|

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ തോറ്റു; യു.പിയില്‍ പ്രധാനമന്ത്രിയുടെ പേരിലേക്ക് മാറ്റിയ സ്‌കൂളിന് വീണ്ടും ധീരജവാന്റെ പേര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രതിഷേധങ്ങൾക്ക് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ പുനർനാമകരണം ചെയ്ത സ്കൂളിന്റെ പേര് ധീരജവാൻ ഷഹീദ് അബ്ദുൽ ഹമീദിന്‍റെ പേരിലേക്ക് തന്നെ മാറ്റി.

ഫെബ്രുവരി 18 ചൊവ്വാഴ്ച ഉത്തർപ്രദേശിലെ ഗാസിപൂർ സ്കൂൾ അധികൃതർ 1965 ലെ യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച ധീര യോദ്ധാവ് വീർ ഹവിൽദാർ അബ്ദുൾ ഹമീദിന്റെ പേര് സർക്കാർ സ്കൂളിന്റെ പ്രവേശന കവാടത്തിൽ പുനഃസ്ഥാപിച്ചു.

‘വ്യാപകമായ പൊതുജന പ്രതിഷേധത്തിനും രാഷ്ട്രീയ പ്രതിഷേധത്തിനും പിന്നാലെ, ചൊവ്വാഴ്ച സ്കൂൾ അധികൃതർ സ്കൂളിന്റെ പേര് ഷഹീദ് വീർ അബ്ദുൾ ഹമീദ് പി.എം ശ്രീ കോമ്പോസിറ്റ് സ്കൂൾ, ധമുപൂർ, ജഖാനിയൻ, ഗാസിപൂർ ജില്ല എന്ന് പുനഃസ്ഥാപിച്ചു,’ രക്തസാക്ഷിയായ സൈനികന്റെ ചെറുമകൻ ജമീൽ അഹമ്മദ് സ്ഥിരീകരിച്ചു.

ധമുപൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി സ്കൂളിന്, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ വീർ അബ്ദുൾ ഹമീദിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പേര് വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ നൽകിയിരുന്നു. എന്നാൽ ഈ ആഴ്ച ആദ്യം ഗാസിപൂർ വിദ്യാഭ്യാസ ഭരണകൂടം സ്കൂളിന്റെ പേര് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേരിലേക്ക് പുനർനാമകരണം ചെയ്തു.

പി.എം ശ്രീ കോമ്പോസിറ്റ് വിദ്യാലയ ധമുപൂർ സ്കൂൾ എന്നതായിരുന്നു സ്കൂളിന് നൽകിയ പുതിയ നാമം. സംഭവത്തിൽ വ്യാപകമായ വിമർശനം ഉയർന്നു. യു.പിയിൽ യോഗി ആദിത്യനാഥ് അധികാരത്തിലേറിയതുമുതൽ തുടങ്ങിയ വർഗീയസ്വഭാവത്തോടെയുള്ള പേരുമാറ്റത്തിൻ്റെ ഏറ്റവും ഒടുവലത്തെ നടപടിയാണിത്.

1965ൽ പാകിസ്ഥാനോട് ഇന്ത്യ വിജയിച്ച യുദ്ധത്തിലെ രക്തസാക്ഷിയുടെ പേര് മാറ്റിയതിനെതിരേ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. ഇന്ത്യയ്ക്കുവേണ്ടി തൻ്റെ മുത്തച്ഛൻ നടത്തിയ പരമമായ ത്യാഗത്തിന്റെ സ്മരണയ്ക്കായാണ് സ്ക്‌കൂളിന് അദ്ദേഹത്തിന്റെ പേര് നൽകിയതെന്നും അബൽ ഹമീദിന്റെ കൊച്ചുമകൻ ജമീൽ ആലം പറഞ്ഞു. സ്‌കൂളിന്റെ പേര് ഏകപക്ഷീയമായി മാറ്റിയത് രക്തസാക്ഷിയെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജമീൽ ആലം ടെലിഫോൺ വഴി പ്രൈമറി വിദ്യാഭ്യാസ ഓഫിസർക്ക് (ബി.എസ്.എ) പരാതി നൽകുകയും ചെയ്തു.

അബ്ദുൽ ഹമീറിന്റെ പേര് സ്‌കൂൾ രേഖകളിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പേര് മാറ്റത്തെക്കുറിച്ചുള്ള വിവാദത്തോട് ബി.എസ്.എ ഗാസിപൂർ സെക്ഷൻ ഓഫിസർ ഹേമന്ത് റാവു പ്രതികരിച്ചത്. സ്‌കൂൾ നേരിട്ട് സന്ദർശിച്ച് ഇക്കാര്യം അന്വേഷിക്കുമെന്ന് റാവു ഉറപ്പുനൽകി.

1982ലാണ് അബ്ദുൽ ഹമീദിന്‍റെ പേര് സ്‌കൂൾ വളപ്പിൽ ആദ്യമായി എഴുതിയതെന്ന് രക്തസാക്ഷിയുടെ കൊച്ചുമകൻ ജമീൽ ആലം പറഞ്ഞു. തുടർന്ന് 2012ൽ സമാജ്‌വാദി പാർട്ടി അധികാരത്തിലിരുന്നപ്പോൾ അന്നത്തെ മന്ത്രിയായിരുന്ന ശിവ്‌പാൽ യാദവിന്‍റെ ഉത്തരവിനെ തുടർന്നാണ് സ്‌കൂളിന് ഔപചാരികമായി രക്തസാക്ഷിയുടെ പേര് നൽകിയത്.

യുദ്ധത്തിനിടെ പാകിസ്ഥാന്റെ മൂന്ന് പാറ്റൺ ടാങ്കുകളാണ് അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ തകർത്തത്. യു,എസ് നിർമിത പാറ്റൺ ടാങ്ക് തകർക്കാൻ കഴിയില്ലെന്ന അവകാശവാദം കൂടിയാണ് അബ്ദുൽ ഹമീദ് തകർത്തത്. അദ്ദേഹത്തിന്റെ ഭാര്യ റസൂലൻ ബീബിയാണ് മരണാനന്തര ബഹുമതി രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയത്.

Content Highlight: 1965 war hero Abdul Hamid’s name restored at UP school amid backlash

Video Stories