| Thursday, 25th April 2019, 7:13 pm

1993 മുംബൈ സ്ഫോടന കേസ് പ്രതി അബ്‌ദുൾ ഗാനി തുർക്ക് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂർ: 1993ലെ മുംബൈ സ്ഫോടന കേസ് പ്രതി അബ്‌ദുൾ ഗാനി തുർക്ക് മരണപെട്ടു. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ചയോടെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ വിലയിരുത്തുന്നത്. എങ്കിലും ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ശിക്ഷ ലഭിച്ച ശേഷം ഏറെ നാളുകളായി നാഗ്പൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്നു അബ്‌ദുൾ തുർക്ക്.

1996ലാണ് തെക്കൻ മുംബൈയിലെ സെഞ്ചുറി ബസാറിൽ അബ്‌ദുൾ തുർക്ക് ബോംബ് വെച്ചുവെന്നും സ്ഫോടനം നടത്തിയെന്നും ടാഡാ കോടതി കണ്ടെത്തുന്നത്. വാഹനങ്ങളിൽ സ്ഫോടകവസ്തുവായ ആർ.ഡി.എക്സ്. ഘടിപ്പിച്ചതിനും, ബോംബുകളും മറ്റ് ആയുധങ്ങളും വാഹനങ്ങൾ വഴി അബ്‌ദുൾ ഗാനി തുർക്ക് എത്തിച്ച് കൊടുത്തതായും കോടതി കണ്ടെത്തിയിരുന്നു. ഈ കുറ്റങ്ങൾ അബ്‌ദുൾ തുർക്ക് കോടതിയിൽ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് മൊഴി മാറ്റുകയുണ്ടായി.113 പേരാണ് സെഞ്ചുറി ബസാറിലെ സ്‌ഫോടനത്തിൽ മാത്രം കൊല്ലപ്പെട്ടത്.

സെഞ്ചുറി ബസാറിന് പുറമെ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, കത്താ ബസാർ, സേന ഭാവനടുത്തുള്ള ലക്കി പെട്രോൾ പമ്പ്, മാഹിം കോസ്വേയ്ക്കടുത്തുള്ള ഫിഷർമാൻസ് കോളനി, എയർ ഇന്ത്യ കെട്ടിടം, സാവേരി ബസാർ, ഹോട്ടൽ സീ റോക്ക്, പ്ലാസാ തീയറ്റർ, ജുഹുവിലും എയർപോർട്ടിലുമുള്ള സെന്റോർ ഹോട്ടലുകൾ, സഹാർ എയർപോർട്ട് എന്നിവിടങ്ങളിലും സ്‌ഫോടനങ്ങൾ നടന്നിരുന്നു.

We use cookies to give you the best possible experience. Learn more