| Monday, 10th April 2023, 3:05 pm

അദാനിയെ പോലുള്ളവരുടെ അവാര്‍ഡ് 100 കോടിയുടേതാണെങ്കിലും നിരസിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല | സുകിര്‍ത റാണിയുമായുള്ള അഭിമുഖം, അവസാന ഭാഗം

വിഷ്ണു ശോഭന

സുകിര്‍ത റാണി

അഭിമുഖത്തിന്റെ ഒന്നാം ഭാഗം

വിഷ്ണു ശോഭന : അല്‍പം മുമ്പ് പറഞ്ഞ കവിതയെ കുറിച്ച് ചോദിക്കട്ടെ, അംബേദ്കര്‍ ജന്മവാര്‍ഷികത്തില്‍ ജെ.എന്‍.യുവിലെ ചുവരുകളിലുയര്‍ന്ന ‘ദയവു ചെയ്ത് ആത്മഹത്യ ചെയ്യുക’ എന്ന കവിതയെക്കുറിച്ച്.

ഞങ്ങള്‍ പാചകക്കാര്‍
ഞങ്ങള്‍ പാകം ചെയ്ത അന്നം
നിങ്ങള്‍ക്ക് വേണ്ടെങ്കില്‍
ഞങ്ങളുടെ വൈദ്യമറിവും നിങ്ങള്‍ക്ക് വേണ്ട,
സ്വയം ചികിത്സിക്കൂ.

ഞങ്ങളാണ് ഭരണഘടന എഴുതിയത്
അതും നിങ്ങള്‍ക്ക് വേണ്ടായെങ്കില്‍
ദയവു ചെയ്ത് ആത്മഹത്യ ചെയ്യുക’

എന്നായിരുന്നു ആ വരികള്‍, ഈ വരികളെ കുറിച്ച് സംസാരിക്കുമോ?

സുകിര്‍ത റാണി : ഒരാളോട് പോയി ആത്മഹത്യ ചെയ്യ് എന്ന് പറയുന്നത് ശരിയല്ല. വലിയ ദേഷ്യത്തില്‍ എഴുതിയ ഒരു കവിതയാണത്. ദളിതരെപ്പോലെ ലോകത്തെ സ്‌നേഹിക്കുന്ന, ജനങ്ങളെ സ്‌നേഹിക്കുന്ന മറ്റാരുമില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരാള്‍ അപകടം പറ്റി വഴിയില്‍ വീണു കിടന്നാല്‍ അയാളെ സഹായിക്കാന്‍ മുന്നില്‍ ഒരു ദളിതന്‍ കാണും.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയം വന്നപ്പോള്‍ അടുത്ത നിമിഷത്തില്‍ അതിനെതിരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് തോള്‍ തിരുമാവളനാണ്.

തോള്‍ തിരുമാവളന്‍

കോയമ്പത്തൂരിലെ ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാപ്പമ്മ എന്നൊരു സ്ത്രീ ഉണ്ടായിരുന്നു. അവരൊരു ദളിത് ആയിരുന്നു. പാപ്പമ്മയുണ്ടാക്കുന്ന ഭക്ഷണം തങ്ങളുടെ കുട്ടികള്‍ കഴിക്കേണ്ട എന്ന് പറഞ്ഞ് രക്ഷിതാക്കള്‍ അവരെ സ്‌കൂളിലേക്കയച്ചില്ല. ഇത്തരത്തിലുള്ള ജാതി വിവേചനങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയ കവിതയാണിത്.

ഭരണഘടനയെ മാറ്റിയെഴുതാനാണ് അവര്‍ ശ്രമിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം. ശ്രീരാമ ക്ഷേത്രം പണിയുമ്പോള്‍ പ്രധാനമന്ത്രി തറക്കല്ലിടാന്‍ പോകുന്നതിനെയൊക്കെ നമ്മള്‍ എങ്ങനെയാണ് നോക്കിക്കാണേണ്ടത്.

വിഷ്ണു ശോഭന നിങ്ങള്‍ മാട്ടിറച്ചി നിരോധിച്ചാല്‍, ഞങ്ങള്‍ മാട്ടിറച്ചി ഉത്സവങ്ങള്‍ നടത്തുമെന്നാണ് സുകിര്‍ത റാണി പറഞ്ഞിരുന്നത്. ഭക്ഷണത്തിന് മേല്‍ നടക്കുന്ന കടന്നു കയറ്റത്തിനെതിരായ ഇത്തരം പ്രതിരോധങ്ങളിലേക്ക് നയിച്ച കാരണങ്ങളെന്തായിരുന്നു ?

സുകിര്‍ത റാണി : എന്ത് കഴിക്കണം, ഏത് വസ്ത്രം ധരിക്കണം, ആരുടെയൊപ്പം ജീവിക്കണം എന്നതെല്ലാം ഒരു വ്യക്തിയുടെ തീരുമാനങ്ങളാണ്. ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള ആക്രമണത്തിന് ജാതി ഒരു കാരണമായി വരുന്നുണ്ട്.

