തുടക്കം മുതല്‍ ഒടുക്കം വരെ പതിഞ്ഞ താളത്തില്‍ നീങ്ങുന്ന സിനിമയാണ് ആര്‍ട്ടിക്കിള്‍ 19 1 എ. ശക്തമായ വിപ്ലവത്തിന്റെ, പ്രതിഷേധത്തിന്റെ, മാറ്റങ്ങളുടെയെല്ലാം വഴികളിലേക്ക് ആളും ആരവുമില്ലാതെ ഒരു പെണ്‍കുട്ടി നടത്തുന്ന വ്യക്തിപരമായ യാത്രയാണ് ഈ സിനിമ. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടങ്ങള്‍ കൂടിയാണത്. ഇന്ദു വി.എസ്. എന്ന സംവിധായിക സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച സംവിധാന ശൈലിയുമായാണ് ആര്‍ട്ടിക്കിള്‍ 19 1 എയിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നത്. വിജയ് സേതുപതിയും നിത്യ മേനോനുമടക്കം എല്ലാ അഭിനേതാക്കളും ‘എഫേര്‍ട്ട്‌ലെസ്‌ലി വണ്ടര്‍ഫുള്‍ ഇന്‍ ദിസ് മൂവി’ എന്ന് പറയാം.
പൂര്‍ണമായും ഇന്ദു വി.എസ്. എന്ന സംവിധായികയുടെയും തിരക്കഥാകൃത്തിന്റെയും സിനിമയാണ് ആര്‍ട്ടിക്കിള്‍ 19 1 എ. താന്‍ ആഗ്രഹിക്കുന്ന മീറ്ററില്‍ എല്ലാ അഭിനേതാക്കളുടെയും പെര്‍ഫോമന്‍സിനെയും കൊണ്ടുവന്നത് മുതല്‍ സിനിമയിലുടനീളം വളരെ വ്യതിരിക്തമായ സ്‌റ്റൈല്‍ സൂക്ഷിച്ചുകൊണ്ടാണ് ഇന്ദു കഥ പറയുന്നത്.
ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തിയ, എഴുത്തിലൂടെ പ്രതികരിച്ച ഗൗരി ലങ്കേഷിനെ പോലെയുള്ള നിരവധി പേരെ കൊന്നുകളഞ്ഞ സംഭവങ്ങളെയും തുടരുന്ന അടിച്ചമര്‍ത്തലുകളെയും തന്റേതായ കണ്ണുകളിലൂടെ നോക്കിക്കാണുകയാണ് ഇന്ദു. കൊലയിലൂടെ ആരുടെയും വാക്കും പ്രവൃത്തികളും രാഷ്ട്രീയവുമില്ലാതാക്കാന്‍ കഴിയില്ലെന്ന പ്രതീക്ഷയെ, ചിന്തയെ അല്ലെങ്കില്‍ അങ്ങനെയൊരു പ്ലോട്ടിനെ വ്യത്യസ്തമായി സമീപിച്ചിരിക്കുകയാണിവിടെ.
വിപ്ലവം, പ്രതിഷേധം എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസിലുയരുന്ന ചില കാഴ്ചകളുണ്ടല്ലോ, ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളോ പ്രസംഗങ്ങളോ ആയുധമേന്തിയോ പോരാട്ടങ്ങളോ അങ്ങനെ ചിലത്. എന്നാല്‍ അതൊന്നുമല്ലാതെ, ചിലര്‍ വ്യക്തിപരമായി നടത്തുന്ന യാത്രകളും ആരുമറിയാതെയും ആരെയും അറിയിക്കാതെയും അവര്‍ നടത്തുന്ന ചില പ്രവര്‍ത്തനങ്ങളും വലിയ വിപ്ലവമാകാറുണ്ട്. വമ്പന്‍ ആദര്‍ശങ്ങളുടെയോ ആശയാടിത്തറുടെയോ പിന്‍ബലത്തിലായിരിക്കില്ല ഇങ്ങനെ ചില മനുഷ്യര്‍ ഇറങ്ങി പുറപ്പെടുന്നത്. ഒരുപക്ഷെ പറയാനോ ചൂണ്ടിക്കാണിക്കാനോ വലിയ കാരണങ്ങളുമുണ്ടായിക്കൊള്ളണമെന്നില്ല. അത്തരമൊരു യാത്രയാണ് ഇതിലെ പെണ്‍കുട്ടി നടത്തുന്നത്.
