| Saturday, 23rd November 2019, 3:44 pm

ടൈക്കിയുടെ ആ നോട്ടത്തിന് 19 വര്‍ഷങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവായിലെ ഒരു സര്‍ക്കസ് കൂടാരത്തിലെ ടൈക് എന്നു പേരുള്ള ആന കൊല്ലപ്പെട്ടിട്ട് 19 വര്‍ഷമായി. 1994 ആഗസ്റ്റ് 20 നാണ് ടൈക്കിയെ സുരക്ഷാ സൈന്യം വെടിവെച്ചു കൊല്ലുന്നത്. കഴിഞ്ഞ ദിവസം മൃഗസ്‌നേഹികള്‍ ലോകമെമ്പാടും ടൈക്കിയുടെ മരണത്തിന്റെ ദുഖാചരണവും നടത്തിയിരുന്നു.

19 വര്‍ഷങ്ങള്‍ക്കിപ്പുറവും ടൈക്കി ലോക മനസാക്ഷിക്കേറ്റ ഒരു മുറിവായി നിലനില്‍ക്കുകയാണ്. കാരണം മദം പൊട്ടിയ, ആളുകളെ കൊന്ന ഒരാന മാത്രമായിരുന്നില്ല ടൈക്കി. വെടിയേറ്റു ചരിയുന്നതിനു മുമ്പ് എടുത്ത ഫോട്ടോയില്‍ വെടിവെച്ചവരെ തിരിഞ്ഞു നോക്കുന്ന ആ ആനയുടെ കണ്ണുകള്‍ ഇതുവരെയും ലോകം മറന്നിട്ടില്ല. ടൈക്കിയുടെ ആ കണ്ണുകള്‍ ഇന്നും ലോകമനസാക്ഷിയെ വിറങ്ങലിപ്പിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടിയായിരുന്ന കാലത്ത് സര്‍ക്കസ് കമ്പനിക്കാര്‍ പിടിച്ചുകൊണ്ടു പോയതാണ് ടൈക്കിയെ. സര്‍ക്കസ് കൂടാരത്തില്‍ ടൈക്കിക്ക് അനുഭവിക്കേണ്ടി വന്നത് കൊടിയ ക്രൂരതകളായിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ടൈക്കി ഇരയായി.

ഇതിനിടയില്‍ രണ്ടു വട്ടം ടൈക്കി സര്‍ക്കസ് കമ്പനിയില്‍ നിന്നും ചാടിപ്പോയി. എന്നാല്‍ സര്‍ക്കസ് ഉടമകള്‍ ടൈക്കിയെ തിരികെകൊണ്ടുവന്നു. മദം പൊട്ടിയ ഒരാനയായി മാത്രം ജനങ്ങള്‍ ടൈക്കിയെ കണ്ടു അതവിടെ അനുഭവിക്കുന്ന കൊടും ക്രൂരതകളെ പറ്റിആരും അറിഞ്ഞില്ല.

എന്നാല്‍ ഒരു വട്ടം മര്‍ദ്ദനം സഹിക്കവയ്യാതെ ടൈക്കി എന്ന ആനയുടെ നിയന്ത്രണം വിട്ടു. സര്‍ക്കസ് നടക്കുന്നതിനിടയില്‍ തന്നെ മര്‍ദ്ദിച്ച പരിശീലകനെ ടൈക്കി ചവിട്ടിയരച്ചു.

മറ്റു രണ്ടു പേരെ ആക്രമിച്ച് ടൈക്കി സര്‍ക്കസ് കൂടാരം വിട്ടു പാഞ്ഞു.
ജനങ്ങളെ പരിഭാന്ത്രരാക്കി ടൈക്കി റോഡില്‍ ഇറങ്ങി. സ്വാതന്ത്രം കിട്ടിയ ടൈക്കി റോഡിലൂടെ അലഞ്ഞു നടന്നു. കണ്ണില്‍ കണ്ട വാഹനങ്ങളെ തകര്‍ത്തെറിഞ്ഞു.
എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് ടൈക്കിക്കു നേരെ വെടിയുതിര്‍ത്തു. വെടിയേറ്റിട്ടും ടൈക്കി പരക്കം പാഞ്ഞു. 86 തവണയാണ് പൊലീസ് ടൈക്കിക്കു നേരെ വെടിയുതിര്‍ത്തത്. ഒടുവില്‍ രണ്ടു മണിക്കൂറിനു ശേഷം ആ ആന ചരിഞ്ഞു.വെടിവെപ്പിനിടയില്‍ എടുത്ത ടൈക്കിയുടെ ചിത്രത്തില്‍ ആ ആന മനുഷ്യര്‍ക്ക് നേരെ നോക്കുന്ന ഒരു നോട്ടുമുണ്ട്.
വെടിയുണ്ടയേറ്റ് ചോരയില്‍ കുളിച്ചു നില്‍ക്കെ ചുറ്റുമുള്ളവരെ നോക്കുന്ന ടൈക്കിയുടെ തുറിച്ച കണ്ണുകള്‍ 19 വര്‍ഷത്തിനിടയില്‍ താനനുഭവിച്ച കൊടിയ ക്രൂരതകള്‍ എന്തെന്ന് വ്യക്തമാക്കുന്നതായിരുന്നു. രക്ഷപ്പെട്ടെന്ന് കരുതിയടത്തു നിന്നും മരണത്തിലേക്കു നീങ്ങുന്നതിനിടയില്‍ നോക്കുന്ന ആ നോട്ടം ഒരു ജീവനോട് മനുഷ്യര്‍ ചെയ്തുവെച്ച ക്രൂരതകളുടെ അടയാളമായി ഇന്നും നിലനില്‍ക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ടൈക്കിയെ പോലെ ഒരുപാട് ആനകള്‍ ഒരു പക്ഷെ നമ്മുടെ നാട്ടിലുമുണ്ടാവാം. ഉത്സവപ്പറമ്പുകളില്‍ ആനച്ചന്തം കാണുന്നതിനിടയില്‍ നമ്മള്‍ കാണാതെ പോവുന്നത് ആനകള്‍ അനുഭവിക്കുന്ന ക്രൂരതകളാണ്.

We use cookies to give you the best possible experience. Learn more