കേരളത്തില്‍ ബീഫ് കഴിക്കുന്നതൊക്കെ സര്‍വസാധാരണമാണല്ലോ, തമിഴ് നാട്ടില്‍ അങ്ങനെയല്ല. ദളിത് മനുഷ്യരാണ് കൂടുതലും ബീഫ് കഴിക്കുന്നത്.

ഹിന്ദുത്വം പശുവിനെ പരിശുദ്ധമായാണല്ലോ കാണുന്നത്. ഒരു പുതിയ വീട് പണിഞ്ഞ് കഴിഞ്ഞാല്‍ പശുവിനൊപ്പമാണ് അവിടേക്ക് ആദ്യമായി കയറുന്നത്. അത് മേല്‍ജാതി ഹിന്ദുക്കളുടെ ഒരു ചടങ്ങാണ്. ആ കെട്ടിടം പണിയുന്നതിനായി ധാരാളം ദളിതര്‍ അവിടെ വന്നിട്ടുണ്ടാകും. അതിന്റെ പേരിലുണ്ടാകുന്ന അശുദ്ധിയെ ഇല്ലാതാക്കാനാണ് പോലും പശുവുമായി വീട്ടിലേക്ക് ആദ്യം കയറുന്നത്.

പശുവില്‍ നിന്നുള്ള പാലും നെയ്യുമെല്ലാം പരിശുദ്ധമായി കരുതി കഴിക്കുന്നവര്‍ അതിനെ കറിവെച്ച് കഴിക്കുന്നതിനെ എന്തിനാണ് പ്രശ്‌നമാക്കുന്നത്. രാജ് ഗൗതമന്‍ തന്റെ ‘ദളിത് വിമര്‍ശന കട്ടുരൈഗള്‍’ എന്ന പുസ്തകത്തില്‍ പശുവിന്റെ പാലും തൈരും വെണ്ണയുമായി ബന്ധപ്പെട്ടവര്‍ എങ്ങനെ ശുദ്ധരാകുന്നുവെന്നും അതിന്റെ തോലുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ എങ്ങനെ അശുദ്ധരാകുന്നു എതിനെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

രാജ് ഗൗതമന്‍

ചത്തുപോയ കന്നുകാലികളുടെ തോലാണല്ലോ ചെരുപ്പ് നിര്‍മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. അതുപോലെ മാനുവല്‍ സ്‌കാവഞ്ചേഴ്‌സായി ജോലി ചെയ്യുന്ന മനുഷ്യരുടെ തൊഴിലുപകരണമാണ് ചൂല്. ആ തൊഴിലുകളെയും, തൊഴിലെടുക്കുന്ന മനുഷ്യരെയും വളരെ മോശപ്പെട്ടവരായാണ് കാണുന്നത്.

ചൂലു കൊണ്ടടിക്കും, ചെരുപ്പ് കൊണ്ടടിക്കും എന്നൊക്കെ പൊതുവില്‍ പറയാറുണ്ടല്ലോ, പഠിച്ചവരും പുരോഗമനവാദികളുമെല്ലാം ഇങ്ങനെ സംസാരിക്കാറുണ്ട്. വാസ്തവത്തില്‍ അതില്‍ ഒരു ജാതി അധിക്ഷേപം ഉള്‍ച്ചേര്‍ന്നിരിക്കുന്നുണ്ട്.

എന്റെ ഭക്ഷണത്തിന്റെ അവകാശം ഞാന്‍ ആര്‍ക്കും കൊടുക്കേണ്ട ആവശ്യമില്ല. ബീഫ് കൈവശം വെച്ചാല്‍ കൊല്ലപ്പെടുമെന്ന അവസ്ഥ എത്ര ഭയാനകമാണ്. ഇതിനെതിരായ ശബ്ദങ്ങള്‍ ഉയര്‍ന്നു വരണം. എഴുത്ത് പ്രതിരോധമാണ്. ദളിത് സാഹിത്യമൊല്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രതിരോധത്തിന്റെ സാഹിത്യമാണ്.

വിഷ്ണു ശോഭന :  അധ്യാപികയായ സുകിര്‍ത റാണിയോടാണ് ചോദ്യം, നവലിബറല്‍ താത്പര്യങ്ങളിലൂന്നിയാണ് പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്തിയെഴുതപ്പെടുകയാണ്, സവര്‍ക്കറിനെ മഹത്വവത്കരിച്ചും നെഹ്‌റുവിനെ ഒഴിവാക്കിയും പുസ്തകങ്ങള്‍ തയ്യാറാക്കപ്പെടുന്നു. മഹാത്മാ ഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തത് എന്നാണ് പരീക്ഷകളില്‍ കുട്ടികളോട് ചോദിക്കുന്ന ചോദ്യം. ഇത്തരം നീക്കങ്ങളെ ഒരു അദ്ധ്യാപിക എന്ന നിലയില്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് ?

