| Wednesday, 30th October 2024, 9:27 am

നിരോധനം നിലനിൽക്കെ ദൽഹിയിൽ പിടികൂടിയത് 19,005 കിലോ പടക്കങ്ങൾ; 79 കേസുകളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സർക്കാരിന്റെ നിരോധന ഉത്തരവ് നിലനിൽക്കെ ദൽഹിയിൽ പിടികൂടിയത് 19,005 കിലോ പടക്കങ്ങൾ. ദൽഹിയിലുടനീളം നടന്ന റെയ്ഡിലാണ് പടക്കങ്ങൾ പിടിച്ചെടുത്തത്.

പടക്കങ്ങൾ കൈവശം വെച്ചതിനും വിൽപന നടത്തിയതിനുമായി ഇതുവരെ 79 കേസുകളാണ് ദൽഹിയിൽ രജിസ്റ്റർ ചെയ്‍തത്. ജനുവരി ഒന്ന് വരെ നഗരത്തിൽ പടക്കങ്ങൾ നിരോധിച്ച് പുറപ്പെടുവിച്ച ദൽഹി സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിലും കൂടിയാണ് കേസുകൾ.

‘സർക്കാർ ദീപാവലി ആഘോഷങ്ങൾക്ക് എതിരല്ല. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ നഗരത്തിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് അന്തരീക്ഷത്തിലെ മലിനീകരണം വർധിപ്പിക്കുമെന്ന് ജനങ്ങൾ എന്തുകൊണ്ട് മനസിലാകുന്നില്ല? രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം നോക്കുമ്പോൾ ദുഖമുണ്ട്,’ എന്ന് ദൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.

സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ ദൽഹിയിൽ 377 ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ദൽഹി പൊലീസിൽ നിന്ന് 300 ഉദ്യോഗസ്ഥരും റവന്യൂ വകുപ്പിലെ 77 ഉദ്യോഗസ്ഥരുമാണ് ദൽഹിയിൽ ഡ്യൂട്ടിയിലുള്ളത്.

ഉത്തരവ് പൂർണമായും നടപ്പിലാക്കാൻ റസിഡൻ്റ്‌സ് വെൽഫെയർ അസോസിയേഷനുകൾ, മാർക്കറ്റ് അസോസിയേഷനുകൾ, മത സംഘടനകൾ എന്നിവയുമായി കൂടിയാലോചന നടത്താൻ പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

പൊതുജനങ്ങളിൽ പടക്ക നിരോധനത്തെ കുറിച്ച് ബോധവത്ക്കരണം നടത്താൻ, ‘ദിയാ ജലാവോ, പതഖാ നഹി’ എന്ന ക്യാമ്പയിനും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ദൽഹിയിൽ ഒക്ടോബർ 31 വരെ ഈ ക്യാമ്പയിൻ തുടരുമെന്ന് അധികൃതർ അറിയിച്ചു.

നഗരത്തിൽ പടക്ക വിൽപന അനുവദിക്കാനാകില്ലെന്ന് ദൽഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നഗരത്തിൽ വായുമലിനീകരണം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

‘ദൽഹി ഫയർവർക്ക് ഷോപ്പ് കീപ്പേഴ്സ് അസോസിയേഷൻ’ നൽകിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്. പടക്കങ്ങൾ കൈവശം വെക്കുന്നത് നിരോധിച്ച് ദൽഹി സർക്കാർ പുറത്തിറക്കിയ ഉത്തരവ് കോടതി ശരിവെക്കുകയായിരുന്നു.

ഇതിനുപിന്നാലെയാണ് ഹരജിയുമായി അസോസിയേഷൻ കോടതിയെ സമീപിച്ചത്. സെപ്റ്റംബർ 14നാണ് പടക്കങ്ങളുടെ ഉത്പാദനം, വിൽപന, സംഭരണം എന്നിവയ്ക്ക് ദൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

സംസ്ഥാനത്ത് ദസറ ആഘോഷങ്ങൾ പൂർത്തിയായതോടെ ദൽഹിയുടെ 24 മണിക്കൂർ ശരാശരി എയർ ക്വാളിറ്റി ഇൻഡക്‌സ് (എ.ക്യു.ഐ) 224 ൽ എത്തിയതായി കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ദൽഹി സർക്കാർ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുന്നത്.

Content Highlight: 19,005 kg crackers seized in Delhi during ban

We use cookies to give you the best possible experience. Learn more