| Sunday, 14th July 2019, 7:55 pm

കിവികള്‍ക്കു മുന്നില്‍ പ്രതീക്ഷയുമായി കപിലിന്റെ ചെകുത്താന്മാര്‍; 1983-ലെ ആ ഫൈനല്‍ ഇന്നും ഒരു റെക്കോഡാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ആദ്യമായി ലോകകപ്പ് ഉയര്‍ത്താമെന്ന സ്വപ്‌നവുമായാണ് ലോര്‍ഡ്‌സില്‍ ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്നിറങ്ങിയത്. എന്നാല്‍ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതില്‍ ഇംഗ്ലണ്ട് ഏറെക്കുറേ മുന്നില്‍നില്‍ക്കുകയാണ് എന്നതാണു വസ്തുത. 241 റണ്‍സ് മാത്രമാണ് കിവീസിന് ഇംഗ്ലീഷ് ബൗളിങ്ങിനെതിരെ നേടാനായത്.

ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ വരെ 241 റണ്‍സിന് താഴെ സ്‌കോര്‍ ചെയ്ത ഒരൊറ്റ ടീമേ കപ്പുയര്‍ത്തിയിട്ടുള്ളൂ. ആ റെക്കോഡ് മറികടക്കാന്‍ പിന്നീടിങ്ങോട്ടുവന്ന ആര്‍ക്കും സാധിച്ചിട്ടില്ല. അതാരാണെന്നും എവിടെവെച്ചാണെന്നും അറിയുമ്പോഴാണു കൗതുകം.

ആ ടീം ഇന്ത്യയാണ്, വെസ്റ്റ് ഇന്‍ഡീസിനെതിരെ. അതും 1983-ല്‍ ആദ്യമായി കപ്പുയര്‍ത്തിയപ്പോള്‍. അത് ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ മത്സരം നടക്കുന്നത് ഇംഗ്ലണ്ടില്‍ വെച്ചാണെന്നതും ആദ്യമായി കപ്പുയര്‍ത്താന്‍ കാത്തുനില്‍ക്കുകയാണ് കിവീസെന്നതും യാദൃശ്ചികം മാത്രം. എന്നാല്‍ ചരിത്രം ആവര്‍ത്തിക്കുമോ എന്നു മാത്രമാണ് അറിയേണ്ടത്. കപിലിന്റെ ചെകുത്താന്മാരാണ് ഇപ്പോള്‍ വില്യംസണിന്റെ കിവികള്‍ക്കു മുന്‍പിലുള്ള ആശ്വാസം.

1983 ജൂണ്‍ 25-നു നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അന്ന് 54.4 ഓവറില്‍ എടുക്കാന്‍ സാധിച്ചത് വെറും 183 റണ്‍സാണ്. അന്ന് 60 ഓവറിലായിരുന്നു കളി. 38 റണ്‍സെടുത്ത കൃഷ്ണാമചാരി ശ്രീകാന്ത് ആയിരുന്നു ടോപ്‌സ്‌കോറര്‍.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ഒരുഘട്ടത്തില്‍പ്പോലും വിജയപ്രതീതിയുണ്ടാക്കാനായില്ല. 52 ഓവറില്‍ 140 റണ്‍സിന് ടീം ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മൊഹീന്ദര്‍ അമര്‍നാഥ്, മദന്‍ ലാല്‍ എന്നിവരാണ് കരീബിയന്‍ പടയെ വീഴ്ത്തിയത്. വിവിയന്‍ റിച്ചാര്‍ഡ്‌സ്, ക്ലൈവ് ലോയ്ഡ് എന്നിവരടങ്ങുന്ന ടീമിനെയാണ് ഇന്ത്യ അന്നു കീഴടക്കിയത്. ക്യാപ്റ്റന്‍ കപില്‍ ദേവ് ഒരു വിക്കറ്റ് വീഴ്ത്തി. അമര്‍നാഥായിരുന്നു മാന്‍ ഓഫ് ദ മാച്ച്.

We use cookies to give you the best possible experience. Learn more