സുകിര്‍ത റാണി : തങ്ങള്‍ക്കനുകൂലമായ ഒരു ചരിത്രം നിര്‍മിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഹിന്ദുത്വം. കേരളം, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നവയാണ്. എവിടെ വിദ്യാഭ്യാസം വളരെ മികച്ച രീതിയിലുണ്ടോ അവിടെ തിരിച്ചറിവുമുണ്ടായിരിക്കും. അവിടങ്ങളില്‍ ചരിത്രത്തിന്റെ തിരുത്തലും അശാസ്ത്രീയതയുമെല്ലാം ഗൗരവപൂര്‍വം ചോദ്യം ചെയ്യപ്പെടും.

എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ സിലബസില്‍ അവര്‍ രാമായണം പഠനവിഷയമാക്കുകയാണ്.

പുഷ്പക വിമാനത്തെ ചൂണ്ടി, അത് നമ്മള്‍ പണ്ടേ കണ്ടു പിടിച്ചതാണെന്ന് ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിലെ അപകടത്തെ നമ്മള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്.

ഒരു കള്ളത്തരം നൂറു തവണ പറയുമ്പോള്‍, അത് പുസ്തകങ്ങളില്‍ എഴുതി വെക്കുമ്പോള്‍ പിന്നാലെ വരുന്ന തലമുറ അത് വിശ്വസിക്കാനിടയുണ്ട്.

അതിന്റെ തുടര്‍ച്ചയായാണ് സവര്‍ക്കറെയും മറ്റും ആദര്‍ശവത്കരിക്കാന്‍ ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ലാത്ത ഒരു പ്രസ്ഥാനമാണവരുടേത്. എന്നാല്‍ വലിയ സ്വാതന്ത്ര്യസമര സേനാനികളാണ് തങ്ങള്‍ എന്ന രീതിയില്‍ ചരിത്രം അപനിര്‍മിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ഒരു മതേതര രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള അടിത്തറയൊരുക്കുകയാണവര്‍ ഈ നീക്കങ്ങളിലൂടെ. മനുഷ്യരുടെ മനസ്സില്‍ ഇത്തരത്തില്‍ വ്യാജങ്ങളെ പണിതുയര്‍ത്തുന്നു. ഇന്ത്യയെ ഒരു ഹിന്ദുത്വ രാജ്യമായി പരുവപ്പെടുത്തണമെങ്കില്‍ അതിന് ആദ്യം വിദ്യാഭ്യാസത്തിലാണ് ഇടപെടേണ്ടത്. അത് അവര്‍ക്ക് വളരെ വ്യക്തമായ ധാരണയുണ്ട്.

അടിസ്ഥാന വിഭഗങ്ങളില്‍ പെട്ട മനുഷ്യരില്‍ നിന്ന് വിദ്യാഭ്യാസത്തെ വിച്ഛേദിക്കണമെന്നത് അവരുടെ ലക്ഷ്യമാണ്. അതിനുള്ള നീക്കങ്ങള്‍ അവര്‍ പുത്തന്‍ വിദ്യഭ്യാസ നയത്തിലൂടെ നടത്തുന്നുണ്ട്. പഠിക്കുമ്പോഴാണല്ലോ നമ്മള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ആ ചോദ്യങ്ങളെ ഒഴിവാക്കണമെന്നത് ഹിന്ദുത്വത്തിന്റെ ആവശ്യമാണ്.

വിഷ്ണു ശോഭന ഒരേ സമയം ഒരു അംബേദ്കറിസ്റ്റും മാര്‍ക്‌സിസ്റ്റുമാണ് താനെന്ന് സുകിര്‍ത റാണി പറയുന്നു. വര്‍ഗബോധത്തിലൂന്നിയ കമ്യൂണിസ്റ്റ് ചിന്താ പദ്ധതികള്‍ക്ക് ജാതി എന്ന യാഥാര്‍ഥ്യത്തെ അഭിസംബോധന ചെയ്യാനോ, അതിനെതിരെ സമരപ്പെടാനോ കഴിഞ്ഞിട്ടില്ല എന്ന വിമര്‍ശനത്തെ എങ്ങനെ കാണുന്നു ?

സുകിര്‍ത റാണി : ഒരു പെരിയോറിസ്റ്റ് കൂടിയാണ് ഞാന്‍. ഈ മൂന്ന് ആശയങ്ങളെയും വായിക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കുന്ന ഒരാളാണ്. ഇവയില്‍ അടിസ്ഥാനപരമായി ഉള്‍ച്ചേര്‍ന്നിരിക്കുന്ന സത്ത സഹമനുഷ്യനെ തുല്യനായി പരിഗണിക്കാനും സ്‌നേഹിക്കാനും കഴിയണമെന്നതാണ്.

