാരുമാണ്.
”പഞ്ചാബിലെ കര്‍ഷകര്‍ സമ്പന്നരാണെന്നാണല്ലോ നിങ്ങള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എങ്ങിനെയാണ് ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായത്” സ്ത്രീകള്‍ ചോദിച്ചു.
പഞ്ചാബില്‍ 2000 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 16,606 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ 87 ശതമാനം പേരും കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന്റെ സ്ഥിതി അറിയിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അറിയിക്കാനുമാണ് സ്ത്രീകള്‍ ദല്‍ഹിയിലേക്ക് തിരിക്കുന്നത്.
അതേ സമയം കാര്‍ഷിക പ്രതിഷേധം ശക്തമാകുന്നതിനിടെ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന പഞ്ചാബിനെയും ഹരിയാനെയും ഉത്തര്‍പ്രദേശിനെയും നിയമത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ ധാരണ.
എന്നാല്‍ ഔദ്യോഗികമായി ഇത് സംബന്ധിച്ച വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.നിരവധി വട്ടം കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ച നടത്തിയെങ്കിലും കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാകാത്തതിനെ തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.