തിരുവനന്തപുരം: കേരളത്തിലെ 17ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ഡിസംബര്‍ 7ന് തിരുവനന്തപുരത്ത് തിരിതെളിയും. വിവിധ വിഭാഗങ്ങളിലായി 197 ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുക. 8 ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള 14 ചിത്രങ്ങളാണ് സുവര്‍ണ്ണ ചകോരത്തിനായി മത്സരിക്കുക.[]
ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും മത്സരിക്കുക നാല് ചിത്രങ്ങളാണ്. നിതിന്‍ കക്കാറിന്റെ “ഫിലിമിസ്താന്‍”, കമലിന്റെ “ഐഡി”, ടി.വി ചന്ദ്രന്റെ “ഇന്‍ഹറിറ്റേഴ്‌സ് ഓഫ് ദി എര്‍ത്ത്”, ജോയ് മാത്യുവിന്റെ “ഷട്ടര്‍” എന്നീ ചിത്രങ്ങളാണവ.
ലോകസിനിമാ വിഭാഗത്തില്‍ പ്രശസ്ത സംവിധായകരുടെ 78 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഈ വിഭാഗത്തിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രം “18 ഡെയ്‌സ്” ആയിരിക്കും. ഈജിപ്തിലെ വിപ്ലവത്തെ അടിസ്ഥാനമാക്കി ഒമ്പത് സംവിധായകര്‍ ഒരുക്കിയ ചിത്രമാണ് “18 ഡെയ്‌സ്”.
മലയാളത്തിലെ അനശ്വരനടന്‍ സത്യന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് സത്യന്‍ അഭിനയിച്ച ഏഴ് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഭൂതകാല സംബന്ധിയായ വിഭാഗത്തില്‍ ഓസ്‌ട്രേലിയന്‍ സംവിധായകനായ പോള്‍ കോക്‌സിന്റെ അഞ്ച് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കപ്പെടും.
ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ ഋതുപര്‍ണ്ണ ഘോഷിന്റെ “ദി ക്രൗണിങ് വിഷ്”, അമിതാബ് ചക്രബര്‍ത്തിയുടെ “കോസ്മിക് സെക്‌സ്”, സുമിതാ ഭാവും സുനില്‍ സുക്തന്‍കറും ഒരുക്കിയ “ദി സ്‌ക്രിപ്റ്റ്”, ജാഹ്നു ബാരെയുടെ “വെയ്‌വ് ഓഫ് സൈലന്‍സ്”, എം. അധേഹ്യപ്രത രാജന്റെ “ദി ക്രിയര്‍”, സര്‍ഫറാസ് ആലത്തിന്റെ “ടിയേഴ്‌സ് ഓഫ് നന്ദിഗ്രാം”, കൗശിക് ഗാംഗുലിയുടെ “സൗണ്ട്” എന്നീ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
“ഇന്ത്യന്‍ റുപ്പി”, “എ ഡോക്യുമെന്ററി ഓഫ് സെപറേഷന്‍”, “ഈ അടുത്തകാലത്ത് “, “ചായില്യം”, “ആകാശത്തിന്റെ നിറം”, “ഇത്രമാത്രം”, “ഫ്രൈഡേ”, എന്നീ ചിത്രങ്ങള്‍ മലയാളസിനിമാ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കപ്പെടും.
തിലകന്‍ അപ്പച്ചന്‍, ടി. ദാമോദരന്‍, ജോസ് പ്രകാശ്, പത്മകുമാര്‍, അശോക് മേത്ത, ക്രിസ് മേക്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കപ്പെടും.