| Wednesday, 10th April 2013, 4:47 pm

സിഖ് കൂട്ടക്കൊല: ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ തുടരന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 1984 ലെ സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എം.പി ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ  തുടരന്വേഷണം  നടത്തണമെന്ന് ദല്‍ഹി കോടതി.

2007 ല്‍ സുപ്രീം കോടതി ടെറ്റ്‌ലര്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ്  കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.[]

സിഖ് കൂട്ടക്കൊലയില്‍ ജഗദീഷ് ടൈറ്റ്‌ലറുടെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജിയിലാണ് കോടതി വിധി. ടൈറ്റലരുടെ നേതൃത്വത്തിലാണ് കലാപം നടന്നതെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.

1984 നവംബറില്‍ നടന്ന പുല്‍ബന്‍ഗാശ്-ഗുര്‍ദ്ധ്വാര കൊലപാതകങ്ങളില്‍ ജഗദീഷ് ടൈറ്റ്‌ലര്‍ക്കുള്ള പങ്ക് ഇല്ലാതാക്കാന്‍ സി.ബി.ഐ  മനപ്പൂര്‍വ്വം ശ്രമിച്ചെന്നും ഹരജിയില്‍ ആരോപിക്കുന്നു.

സംഭവസമയത്ത് ജഗദീഷ് ടൈറ്റ്‌ലര്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും ഹരജി തള്ളണമെന്നുമുള്ള സി.ബി.ഐയുടെ ആവശ്യം കോടതി തള്ളി.

കേസില്‍ 2007 ലും 2009 ലും പുറത്ത് വന്ന സി.ബി.ഐ റിപ്പോര്‍ട്ടില്‍ ടൈറ്റ്‌ലര്‍ക്കെതിരെ യാതൊരു തെളിവുമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. റിപ്പോര്‍ട്ടിനെതിരെ കലാപത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയാണ് കോടതിയെ സമീപിച്ചത്.

ടൈറ്റ്‌ലറെ കൂടാതെ മുന്‍ കോണ്‍ഗ്രസ് എം.പി സജ്ജന്‍ കുമാറും കേസില്‍ വിചാരണ നേരിടുന്നുണ്ട്.

29 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1984 ഒക്ടോബര്‍ 31 നാണ് സിഖ് വംശജര്‍ക്കെതിരെ കലാപം നടന്നത്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന്റെ പ്രതികാരനടപടിയായിരുന്നു സിഖുകാര്‍ക്കെതിരെയുള്ള അക്രമം.

കലാപത്തില്‍ 8000 സിഖ് വംശജരാണ് കൊല്ലപ്പെട്ടത്. ദല്‍ഹിയില്‍ മാത്രം 3000 ഓളം പേര്‍ കൊല്ലപ്പെട്ടു.

We use cookies to give you the best possible experience. Learn more