ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ ക്ഷേത്ര പൂജാരിമാര്‍ക്കും ഗുരുദ്വാരയിലെ പുരോഹിതന്മാര്‍ക്കും പ്രതിമാസം 18000 രൂപ നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അഞ്ചാമത്തെ വാഗ്ദാനമാണ് പൂജാരി ഗ്രന്ഥി സമ്മാന് രാശി പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദല്‍ഹിയിലെ വോട്ടര്‍മാരില്‍ 20 ശതമാനത്തോളം വരുന്ന പണ്ഡിറ്റുകളെയും സിഖ് വോട്ടര്‍മാരെയും ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മസ്ജിദുകളിലെ ഇമാമുകളെ നിലവില്‍ പ്രഖ്യാപിച്ച വാഗ്ദാന പദ്ധതിയില്‍ പരാമര്‍ശിച്ചിട്ടില്ല.
എന്നാല്‍ ഇമാമുകള്‍ക്ക് വേണ്ടി ദല്‍ഹി സര്‍ക്കാരിന് കീഴില്‍ ഇതിനകം മറ്റൊരു പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരമ്പരാഗതമായി ദൈവത്തെ സേവിച്ച് പതിറ്റാണ്ടുകളായി നമ്മുടെ സംസ്‌ക്കാരവും പാരമ്പര്യവും അനുഷ്ഠാനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നവരാണിവരെന്നും അവര്‍ തങ്ങള്‍ക്ക് വേണ്ടിയല്ല, നമുക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നതെന്നും പൂജാരിമാരെ ഉദ്ധരിച്ച് കെജ്‌രിവാള്‍ പറഞ്ഞു.
അവര്‍ ദൈവത്തില്‍ സ്വയം സമര്‍പ്പിക്കുന്നുവെന്നും നമ്മുടെ സംസ്‌ക്കാരവും മറ്റും നിലനിര്‍ത്തുന്ന അവര്‍ക്ക് നല്‍കുന്ന തുകയെ ശമ്പളമെന്ന് വിളിക്കാന്‍ കഴിയില്ലെന്നും അവരോട് തങ്ങള്‍ കാണിക്കുന്ന ബഹുമാനമാണീ തുകയെന്നുമാണ് കെജ്‌രിവാള്‍ പറയുന്നത്.
പൂജാരിമാര്‍ക്കും (പണ്ഡിറ്റ്) പുരോഹിതര്‍ക്കുമായി (ഗ്രന്ഥി) ഇത്തരം പദ്ധതികള്‍ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ പാര്‍ട്ടിയാണ് ആം ആദ്മി എന്നും ഇതുവരെയാരും ഇങ്ങനൊരു പദ്ധതി കൊണ്ടുവന്നിട്ടില്ലെന്നും കെജ്‌രിവാള്‍ പറയുകയുണ്ടായി.
ചൊവ്വാഴ്ചയോടെ കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും തങ്ങളുടെ എം.എല്‍.എമാര്‍ ബാക്കിയുള്ള 70 മണ്ഡലങ്ങളിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍, ദളിതര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. തങ്ങളുടെ മറ്റ് പദ്ധതികള്‍ തടയാന്‍ ശ്രമിക്കുന്നത് പോലെ ഈ പദ്ധതി തടയരുതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Content Highlight: 18000 per month to the priests if they are successful; Arvind Kejriwal with a promise