|

125 കോടി നൽകിയ ബി.സി.സി.ഐ എന്തുകൊണ്ട് ഞങ്ങൾക്ക് പണം നൽകുന്നില്ല: ആവശ്യവുമായി 1983 ലോകകപ്പ് ടീമംഗം

സ്പോര്‍ട്സ് ഡെസ്‌ക്

രാജ്യം മുഴുവന്‍ ഇപ്പോള്‍ രണ്ടാം ടി-20 കിരീടം നേടിയതിന്റെ ആഘോഷത്തിലാണ്. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായത്. 2007ന് ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ടി-20 കിരീടത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് രോഹിത് ശര്‍മയും സംഘവും ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയത്. ഈ ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ കിരീടം ചൂടിയത്.

ഈ ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് 125 കോടി രൂപയാണ് ബി.സി.സി.ഐ നല്‍കിയത്. മുംബൈയില്‍ നടന്ന ലോകകപ്പ് വിജയത്തിന്റെ സ്വീകരണ ചടങ്ങിലാണ് ക്രിക്കറ്റ് ബോര്‍ഡ് ഈ തുക ഇന്ത്യന്‍ ടീമിന് കൈമാറിയത്. ഇതോടെ സ്‌ക്വാഡിലുള്ള 15 താരങ്ങള്‍ക്കും അഞ്ച് കോടി രൂപയാണ് ലഭിക്കുക. റിസര്‍വ് ടീമില്‍ ഉണ്ടായിരുന്ന താരങ്ങള്‍ക്ക് ഓരോ കോടി രൂപയും ലഭിക്കും.

ഈ സാഹചര്യത്തില്‍ 1983ല്‍ ആദ്യ കിരീടം നേടിയ ഇന്ത്യന്‍ ടീമിന് ലഭിച്ച പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നിരിക്കുകയാണ്. 1983ല്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി കൊണ്ടാണ് കപില്‍ദേവിന്റെ കീഴില്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുന്നത്.

എന്നാല്‍ ഈ ലോകകപ്പ് വിജയത്തിനുശേഷം ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ പ്രതിഫലം നല്‍കിയിരുന്നില്ല. ഇപ്പോള്‍ ഇതിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചിരിക്കുകയാണ് 1983 ലോകകപ്പ് നേടിയ ടീമിലെ ഒരു അംഗം. ടീമംഗം ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

1983 ലോകകപ്പ് വിജയത്തിനു ശേഷമുള്ള ക്യാഷ് റിവാര്‍ഡിനായി ബി.സി.സി.ഐയെ സമീപിച്ചപ്പോള്‍ പണമില്ല എന്നാണ് ക്രിക്കറ്റ് ബോര്‍ഡ് മറുപടി നല്‍കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

‘125 കോടി വളരെ വലിയ തുകയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുണ്ട്. പക്ഷേ 1983 ലോകകപ്പ് വിജയത്തിനുശേഷം ഞങ്ങള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ നല്‍കിയിരുന്നില്ല. ആ സമയത്ത് ഞങ്ങള്‍ക്ക് പണമില്ല എന്നായിരുന്നു ബി.സി.സി.ഐ ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡിന് റിവാര്‍ഡുകള്‍ നല്‍കാന്‍ സാധിക്കും എന്താണ് അവരെ ഇപ്പോള്‍ തടസ്സപ്പെടുത്തുന്നത്. അന്ന് ലോകകപ്പ് വിജയിച്ച ടീമിലെ കുറച്ചു കളിക്കാര്‍ക്ക് മാത്രമേ ജോലി ലഭിച്ചിട്ടുള്ളൂ. ഇത് തീര്‍ച്ചയായും പരിശോധിക്കപ്പെടണം,’ 1983 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരു താരം ഐ.എ.എന്‍.എസിയോട് പറഞ്ഞു.

1983 കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് സാമ്പത്തികമായി മുന്നിട്ടുനിന്നിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ ബി.സി.സി.ഐയുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ലോക കിരീടം എത്തിച്ച കപിലിനും സംഘത്തിനും ക്യാഷ് റിവാര്‍ഡ് നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകുമോ എന്ന് കണ്ടു തന്നെ അറിയണം.

Content Highlight: 1983 World Cup winner Want Cash Reward to BCCI

Video Stories