അങ്ങനെ മനുഷ്യനെ മാനിക്കണമെങ്കില്‍ ആദ്യം ജാതി ഉന്മൂലനം ചെയ്യപ്പെടണം, ജന്‍ഡര്‍ ഇക്വാലിറ്റി വരണം, വര്‍ഗം ഇല്ലാതാകണം. അപ്പോള്‍ ഇത് മൂന്നും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ആശയങ്ങളില്‍ വ്യത്യാസങ്ങളില്ലെന്നല്ല.

ജാതി എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നതില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നത് അവര്‍ക്കെതിരെ എല്ലാക്കാലത്തും ഉന്നയിക്കപ്പെടുന്ന വിമര്‍ശനമാണ്. പോളിറ്റ് ബ്യൂറോ ഉള്‍പ്പെടെയുള്ള പാര്‍ട്ടി മേല്‍ക്കമ്മറ്റികളിലെ ദളിത് അസാന്നിധ്യമൊക്കെ അവര്‍ക്ക് മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങളാണ്. എന്നാല്‍ ഇന്ന് ധാരാളം മാറ്റങ്ങള്‍ വരുന്നുണ്ട്.

‘ഇന്ത്യയിലെ ജാതികള്‍’ എന്ന അംബേദ്കര്‍ പുസ്തകത്തിന്റെ 100ാം വാര്‍ഷികത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ വലിയ പരിപാടികളാണ് സംഘടിപ്പിച്ചത്. അംബേദ്കറെ കമ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നില്ല എന്ന ആരോപണമുണ്ടല്ലോ. അതില്‍ മാറ്റങ്ങള്‍ വരുന്നുണ്ട് എന്നാണ് ഞാന്‍ പറയുന്നത്.

തമിഴ്‌നാട്ടിലെ പ്രോഗ്രസീവ് റൈറ്റേഴ്‌സ് യൂണിയന്‍ സെക്രട്ടറി ആദവന്‍ ദീക്ഷിണ്യ

തമിഴ്‌നാട്ടിലെ പ്രോഗ്രസീവ് റൈറ്റേഴ്‌സ് യൂണിയന്റെ സെക്രട്ടറി ആദവന്‍ ദീക്ഷിണ്യ ദളിത് സമൂഹത്തില്‍ നിന്നുള്ള ഒരാളാണ്. ഒറ്റയടിക്ക് മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയില്ലല്ലോ. സംഭവിക്കുന്ന മാറ്റങ്ങളെ പോസിറ്റീവായി വേണം നമ്മള്‍ കാണേണ്ടത്.

തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം കമ്യൂണിസ്റ്റുകളുടെ ഇടപെടലുകളുടെ ചരിത്രത്തെ അവഗണിക്കാന്‍ കഴിയില്ല.

വിഷ്ണു ശോഭന

തീണ്ടലുള്ള ചേരി
തീണ്ടലുള്ള തെരുവ്
തീണ്ടലുള്ള കൂര
തീണ്ടലുള്ള പ്രണയം
തീണ്ടലുള്ള ജാതി
തീണ്ടാനാവുന്നത്
ഞങ്ങളുടെ ഉടല്‍ മാത്രം

കേരളത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു സുകിര്‍ത റാണി കവിതയാണിത്, ‘എന്റെ പ്രിയ സോദരി മനീഷ’ എന്ന പേരിലുള്ള കവിത. ഖൈര്‍ലാന്‍ജിയിലും ഹാഥ്‌റസിലുമെല്ലാം മേല്‍ ജാതിക്കാരാല്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടികള്‍ ടീച്ചറിന്റെ കവിതകളിലുണ്ട്

സുകിര്‍ത റാണി : ഖൈര്‍ലാന്‍ജിയിലെ പ്രിയങ്ക മാത്രമല്ല, പ്രിയങ്കയുടെ അമ്മ സുരേഖ ബോധ്മാംഗെ, ഹാഥ്‌റസിലെ മനീഷ, തേനിയിലെ രാഘവി, അരിയല്ലൂരിലെ നന്ദിനി എത്രയെത്ര ദളിത് സ്ത്രീകളാണ് മേല്‍ജാതിക്കാരാല്‍ പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതും.

ഫെമിനിസം, ദളിത് ഫെമിനിസം എന്നീ സംജ്ഞകള്‍ക്കുള്ളില്‍ നില്‍ക്കുന്ന കവിതകളാണിവ. കാലാകാലങ്ങളായി സ്ത്രീകളുടെ ശരീരത്തെ ആണിന്റെ സ്വത്തായാണ് കണക്കിലെടുക്കുന്നത്. പ്യൂരിറ്റി ഓഫ് കാസ്റ്റ് എന്നു പറയുമല്ലോ, അതിനെ സ്ത്രീയുടെ ശരീരത്തോടാണ് ചേര്‍ത്തു വെച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നടക്കുന്ന എല്ലാ ദുരഭിമാനക്കൊലകള്‍ക്കും കാരണമിതാണ്.

