ന്യൂദല്‍ഹി: 1984ലെ സിഖ് കൂട്ടക്കൊല കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന്റെ ജാമ്യ ഹരജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹരജി തള്ളിയത്.
ഇതൊരു സാധാരണ കേസല്ലെന്നും സജ്ജന്‍ കുമാറിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
‘ഇത് ചെറിയ കേസല്ല. നിങ്ങള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ല’, ചീഫ് ജസ്റ്റിസ് പറഞ്ഞു.
സജ്ജന്‍ കുമാര്‍ പ്രതിയായ കേസില്‍ സമര്‍പ്പിച്ചിട്ടുള്ള അപ്പീല്‍ സുപ്രിംകോടതി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷം പരിഗണിക്കാനിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സജ്ജന്‍ കുമാറിന് അടിയന്തിര ചികില്‍സ ആവശ്യമില്ലെന്ന മെഡിക്കല്‍ റിപോര്‍ട്ടും കോടതി പരിഗണിച്ചു.
സജ്ജന്‍ കുമാറിന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം രോഗബാധിതനാണെന്നും അടിയന്തിര ചികില്‍സ ആവശ്യമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിങ്ങ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായി. 2018 ഡിസംബര്‍ മുതല്‍ സജ്ജന്‍ കുമാര്‍ ജയിലിലാണ്.
1984 ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സിഖുകാരെ കൂട്ടക്കൊല ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം കൊടുത്ത ഈ കലാപത്തില്‍ അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തുന്നതിന് സജ്ജന്‍ കുമാര്‍ നേതൃത്വം നല്‍കിയെന്നാണ് ആരോപണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