മുംബൈ: കേന്ദ്ര സര്‍ക്കാര്‍ ഗുസ്തി താരങ്ങളുടെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് 1983 ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങളുടെ കൂട്ടായ്മ. ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ചും താരങ്ങളെ പൊലീസും സര്‍ക്കാരും കൈകാര്യം ചെയ്യുന്ന രീതിയേയും വെറ്ററന്‍ ക്രിക്കറ്റ് താരങ്ങളുടെ കൂട്ടായ്മ അപലപിച്ചു.
1983ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള താരങ്ങളാണ് ഗുസ്തി ചാമ്പ്യന്മാരെ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചിരിക്കുന്നത്. ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലെറിയാന്‍ പോയ സംഭവവും, പാര്‍ലമെന്റ് മാര്‍ച്ചിനിടയില്‍ അവരെ പൊലീസ് കൈകാര്യം ചെയ്ത വിധവും തങ്ങളെ നിരാശരാക്കിയെന്നും മാനസികമായി തളര്‍ത്തിയെന്നും താരങ്ങള്‍ സംയുക്ത വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഗുസ്തി താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനം മാത്രമല്ലെന്നും അവരാണ് യഥാര്‍ത്ഥ സന്തോഷമെന്നും വെറ്ററന്‍ താരങ്ങള്‍ പറയുന്നു. രാജ്യത്തെ നിയമങ്ങള്‍ വിജയിക്കട്ടെയെന്നും അതുവരേക്കും ബുദ്ധിമോശമൊന്നും കാണിക്കാതിരിക്കാന്‍ താരങ്ങള്‍ക്ക് കഴിയട്ടെയെന്നും അവര്‍ പറയുന്നു.
വര്‍ഷങ്ങളുടെ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും ശ്രമഫലമായി ലഭിച്ച മെഡലുകള്‍ ഒഴുക്കികളയില്ലെന്ന് പ്രതീക്ഷിക്കുകയാണെന്നും മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഗുസ്തി താരങ്ങള്‍ അവരുടെ മെഡലുകള്‍ ഒഴുക്കി കളയാന്‍ തീരുമാനിച്ചത് ഹൃദയഭേദകമാണെന്ന് മുന്‍ ക്രിക്കറ്റ് താരം മദന്‍ ലാലും എ.എന്‍.ഐയോട് പറഞ്ഞു.
സുനില്‍ ഗവാസ്‌കര്‍, കൃഷ്ണമാചാരി ശ്രീകാന്ത്, മൊഹീന്ദര്‍ അമര്‍നാഥ്, യശ്പാല്‍ ശര്‍മ, സന്ദീപ് പാട്ടീല്‍, കപില്‍ ദേവ്, കീര്‍ത്തി ആസാദ്, റോജര്‍ ബിന്നി, മദന്‍ ലാല്‍, സയ്യിദ് കിര്‍മാണി, ബല്‍വീന്ദര്‍ സന്ധു എന്നിവരാണ് 1983 ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്നത്.
വീരേന്ദര്‍ സെവാഗ്, ഇര്‍ഫാന്‍ പത്താന്‍, റോബിന്‍ ഉത്തപ്പ എന്നിവരൊഴികെയുള്ള മറ്റ് ക്രിക്കറ്റ് താരങ്ങളൊന്നും ഗുസ്തി താരങ്ങളെ പിന്തുണച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിഷയത്തില്‍ മൗനം പാലിക്കുന്ന സച്ചിന്റെ മുംബൈയിലെ വസതിക്ക് മുന്നില്‍ മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.