| Friday, 7th April 2017, 6:38 pm

പഴയ വീഞ്ഞും പഴയ കുപ്പിയും; '1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ്' ഒരു മേജര്‍ രവി ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★☆☆☆


സംവിധാനം:മേജര്‍ രവി

തിരക്കഥ: മേജര്‍ രവി

                                                                                     നിര്‍മ്മാണം:ഹനീഫ് മുഹമ്മദ്


കണ്ടു കണ്ടു പ്രേക്ഷകര്‍ക്ക് മടുത്തെങ്കിലും എത്ര ചെയ്തിട്ടും മേജര്‍ രവി മടുക്കാത്തതാണ് പട്ടാളപ്പടം. അതിനു തല വെച്ചു കൊടുക്കാന്‍ യാതൊരു മടിയും കാണിക്കാതെ ഇത്തവണയും മോഹന്‍ലാല്‍ തയ്യാറായപ്പോഴാണ് 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്ന സിനിമയുമായി മേജര്‍ രവി വീണ്ടുമെത്തിയത്. മഹാദേവന്റെ കഥയ്ക്ക് പകരം ഇത്തവണ തെരഞ്ഞെടുത്തത് മഹാദേവന്റെ പിതാവ് സഹദേവനെയാണ്. ആരാണ് ഒരു ചെയ്ഞ്ച് ഇഷ്ടപ്പെടാത്തത്. അല്ലേ? ചരിത്രത്തിന്റെ പിന്‍ബലത്തോടെയാണ് സഹദേവന്റെ ധീരശൂര പരാക്രമങ്ങള്‍ മേജര്‍ രവി അവതരിപ്പിക്കുന്നത്.

സാധാരണയായി സഹതാരങ്ങളുടെ വാക്കുകളിലൂടെ മാത്രമേ മോഹന്‍ലാല്‍ കഥാപാത്രത്തെ ആദ്യ പതിനഞ്ചു മിനുറ്റുകളില്‍ കാണാന്‍ സാധിക്കാറുള്ളൂ. പക്ഷെ ഈ സിനിമയില്‍ തുടക്കത്തില്‍ തന്നെ മേജര്‍ മഹാദേവന്‍ കടന്നു വരുന്നു. വേദി തീവ്രവാദികളും യു.എന്‍ സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഇന്ത്യയുടെ പൊതുശത്രുവെന്ന് സ്റ്റാമ്പടിച്ചു നല്‍കിയ പാകിസ്ഥാന്‍ പട്ടാളക്കാരനെ തീവ്രവാദിയുടെ തോക്കില്‍ കുഴലില്‍ നിന്നും രക്ഷിച്ചു കൊണ്ടാണ് മഹാദേവന്റെ വരവ്. ഒരു പാകിസ്ഥാനിയെ ഇന്ത്യക്കാരന്‍ രക്ഷിക്കുമ്പോളുണരുന്ന അഭിമാനത്തിന്റെ നിമിഷമാണ് പിന്നെ.

ഇതിനായി ഇരു പട്ടാളക്കാരുടെയും തോളുകള്‍ തമ്മില്‍ കൂട്ടി മുട്ടുമ്പോള്‍ ഇന്ത്യയുടേയും പാകിസ്താന്റേയും പട്ടാള ചിഹ്നങ്ങള്‍ ഒരേ ഫ്രെയിമില്‍ കാണിക്കുന്നു. മനോഹരമായി ഷോട്ട് തന്നെയാണത്. രവിയുടെ തന്നെ മുന്‍ ചിത്രമായ പിക്കറ്റ് 43 അതേ പാതയാണ് ബിയോണ്ട് ദ ബോര്‍ഡേഴ്സിനും എന്ന് ആ സീനില്‍ തന്നെ സംവിധായകന്‍ പറഞ്ഞു തരുന്നു. യു.എന്‍ സേനയിലെ മഹാദേവന്‍ ക്ഷീണിച്ചിരിക്കുന്നു. കീര്‍ത്തിച്ചക്രയും കുരുക്ഷേത്രയും കാണ്ഡഹാറുമെല്ലാം കടന്നു വന്നതിന്റെ ക്ഷീണം അദ്ദേഹത്തിന്റെ ശരീര ഭാഷയിലുണ്ട്.