ഒരു ദളിത് യുവാവ്, ഇതര സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയെ പ്രണയിക്കുമ്പോഴോ, കല്യാണം കഴിക്കുമ്പോഴോ ജാതിശുദ്ധി നഷ്ടപ്പെടുന്നതായാണ് മേല്‍ജാതിക്കാര്‍ പറയുന്നത്.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് അവളുടെ ശരീരമാണ്, എന്നാല്‍ അത് അവള്‍ക്കു വേണ്ടിയുള്ളതല്ല, മറ്റാര്‍ക്കോ വേണ്ടിയുള്ളതാണ്. അവളുടെ ചിന്തകള്‍ പോലും അവളുടേതല്ല. ആ ചിന്തകള്‍ ആണധികാരബോധം ചിട്ടപ്പെടുത്തിയ പരിധികള്‍ക്കുള്ളില്‍ നിന്നു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. അത്തരത്തിലാണ് അതിനെ സമൂഹം ക്രമപ്പെടുത്തിയിരിക്കുന്നത്.

എന്റെ പ്രിയ സോദരി മനീഷ എന്ന കവിത

ചരിത്രം എഴുതിയത് പുരുഷന്മാരാണ്. അത് ഏകപക്ഷീയമാണ്. ഉള്‍ക്കൊള്ളല്‍ സ്വഭാവമില്ലാത്തതാണ്. എന്റെ ചരിത്രം എവിടെയാണെന്ന ഒരു പെണ്ണിന്റെ ചോദ്യത്തിന് ഇവിടെ ഉത്തരമുണ്ടാവില്ല.

പെണ്ണിനും മണ്ണിനും വേണ്ടിയാണ് യുദ്ധങ്ങള്‍ നടന്നതെന്ന് പൊതുവിലൊരു പറച്ചിലുണ്ട്. പെണ്ണിനെ മണ്ണോട് താരതമ്യപ്പെടുത്തുന്നത്, അവളെ സ്വത്തായി കണക്കാക്കുന്നതു കൊണ്ടാണ്. ഇതിനെ നമ്മള്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. സ്ത്രീ വിമോചനമെന്നത് ശരീരത്തിന്റെ മാത്രമല്ല മനസിന്റെ കൂടി സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. എന്റെ സ്വാതന്ത്ര്യത്തെ ഞാന്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്.

സമൂഹത്തില്‍ ഒരു പെണ്ണിനും, ദളിത് പെണ്ണിനുമുള്ള സ്ഥാനം വ്യത്യസ്തമാണ്. അവര്‍ക്ക് നേരേ നടക്കുന്ന ആക്രമണങ്ങളും വ്യത്യസ്തമാണ്.എന്റെ ശരീരത്തിന്റെ ഉടമസ്ഥന്‍ നീയാണ് എന്ന ചിന്തയില്‍ നിന്നാണല്ലോ എന്റെ ശരീരം മാത്രം നിനക്ക് തൊടാന്‍ കഴിയുന്നതായി മാറുന്നത്.

ഖൈര്‍ലാന്‍ജിയില്‍ പ്രിയങ്കയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചത്. പ്രിയങ്കയുടെ അമ്മ സുരേഖ ബോധ്മാംഗെ ഭൂമിക്ക് മേല്‍ അധികാരമുള്ളവളായി എന്നതാണ് മേല്‍ ജാതിക്കാരെ പ്രകോപിപ്പിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ നിന്ന് ദളിതുകളെ അകറ്റി നിര്‍ത്തുക എന്നത് ഇവിടുത്തെ സവര്‍ണ ജാതിക്കാരുടെ ആവശ്യമാണ്. പ്രിയങ്കയെ കൂട്ടബലാത്സംഗം ചെയ്താണ് കൊലപ്പെടുത്തിയത്.

ഇതുമായി ബന്ധപ്പെട്ട എന്റെ കവിതകള്‍ വായനക്കാരുടെ ഉള്ളില്‍ കോപവും, സമൂഹത്തിന്റെ സവര്‍ണ ചിന്തകളില്‍ കുറ്റബോധവും സൃഷ്ടിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രിയ സോദരി മനീഷ എന്ന കവിത എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ വേദനയാണ്.

വിഷ്ണു ശോഭന ദി ന്യൂ ഇന്ത്യന് എക്സ്പ്രസ് പ്രഖ്യാപിച്ച ദേവി അവാര്ഡ് നിരസിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ ?

