ന്യൂദല്‍ഹി: 1991ല്‍ ഉത്തര്‍പ്രദേശിലെ പിലിഭിറ്റില്‍ തീവ്രവാദികളെന്നാരോപിച്ച് 10 സിഖ് തീര്‍ത്ഥാടകരെ വെടിവെച്ച് കൊന്ന കേസില്‍ 47 പോലീസുകാര്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷ. സി.ബി.ഐ പ്രത്യേക വിചാരണ കോടതി ജഡ്ജി ലല്ലു സിങാണ് ശിക്ഷ വിധിച്ചത്. കേസില്‍ മൊത്തം 57 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും 10 പ്രതികള്‍ വിചാരണയ്ക്കിടെ മരിച്ചു. ക്രൂരകൃത്യം നടന്ന് 25 വര്‍ഷത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിക്കുന്നത്.
1991 ജൂലെ 12ന് പിലിഭിറ്റിലൂടെ യാത്ര ചെയ്യുകയായിരുന്ന തീര്‍ത്ഥാടകരുടെ ബസ് തടഞ്ഞു നിര്‍ത്തി പത്തുപേരെ കസ്റ്റഡിയിലെടുത്ത പോലീസ് തീര്‍ത്ഥാടകരെ വെടിവെച്ചു കൊല്ലുകയായിരുന്നു. സമീപത്തുള്ള വനത്തില്‍ വെച്ചായിരുന്നു പോലീസ് ഇവരെ കൊലപ്പെടുത്തിയിരുന്നത്.
ഏറ്റുമുട്ടലിലൂടെ തീവ്രവാദികളെ വധിച്ചെന്നും വന്‍ ആയുധശേഖരം പിടിച്ചെടുത്തുമെന്നാണ് പോലീസ് പിന്നീട് പ്രചരിപ്പിച്ചത്. പോലീസിന്റെ നടപടിയില്‍ സംശയം തോന്നിയ സുപ്രീം കോടതി അഭിഭാഷകന്‍ ആര്‍എസ് സോധി നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.