തിരുവനന്തപുരം: 1991ലെ ശബരിമല വിധി നിയമപരമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ജഡ്ജി ബോധപൂര്‍വ്വമായി ഉത്തരവിടുകയായിരുന്നു. കേരള ഹൈക്കോടതി ചെയ്ത തെറ്റായ കാര്യം ഇപ്പോള്‍ സുപ്രീംകോടതി തിരുത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യാഥാസ്ഥിതിക മൂല്യങ്ങളുമായി സന്ധിചെയ്ത് അവരെ ഒന്നിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ കേരളത്തിലുണ്ട്. അത് കണ്ട് നാം വേവലാതിപ്പെടേണ്ട കാര്യമില്ല, സമൂഹം അവര്‍ക്കൊപ്പമല്ല. ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതി മേധാവിത്വം ഉളളവരാണ്. അവര്‍ ഇറങ്ങിയപ്പോള്‍ ആദ്യം വിധിയെ അനുകൂലിച്ചവര്‍ക്ക് പോലും പൊളളിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളസമൂഹത്തിന്റെ വലതുപക്ഷവല്‍ക്കരണം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
1991വരെ സ്ത്രീകള്‍ കയറുന്നതില്‍ പ്രശ്‌നമില്ലായിരുന്നു. മാസാദ്യ പൂജയ്‌ക്കൊക്കെ സ്ത്രീകള്‍ നേരത്തെ ശബരിമലയില്‍ എത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളോടൊപ്പം സ്ത്രീകള്‍ ശബരിമലയില്‍ പോയി തിരിച്ചു വന്നിട്ടുണ്ട്. ഇതിനെതിരെ 1991 ല്‍ ഒരു ജഡ്ജി ഉത്തരവിട്ടത് ബോധപൂര്‍വ്വമാണ്. ഒരു ജഡ്ജി ഇരുന്നാല്‍ വിധി പറയാന്‍ കഴിയാത്തതിനാല്‍ ആ ജഡ്ജി പോയ ശേഷമാണ് അന്നത്തെ വിധി ഉണ്ടായത്. അത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഇപ്പോള്‍ വ്യക്തമാക്കിയല്ലോ. കേരള ഹൈക്കോടതി ചെയ്ത തെറ്റായ കാര്യം ഇപ്പോള്‍ സുപ്രീംകോടതി തിരുത്തിയിരിക്കുകയാണ്. 1991 മുതല്‍ 2006 വരെ നിലനിന്ന ഒരു കാര്യം നാടിന്റെയാകെ ആചാരമായി മാറുമോ ?
സുപ്രീംകോടതിയുടെ മേക്കിട്ട് കയറാന്‍ കഴിയാത്തത് കൊണ്ട് വിശ്വാസത്തിനെതിരായ കാര്യമാണെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചരണമാക്കുകയാണ് ചെയ്തത്. ശബരിമല സമരം വിജയിച്ചില്ലെന്ന് ബി.ജെ.പി തന്നെ സമ്മതിച്ചു. ശബരിമല സമരം തുടങ്ങിയത് ജാതിമേധാവിത്വമുള്ളവരാണ്. വിശ്വാസികളെ ഒന്നിപ്പിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടു.
നമ്മുടെ സമൂഹത്തില്‍ വിശ്വാസികളാണ് ഭൂരിപക്ഷം. വിശ്വാസികള്‍ക്കെതിരെ ആരും യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. സി.പി.ഐ.എമ്മിന്റെ മഹാഭൂരിപക്ഷം അണികളും വിശ്വാസികളാണ്. വിശ്വാസികള്‍ക്കെതിരായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. എല്ലാ വിശ്വാസികള്‍ക്കും പ്രവര്‍ത്തന സ്വതന്ത്യം വേണമെന്ന നിലയില്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. വിശ്വാസികളെ അണിനിരത്താനുള്ള നീക്കം വിശ്വാസികള്‍ തന്നെ തിരിച്ചറിഞ്ഞു.
സ്ത്രീക്കെതിരെയുള്ള നീക്കം സമൂഹത്തില്‍ പഴയ കാലങ്ങളിലുണ്ടായിരുന്നു. ആ സമൂഹം വലിയ തോതില്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. അവര്‍ണ്ണ-സവര്‍ണ്ണ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് വിവേചനം നേരിട്ടുണ്ട്. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയനുസരിച്ച് ഏറ്റവും വലിയ വിഭാഗമായി പറയുന്ന ബ്രാഹ്മണര്‍ക്കിടയിലാണ് സ്ത്രീകള്‍ക്ക് ഏറ്റവുമധികം പീഡനമനുഭവിക്കേണ്ടി വന്നത്. കേരളത്തിലടക്കം ഭരണാധികാരികളെന്ന നിലയ്ക്ക് പുരുഷനോടൊപ്പം തന്നെ സ്ത്രീകളും കടന്നുവന്നു. ഇതൊക്കെ നമുക്കിവിടെ നേടാന്‍ കഴിഞ്ഞ കരുത്തിന്റെ ഭാഗമായി വന്നതാണ്. അങ്ങനെയുള്ള സ്ത്രീയെയാണ് അശുദ്ധയാണ് എന്ന് പറഞ്ഞു കൊണ്ട് മാറ്റി നിര്‍ത്താന്‍ നോക്കുന്നത്. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണിത്.
സ്ത്രീ-പുരുഷ സമത്വം അംഗീകരിക്കാത്ത വിഭാഗമാണ് ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. സമൂഹത്തില്‍ വലിയ തോതിലുള്ള യാഥാസ്ഥിതിക ഇടപെടലുകള്‍ വരുന്നുവെന്നത് തിരിച്ചറിയാണം. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. യാഥാസ്ഥിതിക മൂല്യങ്ങളുമായി സന്ധിചെയ്ത് അവരെ ഒന്നിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ കേരളത്തിലുണ്ട്. അത് കണ്ട് നാം വേവലാതിപ്പെടേണ്ട കാര്യമില്ല, സമൂഹം അവര്‍ക്കൊപ്പമല്ല. മുഖ്യമന്ത്രി പറഞ്ഞു.