സുകിര്‍ത റാണി : എഴുത്ത് എന്നത് വളരെ സിമ്പിളായ ഒരു പ്രവര്‍ത്തിയല്ല. അതൊരു വലിയ ടാസ്‌ക് ആണ്. ദളിത് രാഷ്ട്രീയത്തെപ്പറ്റി മനസിലാക്കിയാല്‍ മാത്രമേ നമുക്ക് ദളിത് സാഹിത്യത്തിലേക്ക് വരാന്‍ കഴിയൂ. അതിനെ മനസിലാക്കാതെ, ഉള്‍ക്കൊള്ളാതെ എഴുതിയാല്‍ അത് ആത്മാവില്ലാത്ത ശബ്ദമായി മാത്രം മാറും. ദളിത് രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന നിലപാടുകളെ ദളിത് സാഹിത്യത്തിലൂടെ ജനങ്ങള്‍ക്ക് മുന്നിലേക്കെത്തിക്കേണ്ടതുണ്ട്.

കല ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ലോകം ഒരു തരത്തിലുമുള്ള അസമത്വവുമില്ലാത്ത ഒരു അവസ്ഥയിലാണെങ്കില്‍ നമുക്ക് കലയ്ക്ക് വേണ്ടി കല എന്ന അവസ്ഥ ആസ്വദിച്ച് മുന്നോട്ട് പോകാം. എന്നാല്‍ ലോകം അങ്ങനെയല്ലല്ലോ.

ഞാന്‍ ജനങ്ങള്‍ക്കായി എഴുതുന്നത് എനിക്കായി പരിണമിക്കപ്പെടുന്നുണ്ട്. ‘വിടുതലൈയിന്‍ പതാകൈ’ എന്ന കവിത ഞാന്‍ പ്രിയങ്കക്കായി എഴുതിയതാണ്. അത് നാളെ എനിക്കായി മാറിക്കൂടായ്കയില്ല. ഇന്ത്യയിലെ മുഴുവന്‍ ദളിത് സ്ത്രീകള്‍ക്കുമായാണ് ഞാന്‍ എഴുതിയത്.

ഒരു എഴുത്ത് പൂര്‍ണമാകുന്നത് അത് എല്ലാവര്‍ക്കും വേണ്ടിയായിരിക്കുമ്പോഴാണ്. എഴുതുമ്പോള്‍ മാത്രമാണ് ഞാന്‍ എഴുത്താളായ സുകിര്‍ത റാണിയായിരിക്കുന്നത്. അതിനു ശേഷം ഞാന്‍ ജനങ്ങള്‍ക്കൊപ്പം പോയി നിന്നാണ് ആ കവിത വായിക്കുന്നത്. ജനങ്ങള്‍ക്ക് ഒരു വിശ്വാസമുണ്ടാകും, സുകിര്‍ത റാണി ജനങ്ങള്‍ക്ക് വേണ്ടി എഴുതുന്ന ഒരാളാണെന്ന്. അതൊരു ഊര്‍ജവും ഉത്തരവാദിത്തവും നല്‍കുന്നുണ്ട്.

അദാനി സ്‌പോണ്‍സര്‍ ചെയ്ത ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അവാര്‍ഡ് നിരസിച്ചുകൊണ്ട് സുകിര്‍ത റാണി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ഒരു എഴുത്താളെ സംബന്ധിച്ചിടത്തോളം അയാളുടെ എഴുത്തും പ്രവര്‍ത്തിയും ഒന്നായിരിക്കണം. ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്റെ എഴുത്ത്.അതിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെയും അവാര്‍ഡിനായി കൃതികള്‍ അയച്ചു കൊടുത്തിട്ടില്ല. ഞാനെന്താണ് എഴുതുന്നത്, പ്രവര്‍ത്തിക്കുന്നത്, അതിനെ വിലയിരുത്തട്ടെ.

അവാര്‍ഡുകള്‍ക്കായി അപേക്ഷകളയച്ച് കാത്തിരിക്കുന്നത് ശരിയായ ഒരു നിലപാടായി എനിക്ക് തോന്നുന്നില്ല. ഞാന്‍ അവാര്‍ഡുകളെ തേടിപ്പോകുന്ന ഒരാളല്ല. മുപ്പതു വര്‍ഷമായി എഴുതുന്നു. ആ എഴുത്തുകളെ ഒരു സമരമായിട്ടാണ് കണക്കാക്കുന്നത്.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ദേവി അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട വിവരം ഡിസംബര്‍ 23നാണ് അവര്‍ എന്നെ അറിയിച്ചത്. രാജ്യത്തെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള 12 സ്ത്രീകളെയായിരുന്നു അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഞാന്‍ ജനുവരി 27 വരെയും അധികം ആരോടും ഈ അവാര്‍ഡിനെക്കുറിച്ച് പറഞ്ഞിരുന്നില്ല.

അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് അവരെന്നോട് പറഞ്ഞു. അതിന്റെ ലിങ്കുകളും അയച്ചു തന്നു. ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ അതില്‍ അദാനിയുടെ ലോഗോ കണ്ടു. ഞാനാകെ കണ്‍ഫ്യൂസ്ഡായി. ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്ന് എന്നെ കോണ്‍ടാക്ട് ചെയ്ത സബ് എഡിറ്ററെ വിളിച്ച് കാര്യമന്വേഷിച്ചു.

