| Tuesday, 2nd March 2021, 3:21 pm

ബാബരി മസ്ജിദ് തകര്‍ത്തത് ഉപതെരഞ്ഞെടുപ്പിന് കാരണമായ ഗുരുവായൂര്‍; ഇരു മുന്നണികളോടും പോരാടിയ മഅ്ദനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സവിശേഷവും ശ്രദ്ധേയവുമായ രാഷ്ട്രീസാഹചര്യങ്ങളില്‍ നടന്ന ഏതാനും ഉപതെരഞ്ഞെടുപ്പുകള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളും വഴിത്തിരിവുകളും സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തില്‍ കേരളം ഉറ്റുനോക്കിയ ഒരു ഉപതെരഞ്ഞെടുപ്പായിരുന്നു 1994ല്‍ ഗുരുവായൂരില്‍ നടന്നത്. ഭരണ പ്രതിപക്ഷ കക്ഷികള്‍ കൈ മെയ് മറന്ന് പരിശ്രമിക്കുകയും മാധ്യമങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്ത ഉപതെരഞ്ഞെടുപ്പുകളിലൊന്ന് കൂടിയായിരുന്നു ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ്. കാല്‍ നൂറ്റാണ്ടിലധികം മുസ്‌ലിം ലീഗിന്റെ കോട്ടയായിരുന്ന ഗുരുവായൂരില്‍ അന്ന് യു.ഡി.എഫും എല്‍.ഡി.എഫും പോരാട്ടത്തിനിറങ്ങിയപ്പോള്‍ മൂന്നാം കക്ഷിയായി അബ്ദുന്നാസര്‍ മഅ്ദനിയുടെ പി.ഡി.പിയും കളത്തിലിറങ്ങി.

1992 ഡിസംബര്‍ 6ന് സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം കേരളത്തില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഗുരുവായൂരിലേത്. ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ടായ കാരണവും ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ടതായിരുന്നു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളോ നിയമപടികളോ സ്വീകരിക്കാതെ, കര്‍സേവകര്‍ക്കും സംഘപരിവാര്‍ നേതൃത്വത്തിനും അനുകൂലമായ അന്തരീക്ഷമൊരുക്കിക്കൊടുത്ത അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഉള്‍പ്പെടെയുള്ളവരുടെ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മുന്നണി വിടണമെന്ന് മുസ്‌ലിം ലീഗിനുള്ളില്‍ ആവശ്യമുയര്‍ന്നു.

ലീഗിന്റെ അന്നത്തെ സംസ്ഥാന നേതൃത്വം അതിന് തയ്യാറാകാതിരുന്നതോടെ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റും ഉന്നത നേതാവുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാര്‍ട്ടി വിട്ട് പുറത്തു പോവുകയും ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഐ.എന്‍.എല്‍) എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെ്തു. അന്ന് ഗുരുവായൂര്‍ എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി.എം. അബൂബക്കര്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിനോടൊപ്പം മുസ്ലിം ലീഗ് വിട്ട് ഐ.എന്‍.എലിനൊപ്പം ചേരുകയും എം.എല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്തു.

ഇബ്രാഹിം സുലൈമാന്‍ സേട്ട്

ഇതിനെത്തുടര്‍ന്നാണ് 1994ല്‍ ഗുരുവായൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നത്. ദീര്‍ഘകാലമായി മുസ്ലിം ലീഗിന്റെ കുത്തകയായിരുന്ന ഗുരുവായൂര്‍ മണ്ഡലം ലീഗില്‍ സംഭവിച്ചിരിക്കുന്ന പിളര്‍പ്പിന്റെ സാഹചര്യത്തില്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന നിരീക്ഷണത്തില്‍ ഇടതുപക്ഷം തയ്യാറെടുപ്പുകള്‍ നടത്തി. ലീഗില്‍ നിന്നും പിളര്‍ന്നുവന്ന ഐ.എന്‍.എല്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു.

മുസ്ലിം ലീഗിനെ സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പ് അവരുടെ ഏറ്റവും വലിയ അഭിമാന പ്രശ്‌നമായതിനാല്‍ ഏത് വിധേനയും വിജയിക്കേണ്ടത് അവര്‍ക്കാവശ്യമായിരുന്നു. മുസ്ലിം ജനസംഖ്യ ഏറെ കൂടുതലുള്ള മണ്ഡലമായതിനാല്‍ മുസ്ലിങ്ങള്‍ക്കിടയില്‍ അന്ന് വളരെ സ്വീകാര്യനായിരുന്ന മതപ്രഭാഷകനും വാഗ്മിയുമായ എം.പി. അബ്ദുസ്സമദ് സമദാനിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു.