ഗൗരി ശങ്കര്‍ എന്നയാളെ കുറിച്ച് പെണ്‍കുട്ടി മനസിലാക്കുന്നതും, അയാളെ തന്റെ ചിന്തകളിലൂടെ കാണുന്നതും, പ്രത്യേകിച്ച് വീടിന് മുന്നിലെ സീനുകള്‍ ഏറെ സുന്ദരമായിരുന്നു. സിനിമാറ്റിക്കലി ഏറെ ഭംഗിയും തോന്നിയ സീനുകളായിരുന്നു അത്. സിനിമയില്‍ പലതരം മനുഷ്യബന്ധങ്ങളെ… അച്ഛനും മകളും സുഹൃത്തുക്കളും ഒറ്റ തവണ മാത്രം കാണുന്ന ആളുകളും അങ്ങനെ പല തലങ്ങളിലുള്ള ബന്ധത്തെ സൂക്ഷമമായി അവതരിപ്പിച്ചിട്ടുണ്ട്. പലതരം ആഖ്യാനങ്ങള്‍ക്ക് വാതില്‍ തുറന്നിടുന്നവയാണ് ആര്‍ട്ടിക്കിള്‍ 19 1 എയിലെ ഓരോ കാര്യങ്ങളും.
വളരെ കുറച്ച് കഥാപാത്രങ്ങളുള്ള സിനിമയാണിത്. നിത്യ മേനോന്റെ ക്യാരക്ടറിന് സിനിമയില്‍ ഒരു പേര് നല്‍കിയിട്ടില്ല. അതിന് പല കാരണങ്ങളുണ്ടാകാം എന്ന് സിനിമയില്‍ തന്നെ സൂചനകളുണ്ട്. ഒരുപാട് പേരെ റെപ്രസന്റ് ചെയ്യുന്നു എന്നതാകാം, അല്ലെങ്കില്‍ സ്വന്തമായ തീരുമാനങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കുമനുസരിച്ച് ജീവിക്കാത്തതുകൊണ്ടാകാം…അങ്ങനെ കാഴ്ചക്കാരന് കണ്ടെത്താന്‍ കഴിയുന്ന പല കാരണങ്ങളുമുണ്ടായേക്കാം.
നിത്യ മേനോന്‍ തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിത്യ മേനോന്‍ തന്നെ മലയാളത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നതുകൊണ്ടായിരിക്കാം പലയിടത്തും മലയാളം അത്ര ഫ്‌ളൂവന്റല്ലാത്ത ഒരാള്‍ സംസാരിക്കുന്ന അനുഭവമാണ് നല്‍കിയത്. സിനിമ നടക്കുന്ന ആ നാട്ടിന്‍പുറത്ത് തന്നെ ജനിച്ചുവളര്‍ന്ന ഒരാളായി തന്നെ ഈ കഥാപാത്രത്തെ കാണിക്കുമ്പോള്‍ ഈ ഡയലോഗ് ഡെലിവറി കേട്ടിരിക്കാന്‍ സുഖമുള്ളതായിരുന്നില്ല.
വിജയ് സേതുപതിയുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഇതിലെ ഗൗരി ശങ്കര്‍. അടുത്തിടെ അദ്ദേഹം ചെയ്തിട്ടുള്ള റോളുകളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ, ഒട്ടും ലൗഡല്ലാത്ത ഒരു കഥാപാത്രം. ബോധ്യങ്ങളിലെ തെളിമയും വ്യക്തതയും ഒരാള്‍ക്ക് നല്‍കുന്ന ഉറപ്പ് ഗൗരിയില്‍ കാണാം. കുറഞ്ഞ സീനുകളിലൂടെ ഈ കഥാപാത്രത്തെ പ്രേക്ഷകരുമായി കണക്ട് ചെയ്തിരിക്കുന്നത്. തമിഴിലും മലയാളത്തിലുമുള്ള ഗൗരി ശങ്കറിന്റെ ഡയലോഗുകള്‍ വിജയ് സേതുപതിയുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ തന്നെ രസമായിരുന്നു.
സിനിമയില്‍ പെര്‍ഫോമന്‍സുകൊണ്ടും ക്യാരക്ടര്‍സ്‌കെച്ച് കൊണ്ടും കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതിലെ മിനിമലിസം കൊണ്ടും ഏറെ ഇഷ്ടപ്പെട്ടത് ശ്രീകാന്ത് മുരളിയുടെ അച്ഛന്‍ കഥാപാത്രമാണ്. അയാളിലെ അലസതയും വിരക്തിയും വിഷമങ്ങളും കുറ്റബോധവും പിന്നീടുണ്ടാകുന്ന ചെറിയ മാറ്റങ്ങളുമെല്ലാം വളരെ സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട്.