അദാനിയാണ് മെയിന്‍ സ്‌പോണ്‍സര്‍ എന്നാണ് അവര്‍ മറുപടി പറഞ്ഞത്. അപ്പോള്‍ തന്നെ ആ അവാര്‍ഡ് വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. അതില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതിന്റെ ആവശ്യം എനിക്കില്ലായിരുന്നു.

ആ അവാര്‍ഡിലൂടെ ഉണ്ടാകുന്ന പേരോ പ്രശസ്തിയോ ഒന്നും എന്നെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല. ജനങ്ങളുടെ അംഗീകാരമാണ് പ്രധാനം. ആ അവാര്‍ഡ് സ്വീകരിച്ചാല്‍ അത് ഞാന്‍ മുന്നോട്ട് വെക്കുന്ന ആശയത്തിനും ചിന്തക്കും എതിരാണ്. അദാനിയെന്നല്ല ജനങ്ങളുടെ ജീവിതത്തിന് എതിരു നില്‍ക്കുന്ന ഏത് കോര്‍പ്പറേറ്റ് കമ്പനി നല്‍കുന്ന അവാര്‍ഡും നിഷേധിക്കുക എന്നത് തന്നെയാണ് എന്റെ രാഷ്ട്രീയം.

അദാനിയെപ്പോലുള്ള കമ്പനികള്‍ ചെയ്യുന്നത് നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്ന് കഴിഞ്ഞ് അദാനിയുടെ ഓഹരികളില്‍ വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ അവരെ രക്ഷിക്കാനായി രണ്ട് കോടിയോളം സര്‍ക്കാര്‍ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് അദാനി കമ്പനിയില്‍ നിക്ഷേപിക്കുകയാണുണ്ടായത്. അവരുടെ കടങ്ങള്‍ ദേശീയ ബാങ്കുകള്‍ എഴുതിത്തള്ളുന്നു. ഇത്തരത്തിലുള്ള കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അവാര്‍ഡുകള്‍, അത് പത്ത് കോടിയുടേതോ നൂറ് കോടിയുടേതോ ആയിക്കോട്ടെ അതിന് തുരുമ്പിന്റെ വില പോലും ഞാന്‍ കല്‍പിക്കുന്നില്ല.

വിഷ്ണു ശോഭന :ദളിത് ആണെന്ന കാരണത്താല്‍ അവസാന ബെഞ്ചിലിരുന്ന് പഠിക്കേണ്ടി വന്ന സുകിര്‍ത റാണി ഇന്ന് അതേ സ്‌കൂളില്‍ അദ്ധ്യാപികയാണ്, എന്തു തോന്നുന്നു ?

സുകിര്‍ത റാണി : ഇപ്പോള്‍ ആ സ്‌കൂളില്‍ പഠിപ്പിക്കുന്നതില്‍ വളരെ സന്തോഷം തോന്നുന്നു. ഞാന്‍ അന്നു പഠിച്ചിരുന്ന ക്ലാസ് ഇന്നില്ല. അത് പൊളിച്ചു കളഞ്ഞു. എന്നാല്‍ ആ കെട്ടിടമല്ല, നമ്മളെ പിന്‍ ബെഞ്ചിലിരുത്തിയ ആ സംവിധാനത്തെയാണ് തകര്‍ക്കേണ്ടത്. ഞാന്‍ ഒരു ദളിത് എഴുത്തുകാരിയാണ്, ടീച്ചറാണ്. അപ്പോള്‍ എനിക്ക് ഉത്തരവാദിത്തം കൂടുതലാണ്.

ഒരു കോളേജിലാണ് പഠിപ്പിക്കുന്നതെങ്കില്‍ നമുക്ക് കുറച്ച് കൂടി ഫ്രീയായി സംസാരിക്കാം, പഠിപ്പിക്കാം. റാഡിക്കല്‍ ഫെമിനിസമുള്‍പ്പെടെ ചര്‍ച്ച ചെയ്യാം. പക്ഷേ സ്‌കൂളുകളില്‍ അങ്ങനെയല്ല. ഞാന്‍ പഠിപ്പിക്കുന്നത് പതിനഞ്ച് വയസുള്ള കുട്ടികളെയാണ്. എങ്കിലും പഠിപ്പിക്കുമ്പോള്‍ ഫെമിനിസത്തെയും മറ്റ് പുരോഗമനാശയങ്ങളെയും പറ്റി പറഞ്ഞു പോകേണ്ടതുണ്ട്.

അംബേദ്കറെയും പെരിയോറിനെയുമെല്ലാം പറ്റി ചില കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുക്കാറുണ്ട്. രണ്ട് വര്‍ഷം മുമ്പ് പത്താം ക്ലാസില്‍ അംബേദ്കറിനെക്കുറിച്ചുള്ള ഒരു പാഠം വന്നിട്ടുണ്ടായിരുന്നു.