അവിടെ നിന്നും സിനിമ പോകുന്നത് 1971 ലേക്കാണ്. ഇന്ത്യ പാക് യുദ്ധത്തിലേക്ക്. ഇവിടെ നായകന്‍ സഹദേവനാണ്. യാഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളെ സഹദേവന്റെ ജീവിതത്തിലേക്ക് ആവിഷ്‌കരിക്കുകയാണ് മേജര്‍ രവി ചെയ്തിരിക്കുന്നത്. ചരിത്രമായിരുന്നിട്ടു കൂടിയും സഹദേവന്റെ ലൈഫ് മുന്‍ ചിത്രങ്ങളിലേതില്‍ നിന്നും യാതൊരു മാറ്റവുമില്ലെന്നു മാത്രമല്ല, സഞ്ചരിക്കുന്നതു ഒരുപാടു തവണ യാത്ര ചെയ്ത അതേ പാതയില്‍ കൂടി തന്നെയാണ്. ഒരു പട്ടാളക്കാരന്റെ ഫല്‍ഷ് ബാക്ക് ആകുമ്പോള്‍ അമ്പലവും ഉത്സവവും ആല്‍ത്തറയിലെ സൗഹൃദവും തുളസികതിര്‍ ചൂടിയ ഭാര്യയും പ്രൗഢമായൊരു തറവാടും വേണമെന്നാണല്ലോ വെപ്പ്. അതുകൊണ്ട് ആ കീഴ്വഴക്കത്തെ മേജര്‍ രവിയായിട്ടു തിരുത്തുന്നില്ല.

സിനിമയിലുടനീളം ദേശീയതയുടേയും മതേതരത്വത്തിന്റേയും പ്രമാണങ്ങളില്‍ ഊറ്റം കൊള്ളുന്നയാളാണ് സഹദേവന്‍. എന്നാല്‍ ഗ്രാമത്തില്‍ ഉത്സവത്തിനിടെ ഒരു താഴ്ന്ന ജാതിക്കാരനോട് സഹദേവന്‍ പറയുന്നത്. “താനൊക്കെ അമ്പലത്തില്‍ കയറാന്‍ തുടങ്ങിയിട്ട് അധികനാളൊന്നുമായില്ലെന്ന് ഓര്‍ക്കണം.” സന്ദര്‍ഭം മുസ്ലിം യുവാവിനെ അമ്പലമുറ്റത്ത് പ്രവേശിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ്. എന്തിനു എതിരെയാണോ സഹദേവന്‍ വാദിച്ചത് അതിന്റെ തന്ന പ്രതിരൂപമായാണ് സഹദേവന്‍ മാറുന്നത്. മേജര്‍ രവി സത്യസന്ധനാവുന്ന നിമിഷങ്ങള്‍.

സ്വാഭാവികമായും യുദ്ധമാണ് പിന്നീട്. പ്രേക്ഷകന്റെ കണക്കുകൂട്ടല്‍ തെറ്റിക്കാനൊന്നും മേജര്‍ രവി മുതിരുന്നില്ല. യുദ്ധമുഖത്ത് മഹാദേവന്റെ ശത്രുപക്ഷത്തെ നയിക്കുന്നത് മേജര്‍ അജ്മല്‍ റാജയാണ്. നേരത്തെ മഹാദേവന്‍ രക്ഷിച്ച പാകിസ്താന്‍ പട്ടാളക്കാരന്റെ പിതാവാണ് ഇദ്ദേഹം. വാട്ട് എ കോ ആക്സിഡന്റ്. പതിവുപോലെ ഈ പാകിസ്താന്‍ മേജര്‍ ക്രൂരനല്ല. മനുഷ്യസ്നേഹിയും ശത്രുവിനെ ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. വീണ്ടുമൊരു പിക്കറ്റ് 43 ഹാംഗ് ഓവര്‍. 1971 ഇന്ത്യ-പാക് യുദ്ധത്തില്‍ പാകിസ്താന്‍ സൈന്യത്തിന്റെ കമാന്‍ഡറായിരുന്ന ഷാബിര്‍ റാണ ഷരീഫിന്റെ പകര്‍പ്പാണ് അജ്മല്‍ റാണ. സിനിമയ്ക്കു വേണ്ടി സംവിധായകന്‍ ചിലമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു മാത്രം.

യുദ്ധ മുഖത്ത് ശത്രുവിനെ മാനിക്കുന്ന രാജയോട് സഹദേവനു ബഹുമാനമാണ്. തിരിച്ചും. അതിര്‍ത്തിയിലെ യുദ്ധത്തിന്റെ അലയൊലികളൊന്നും ചിത്രത്തിലെത്തുന്നില്ല. കൂടുതല്‍ സമയവും മഹാദേവനും സംഘവും വെറുതെ ഇരുന്നു കഥ പറയുന്നതാണ് കാണുന്നത്. രാത്രി യുദ്ധം ചെയ്യരുതെന്നു നിയമമുണ്ടോ ആവോ?.ഇന്ത്യന്‍ പട്ടാളക്കാരെ കണ്ടാല്‍ ഇവനെയൊക്കെ ആര് പട്ടാളത്തിലെടുത്തത് എന്നു ചോദിച്ചു പോകും. ചിത്രത്തിലെ ഇന്ത്യന്‍ പട്ടാളക്കാര്‍ കുടവയറുള്ള, പട്ടാളക്കാരന്റെ ശരീര ഭാഷ ലവലേശമില്ലാത്തവരാണ്. നമ്മുടെ നടന്മാര്‍ ഫിറ്റ്നസില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ചിത്രം മുഴുവന്‍ മോഹന്‍ലാലിന്റെ ദേശസ്നേഹം മുറ്റി നില്‍ക്കുന്ന ഡയലോഗുകളാണ്. ആവശ്യത്തിനും അനാവശ്യത്തിനും യാതൊരു ഓചിത്യവുമില്ലാതെ അയാള്‍ രാജ്യസ്നേഹത്തെ കുറിച്ചും പട്ടാളക്കാരന്റെ ത്യാഗത്തെ കുറിച്ചുമെല്ലാം പറയുന്നു. പുട്ടിനു പീരെ പോലെ ഹിന്ദു മുസ്ലിം ഐക്യത്തെ കുറിച്ചും.