എം.പി. അബ്ദുസ്സമദ് സമദാനി

സമദാനിയോടെതിരിടാന്‍ ശക്തനായ എതിരാളിയെ കണ്ടെത്താന്‍ തുടക്കത്തില്‍ പരാജയപ്പെട്ട സി.പി.ഐ.എം ചലച്ചിത്ര സംവിധായകനും ഇടത് സഹയാത്രികനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെയും പരോക്ഷമായ പിന്തുണ ഇടതുമുന്നണിക്ക് ലഭിച്ചു.

ഇരുമുന്നണികളും ബി.ജെ.പി.യും കൂടാതെ അബ്ദുന്നാസര്‍ മഅ്ദനിയുടെ പി.ഡി.പിയും മത്സരത്തിനായി രംഗത്ത് വന്നു. പന്തളം അബ്ദുല്‍ മജീദ് ആയിരുന്നു പി.ഡി.പിയുടെ സ്ഥാനാര്‍ത്ഥി. ന്യൂനപക്ഷ ദളിത് മുന്നേറ്റ രാഷ്ട്രീയം മുന്നോട്ടുവെച്ചുകൊണ്ട് പി.ഡി.പി രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം അടയാളപ്പെടുത്തുന്നതിനായുള്ള സര്‍വ തന്ത്രങ്ങളും പി.ഡി.പി പയറ്റി.

പി.ഡി.പി നേടുന്ന വോട്ടുകള്‍ക്കനുസരിച്ചായിരിക്കും മുന്നണികളുടെ ജയപരാജയം എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇരു മുന്നണികള്‍ക്കും പി.ഡി.പിയ്ക്കും ഇടയിലുള്ള വാശിയേറിയ മത്സരവേദിയായി ഗുരുവായൂരിനെ രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തി. മഅ്ദനിയെ സംബന്ധിച്ച് അന്ന് കേരള രാഷ്ട്രീയത്തില്‍ തന്റെ സ്വാധീനമറിയിക്കുന്നതിനുള്ള അവസരം കൂടിയായിരുന്നു അത്.

അബ്ദുന്നാസര്‍ മഅ്ദനി

അവസാന നിമിഷം വരെ നാടകീയത നിറഞ്ഞതായിരുന്നു ഗുരുവായൂരിലെ വോട്ടെണ്ണല്‍. 27 വര്‍ഷത്തിന് ശേഷം ഗുരുവായൂരില്‍ മൂസ്ലിം ലീഗിനെ പരാജയപ്പെടുത്തി ഇടതുമുന്നണി വിജയിച്ചു. പി.ടി കുഞ്ഞുമഹമ്മദ് 32560 വോട്ട് നേടിയപ്പോള്‍ സമദാനി 30508 വോട്ടും പി.ഡി.പി 14384 വോട്ടും നേടി. ബി.ജെ.പി നേടിയത് 11305 വോട്ടായിരുന്നു. 2052 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നെങ്കിലും ഇടതുമുന്നണിയെ സംബന്ധിച്ച് അത് ചരിത്രവിജയമായിരുന്നു.

ഒരു വര്‍ഷം മുമ്പ് മാത്രം രൂപീകരിക്കപ്പെട്ട പി.ഡി.പി ബി.ജെ.പിയേക്കാള്‍ കൂടുതല്‍ വോട്ട് നേടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1995ല്‍ നടന്ന തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എ.കെ ആന്റണിയും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി ഡോ. എന്‍.എ. കരീമും മത്സരിച്ചപ്പോഴും 15613 വോട്ടുകള്‍ നേടി പി.ഡി.പി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

1994ലെ ഉപതെരഞ്ഞെടുപ്പിലെ വിജയത്തോടുകൂടി ഗുരുവായൂര്‍ മണ്ഡലം പിടിച്ചെടുത്ത എല്‍.ഡി.എഫ് 1996ലെ തെരഞ്ഞെടുപ്പിലും വിജയം നിലനിര്‍ത്തി. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ആര്‍.പി. മൊയ്തുട്ടിയെ പരാജയപ്പെടുത്തി പി.ടി. കുഞ്ഞുമഹമ്മദ് തന്നെയാണ് വിജയിച്ചത്. തുടര്‍ന്ന് 2001 ലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.ടി. കുഞ്ഞുമുഹമ്മദ് മത്സരിച്ചെങ്കിലും ലീഗ് സ്ഥാനാര്‍ത്ഥിയായ പി.കെ.കെ. ബാവയോട് പരാജയപ്പെട്ടു.

ശേഷം 2006ല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ സി.എച്ച് റഷീദിനോട് മത്സരിച്ച് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി കെ.വി. അബ്ദുല്‍ഖാദര്‍ മണ്ഡലം തിരികെ പിടിച്ചു. തുടര്‍ന്ന് 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളിലും കെ.വി. അബ്ദുല്‍ഖാദറിലൂടെ തന്നെ മണ്ഡലം ഇടതുപക്ഷം നിലനിര്‍ത്തി.

Content Highlights: 1994 Guruvayur bypoll – P.T. Kunju Muhammed and Abdussamad Samadani Contested

We use cookies to give you the best possible experience. Learn more