ഫാത്തിമ എന്ന കഥാപാത്രത്തെയും അവരുടെ കാഴ്ചപ്പാടുകളെയും അവതരിപ്പിച്ചിരിക്കുന്നതും അതുല്യ എന്ന നടിയുടെ പെര്‍ഫോമന്‍സുമാണ് സിനിമയില്‍ അടുത്തത്. ഇന്ദ്രജിത്തിന്റെ കഥാപാത്രം വളരെ കുറച്ച് സമയം മാത്രമാണുള്ളത്. ഇന്ദ്രന്‍സിന്റെ പൊലീസ് വേഷവും നല്ലതായിരുന്നു, വിജയ് സേതുപതിയുമായുള്ള കോമ്പിനേഷന്‍ സീന്‍ പ്രത്യേകിച്ചും.
പെണ്‍കുട്ടിയും ഗൗരി ശങ്കറും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കുറഞ്ഞ സീനുകളിലൂടെ വരച്ചുകാണിക്കാന്‍ സിനിമക്ക് കഴിയുന്നുണ്ട്. ഒരൊറ്റ തവണ മാത്രം കണ്ട ഒരാള്‍ പിന്നീട് ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന സ്വാധീനശക്തിയായി പതിയെ പതിയെ വളര്‍ന്നുവരുന്നതും അതിനെ ബില്‍ഡ് ചെയ്ത് കൊണ്ടുവരുന്നതും ഏറെ മികച്ചു നില്‍ക്കുന്നുണ്ട്.
ഗോവിന്ദ് വസന്തയുടെ പശ്ചാത്തലസംഗീതം സിനിമയുടെ റിഥം സെറ്റ് ചെയ്യുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്. എന്നാല്‍ ആദ്യമുള്ള പാട്ടും അവസാനത്തിലേക്ക് ഒന്നിനു പുറകെ ഒന്നായി വരുന്ന പാട്ടുകളും സിനിമക്ക് ഒട്ടും ആവശ്യമുള്ളതായിരുന്നില്ല. ഒരുപക്ഷെ സിനിമയിലല്ലാതെ കേള്‍ക്കുമ്പോള്‍ ആ പാട്ടുകള്‍ ആസ്വദിക്കാന്‍ സാധിച്ചേക്കാം.
മനേഷ് മാധവന്റെ ക്യാമറയും മനോജിന്റെ എഡിറ്റും സിനിമയുടെ ഫീലിനെ പൂര്‍ണമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. സിംഗിള്‍ ഷോട്ടുകള്‍ക്കും ഫോളോയിങ്ങ് ഷോട്ടുകള്‍ക്കും സിനിമയില്‍ വലിയ പ്രാധാന്യമുണ്ട്. പടത്തിന്റെ ആ നേര്‍മയാര്‍ന്ന കളര്‍ ടോണും നല്ലതായിരുന്നു. എന്നാല്‍ സ്ലോ മോഷന്റെ അതിപ്രസരവും കഥാപാത്രങ്ങളുടെ ചില ഷോട്ടുകളിലെ ആവര്‍ത്തനവിരസതയും സിനിമയിലുണ്ടായിരുന്നു.
ചിത്രത്തിലെ സംഭാഷണങ്ങളില്‍ പല ഭാഗത്തും അച്ചടിഭാഷ പ്രയോഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ചിലയിടത്ത് മാത്രമാണ് ഇത് പ്ലോട്ടില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത്. മറ്റെല്ലായിടത്തും ആ സീനും കഥാപാത്രങ്ങളുടെ ബാക്ക്ഗ്രൗണ്ടും ചേര്‍ന്ന് ആ രീതിയിലുള്ള സംഭാഷണങ്ങള്‍ക്കുള്ള കൃത്യമായ പശ്ചാത്തലം ഒരുക്കിയിരുന്നു. വളരെ അപൂര്‍വമായിട്ടാണ് ഒരു സിനിമയില്‍ ഇത്തരം സംഭാഷണങ്ങള്‍ പ്രസംഗം പോലെ അല്ലാതെ ഒഴുക്കോടെ കടന്നുവരുന്നത് കാണാനാകുന്നത്. അപ്പോഴും ചിലയിടത്ത് ഇത്തരം സംഭാഷണം ആസ്വദനത്തിന്‍റെ രസച്ചരട് പൊട്ടിച്ചുകളഞ്ഞിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.
ആര്‍ട്ടിക്കിള്‍ 19 1 എയുടെ ആസ്വദനത്തില്‍ ചില കല്ലുകടികള്‍ അനുഭവപ്പെട്ടേക്കാമെങ്കിലും സ്വന്തമായ ശൈലിയുമായി കടന്നുവരുന്ന ഇന്ദു വി.എസ് എന്ന സംവിധായികയും തിരക്കഥാകൃത്തും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
Content Highlight: 19 (1) (a) Review | Vijay Sethupathi | Nithya Menon | Indhu V S