അംബേദ്കറെപ്പറ്റി ഒരു പാഠം ഒരു ദളിത് ടീച്ചര്‍ പഠിപ്പിക്കുന്നതിലും ദളിത് ഇതര ടീച്ചര്‍ പഠിപ്പിക്കുന്നതിലും ചില വ്യത്യാസങ്ങളുണ്ട്.

അധ്യാപകരാണ് എന്നതു കൊണ്ട് എല്ലാവരും പുരോഗമനവാദകളായിരിക്കുമെന്ന് പറയാന്‍ കഴിയില്ലല്ലോ. അവരും സമൂഹത്തിന്റെ പൊതുബോധത്തിന്റെ പിടിയിലായിരിക്കാനുള്ള സാധ്യതയുണ്ട്.

ആദ്യമായി അധ്യാപികയായി  ജോയിന്‍ ചെയ്ത സ്‌കൂളില്‍ എനിക്ക് ജാതി വിവേചനം നേരിട്ടിട്ടുണ്ട്. ഒരിക്കല്‍ എന്റെ സഹോദരങ്ങളെ പഠിപ്പിച്ചിരുന്ന ഒരു അദ്ധ്യാപിക ആ സ്‌കൂളില്‍ വന്നു. എന്നെ അവര്‍ പഠിപ്പിച്ചിട്ടില്ല. അതു കൊണ്ട് തന്നെ എന്നെ അറിയില്ലായിരുന്നു. പക്ഷേ എന്റെ സഹോദരങ്ങളുടെ പേര് പറഞ്ഞപ്പോള്‍ അവര്‍ക്ക് മനസിലായി. എന്റെ അണ്ണനും അക്കയും നല്ലതു പോലെ പഠിക്കുമായിരുന്നു എന്നും ഹരിജന്‍ ആയിരുന്നെങ്കിലും നല്ല വസ്ത്രം ധരിച്ച് വരുമായിരുന്നു എന്നും ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ സ്‌കൂളിലെ സീനിയര്‍ ടീച്ചറിനോട് അവര്‍ പറഞ്ഞു.

അതെനിക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കി. എനിക്ക് കരച്ചില്‍ വന്നു. ദളിത് മനുഷ്യര്‍ നല്ല വസ്ത്രം ധരിക്കാത്തവരും വൃത്തിയില്ലാത്തവരും പഠിക്കാത്തവരുമാണെന്ന പൊതുബോധത്തില്‍ നിന്നാണ് ആ സംസാരം ഉണ്ടായി വരുന്നത്. ഇവരെപ്പോലെയുള്ള അദ്ധ്യാപകര്‍ ഏത് തരത്തിലുള്ള പൗരന്മാരെയാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത് എന്നതായിരുന്നു എന്റെ ആലോചന.

ഇപ്പോഴും ഞാന്‍ ചേരിയിലാണ് ജീവിക്കുന്നത്. പഠിച്ച് കഴിഞ്ഞ് നഗരങ്ങളിലേക്ക് പോയി എന്റെ സ്വത്വം വെളിപ്പെടുത്താതെ വേണമെങ്കില്‍ ജീവിക്കാം. പക്ഷേ അതിന്റെ ആവശ്യമില്ല. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ചേരിയില്‍ തന്നെ താമസിക്കുന്നത്. ഒന്നാമതായി എനിക്ക് പിന്നാലെ വരുന്ന ദളിത് മനുഷ്യരെ ബോധ്യപ്പെടുത്തണം ഞാന്‍ ഇവിടെത്തന്നെയുണ്ടെന്ന്. മറ്റൊന്ന് ജാതി സമൂഹത്തിന്റെ യഥാര്‍ഥ മുഖത്തെ വെളിപ്പെടുത്തുക എന്നതാണ്. ഊരില്‍ (സവര്‍ണ ജാതിക്കാര്‍ താമസിക്കുന്ന സ്ഥലം) പോയി എനിക്ക് ഒരു തുണ്ട് ഭൂമി വാങ്ങാന്‍ കഴിയില്ല. ഒരു മുറി വാടകക്കെടുത്ത് കട നടത്താന്‍ കഴിയില്ല. എത്ര പഠിച്ചാലും, ജോലി നേടിയാലും നീ ഇവിടെ മാത്രമാണ് ജീവിക്കേണ്ടത് എന്ന് പറയുന്ന ഒരു ഭയങ്കരമായ ജാതി ബോധമുണ്ട്. അതിനെ അഡ്രസ് ചെയ്യാന്‍ കൂടി വേണ്ടിയാണ് ഞാന്‍ ചേരിയില്‍ തന്നെ എന്റെ ജീവിതം തുടരുന്നത്.

അവസാനിച്ചു…

content highlights: Tamil Dalit feminist poet Sukirta Rani interview part 2

വിഷ്ണു ശോഭന

We use cookies to give you the best possible experience. Learn more