സഹദേവനായും മകന്‍ മഹാദേവനായുമെത്തിയ മോഹന്‍ലാല്‍ നേരത്തെ പറഞ്ഞതു പോലെ ക്ഷീണിതനാണ്. എല്ലാ പ്രായത്തിലും രണ്ടു കഥാപാത്രങ്ങള്‍ക്കും ഒരേ ശരീര ഭാഷയാണ്. ഊര്‍ജം നഷ്ടമായ മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.

പ്രകടനം നോക്കുകയാണെങ്കില്‍ മുന്നില്‍ പാക് പട്ടാളക്കാരാണ്. പാക് കമാന്‍ഡറായെത്തിയ അരുണോദയ് സിംഗ് തന്റെ കഥാപാത്രത്തോട് നൂറു ശതമാനവും നീതി പുലര്‍ത്തി. ഒട്ടും എക്സാജറേറ്റഡായി തോന്നിയതേയില്ല. എന്നാല്‍ തെലുങ്കില്‍ നിന്നുമെത്തിയ അല്ലു സിരിഷ് വെറുതായായി പോയി. ഒരു പാട്ടിനും ഒടുവില്‍ ബലിയാടാകാനും വേണ്ടി മാത്രമായിരുന്നു ആ താരത്തിന്റെ വിധി. പ്രേക്ഷകന്റെ വികാരത്തെ സ്പര്‍ശിക്കുകയാണ് ഇത്തരം ബലിയാടുകളുടെ മുഖ്യ അവതരണോദ്ദേശം. എന്നാല്‍ സിരിഷിന് പ്രേക്ഷകനുമായി സംവദിക്കാന്‍ ഒരുപാട്ടില്‍ കവിഞ്ഞതൊന്നുമുണ്ടായിരുന്നില്ല. മറ്റാര്‍ക്കും യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എല്ലാം മോഹന്‍ലാലിന്റെ ചെരിഞ്ഞ തോളില്‍ വച്ചു കൊടുക്കുകയായിരുന്നു മേജര്‍.

താരതമ്യേനെ, ക്ലൈമാക്സിനു തൊട്ടുമുമ്പത്തെ യുദ്ധരംഗം നന്നായിരിക്കുന്നു. എന്നാല്‍ കഥാന്ത്യത്തില്‍ രാജയെ നിരായുധനായി തല്ലി തോല്‍പ്പിക്കുന്ന സഹദേവന്‍ പതിവു മോഹന്‍ലാല്‍ ഹീറോയിസത്തിന്റെ മറ്റൊരു മുഖം മാത്രമാണ്. ശേഷം രണ്ടു നേതാക്കന്മാരുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി രണ്ടായതാണ് ഇന്ത്യയും പാകിസ്താനുമെന്നു പറയുന്നിടത്ത് ഏത് ദേശീയതയെയാണോ സഹദേവന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത് അതിനെയൊക്കെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്.

ഗോപീ സുന്ദറിന്റെ മ്യൂസിക് ശരാശരിയിലും താഴോട്ട് പോയപ്പോള്‍ സുജിത് വാസുദേവിന്റെ ഛായാഗ്രഹണം മികവു പുലര്‍ത്തിയിട്ടുണ്ട്. സമീപ കാലത്തിറങ്ങിയ ഹോളിവുഡ് ചിത്രങ്ങളായ ഹാക്സോറിഡ്ജും ഫ്യൂരിയുമടക്കമുള്ള ചിത്രങ്ങളുടെ പല ഷോട്ടുകളും രംഗങ്ങളും ബിയോണ്ട് ദ ബോര്‍ഡേഴ്സിലും കണ്ടെന്നു തോന്നിയാല്‍ ആരും സംവിധായകനേയോ തിരക്കഥാകൃത്തിനേയോ കുറ്റം പറയരുത്. അത് സ്വാഭാവികം മാത്രമാണ്.
Final Verdict

ദേശീയതയും മോഹന്‍ലാല്‍ ആരാധനയും തലയ്ക്കു പിടിച്ചു നടക്കുന്ന മേജര്‍ രവിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം. മേജര്‍ രവിയുടെ ചിത്രങ്ങള്‍ കണ്ടുമടുത്തവര്‍ ചുമ്മാ കയറി കാശുകളയണ്ടേതില്ലാ…അല്ലാത്തവര്‍ക്ക് ധൈര്യം പരീക്ഷിക്കാം

We use cookies to give you the best possible experience. Learn more