ബംഗലൂരു: ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് ഡാറ്റാക്ക് വില കൂട്ടിയതോടെ വിഷമത്തിലായിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി രണ്ട് രൂപക്കും ഇന്റര്‍നെറ്റ് ലഭിക്കും. ബംഗലൂരുവിലെ വൈഫൈ ഡബ്ബ എന്ന സ്വകാര്യ കമ്പനിയാണ് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കാനൊരുങ്ങുന്നത്.
രണ്ട് രൂപയ്ക്ക് ഒരു ജിബിയും 10 രൂപയ്ക്ക് അഞ്ച് ജിബിയും 20 രൂപയ്ക്ക് 10 ജിബിയുമാണ് വൈഫൈ ഡബ്ബ വഴി ലഭിക്കുക. ഈ സേവനങ്ങള്‍ക്കെല്ലാം 24 മണിക്കൂര്‍ കാലാവധിയുമുണ്ട്. സൂപ്പര്‍ നോഡ് ടെക്‌നോളജി എന്ന സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചാണ് വൈഫൈ ഡബ്ബയുടെ പ്രവര്‍ത്തനം.
വിപണിയില്‍ ലഭ്യമായ ചിലവേറിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാതെ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിവിദ്യകള്‍ ഉപയോഗിക്കുന്നതിനാലാണ് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ കഴിയുന്നതെന്ന് കമ്പനി പറയുന്നു. ലേസര്‍ ടെക്‌നോളജി വഴി കണക്ഷനുകള്‍ ലഭ്യമാക്കുന്നതിനാല്‍ കേബിളുകള്‍ ഇടുന്നതിന്റെ ഭാരിച്ച ചിലവുകള്‍ വരാത്തത് മൂലമാണ് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ കഴിയുന്നതെന്നും കമ്പനി അറിയിക്കുന്നു.
വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ ഡബ്ബ റൗട്ടറുകളിലേക്ക് സൂപ്പര്‍ നോഡ് ടെക്‌നോളജി വഴി കണക്ഷന്‍ എത്തിക്കുകയും റൗട്ടറുകള്‍ വൈഫൈ സിഗ്നല്‍ പുറത്തുവിടുകയും ചെയ്യും. ഉപയോക്തക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പറും വണ്‍ ടൈം പാസ് വേഡും ഉപയോഗിച്ച് വൈഫൈ ഡബ്ബയിലേക്ക് ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് പണമടച്ച് ഡാറ്റ ഉപയോഗിക്കാം.
100 ജി.ബി.പി.എസ് വേഗത്തില്‍ വരെ ഡാറ്റ കൈമാറാനും സൂപ്പര്‍ നോഡ് വഴി സാധിക്കും. നഗരത്തിലെ ഫ്‌ളാറ്റുകള്‍ക്കും ടവറുകള്‍ക്കും ഉയരക്കൂടുതലുള്ള മറ്റ് കെട്ടിടങ്ങളുടെ മുകളിലുമാണ് വൈഫൈ ഡബ്ബ സൂ്പ്പര്‍ നോഡ് ഗ്രിഡുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്.