ഒഡിഷ ട്രെയ്ന്‍ അപകടം; ബിഹാറിലെ 19 പേരെ കാണാനില്ലെന്ന് ദുരന്തനിവാരണ സേന
national news
ഒഡിഷ ട്രെയ്ന്‍ അപകടം; ബിഹാറിലെ 19 പേരെ കാണാനില്ലെന്ന് ദുരന്തനിവാരണ സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th June 2023, 5:03 pm

പട്‌ന: ഒഡിഷ ട്രെയ്ന്‍ അപകടത്തില്‍ 19 ബിഹാര്‍ സ്വദേശികളെ കാണാതായെന്ന് ദുരന്തനിവാരണ സേന. മധുബനി ജില്ലയിലെ നാല് പേര്‍, ദര്‍ബാങ്ങ, മുസഫര്‍പൂര്‍, ഈസ്റ്റ് ചെമ്പാരന്‍, സമസ്ത്പൂര്‍, സീതാമര്‍ഹി എന്നീ ജില്ലകളില്‍ നിന്ന് രണ്ട് പേര്‍, പട്‌ന, ഗയ, പുര്‍ണിയ, ശെയ്ഖ്പുര, സിവന്‍, ബെഗസാറൈ എന്നീ ജില്ലകളില്‍ നിന്ന് ഒരാള്‍ വീതവുമാണ് കാണാതായിട്ടുള്ളത്.

ബിഹാറിലെ 50 പേരെങ്കിലും അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്ന് ദുരന്ത നിവാരണ സേന കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ പറയുന്നു.

‘ബിഹാറിലെ വിവിധ ജില്ലകളില്‍ നിന്ന് 50 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 43 പേര്‍ക്ക് അപകടം പറ്റിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ബിഹാറിലെ 12 പേരുടെ ഡി.എന്‍.എയ്ക്ക് അജ്ഞാത മൃതശരീരവുമായി സാമ്യമുണ്ടായിരുന്നു. ട്രെയ്ന്‍ അപകടത്തില്‍ പരിക്കേറ്റ ബിഹാര്‍ സ്വദേശികളെ തിരികെ സംസ്ഥാനത്തേക്ക് അയക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ബസ് മാര്‍ഗം 88 യാത്രക്കാരെ ബിഹാറിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്,’ ദുരന്ത നിവാരണ സേന പറയുന്നു.

ദുരന്തനിവാരണ സേനയുടെ സഹായത്തോടെയാണ് നിലവില്‍ അപകടത്തില്‍ മരിച്ച അജ്ഞാത മൃതശരീരങ്ങളെ തിരിച്ചറിയുന്നത്. സംസ്ഥാനത്ത് നിന്നുള്ള ട്രെയ്ന്‍ യാത്രക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നെണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഭയാനകമായ ട്രെയ്ന്‍ അപകടത്തില്‍ മരിച്ച പലരുടെയും കൈകാലുകള്‍ നഷ്ടപ്പെടുകയും രൂപത്തില്‍ വലിയ വ്യത്യാസം വന്നതിനാലും ബന്ധുക്കള്‍ക്ക് ഉറ്റവരെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ ആശുപത്രികളിലെ ലിസ്റ്റുകളില്‍ ചില പേരുകളും ചിത്രങ്ങളും ഇല്ലെന്ന് ബീഹാര്‍ ദര്‍ബങ്ക സ്വദേശി രാകേഷ് യാദവ് ആരോപിച്ചിരുന്നു.

ജൂണ്‍ രണ്ടിന് ഏഴ് മണിക്കായിരുന്നു രാജ്യത്തെ ഞെട്ടിച്ച ട്രെയ്ന്‍ അപകടം നടക്കുന്നത്. ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് നിര്‍ത്തിയിട്ട ചരക്ക് ട്രെയ്നില്‍ ഇടിക്കുന്നത്. ഇടിയില്‍ പാളം തെറ്റുകയും ആ സമയം അതുവഴി വന്ന യശ്വന്ത്പൂര്‍ എക്സ്പ്രസ് പാളം തെറ്റിയ ബോഗികളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

content highlights: 19 people missing in odisha train crash