| Tuesday, 12th March 2024, 12:40 pm

ഏകദിനത്തില്‍ ഓസീസിന്റെ 434 പിന്തുടര്‍ന്ന് നെഞ്ചും വിരിച്ച് ഒറ്റ നില്‍പാ... മണിക്കൂറുകളില്‍ ലോക റെക്കോഡ് മാറിമറിഞ്ഞ മത്സരത്തിന് ഇന്ന് 18

ആദര്‍ശ് എം.കെ.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ത്രില്ലിങ്ങായ ഐതിഹാസിക മത്സരത്തിന് ഇന്ന് 18 വയസ് പൂര്‍ത്തിയാകുന്നു. ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ സീരീസ് ഡിസൈഡര്‍ മത്സരമാണ് ചരിത്രത്തിന്റെ ഭാഗമായത്.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡ് സ്വന്തമാക്കിയാണ് സൗത്ത് ആഫ്രിക്ക മത്സരവും പരമ്പരയും വിജയിച്ചത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ സൗത്ത് ആഫ്രിക്കയും മൂന്ന്, നാല് മാച്ചുകളില്‍ കങ്കാരുക്കളും ജയിച്ചപ്പോള്‍ ജോഹനാസ്‌ബെര്‍ഗിലെ സീരീസ് ഡിസൈഡര്‍ മത്സരത്തിന് ആവേശമേറി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ റിക്കി പോണ്ടിങ് എന്ന അതികായന്റെ കരുത്തില്‍ അന്നത്തെ റെക്കോഡ് ടോട്ടലാണ് പടുത്തുയര്‍ത്തിയത്. വെറും 101 പന്ത് നേരിട്ട് 164 റണ്‍സാണ് കങ്കാരുപ്പടയുടെ നായകന്‍ അടിച്ചെടുത്തത്.

അര്‍ധ സെഞ്ച്വറികളുമായി മൈക്കല്‍ ഹസി (51 പന്തില്‍ 81), സൈമണ്‍ കാറ്റിച്ച് (90 പന്തില്‍ 79), ആദം ഗില്‍ക്രിസ്റ്റ് (44 പന്തില്‍ 55) എന്നിവര്‍ തിളങ്ങിയപ്പോള്‍ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 434 റണ്‍സിലെത്തി.

മഖായ എന്റിനിയും ജാക് കാല്ലിസും ആന്‍ഡ്രൂ ഹാളുമടങ്ങുന്ന പ്രോട്ടിയാസ് ബൗളിങ് നിരയെ തല്ലിച്ചതച്ചാണ് ഓസീസ് പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ മൂന്നില്‍ നില്‍ക്കവെ ആദ്യ വിക്കറ്റ് നഷ്ടമായി. എന്നാല്‍ ക്യാപ്റ്റന്‍ ഗ്രെയം സ്മിത്തിനൊപ്പം വണ്‍ ഡൗണായി ഹെര്‍ഷല്‍ ഗിബ്‌സ് എത്തിയതോടെ ഓസീസ് ബൗളിങ് നിരയുടെ കഷ്ടകാലം തുടങ്ങി.

ഒരുവശത്ത് നിന്ന് ഗിബ്‌സ് ബൗണ്ടറികള്‍ പായിച്ചപ്പോള്‍ മറുവശത്ത് നിന്ന് സ്മിത്തും തകര്‍ത്തടിച്ചു. ടീം സ്‌കോര്‍ മൂന്നില്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 190ലാണ്. സ്മിത്തിനെ പുറത്താക്കി മൈക്കല്‍ ക്ലാര്‍ക്കാണ് കൂട്ടുകെട്ട് പൊളിച്ചത്.

55 പന്തില്‍ 13 ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 90 റണ്‍സാണ് താരം സ്വന്തമാക്കിയത്.

നാലാമനായി ഇറങ്ങിയ എ. ബി. ഡിവില്ലിയേഴ്‌സ് 14 റണ്‍സിനും ജാക് കാല്ലിസ് 20 റണ്‍സിനും പുറത്തായി.

പോണ്ടിങ്ങിന്റെ സെഞ്ച്വറിക്കുള്ള സൗത്ത് ആഫ്രിക്കയുടെ മറുപടി നല്‍കിയത് ഹെര്‍ഷല്‍ ഗിബ്‌സായിരുന്നു. 111 പന്ത് നേരിട്ട് 21 ബൗണ്ടറിയും ഏഴ് സിക്‌സറും അടക്കം 175 റണ്‍സാണ് താരം നേടിയത്.

സ്‌കോര്‍ ബോര്‍ഡ് ചലിക്കുമ്പോഴും മറുവശത്ത് വിക്കറ്റ് വീഴ്ത്തി ഓസീസ് ബൗളര്‍മാര്‍ പ്രതീക്ഷ കൈവിടാതെ കാത്തു.

മധ്യനിരയില്‍ മാര്‍ക് ബൗച്ചറിന്റെ ചെറുത്ത് നില്‍പ് പ്രോട്ടിയാസിനെ വിജയത്തിലേക്കെത്തിക്കുമ്പോള്‍ ഓസീസ് നിരയില്‍ വിക്കറ്റ് നേടി നഥാന്‍ ബ്രാക്കണും തിളങ്ങി.

ഒടുവില്‍ 49 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സൗത്ത് ആഫ്രിക്ക 428ന് എട്ട് എന്ന നിലയിലെത്തി. അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ആതിഥേയര്‍ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്നതാകട്ടെ ആന്‍ഡ്രൂ ഹാളും മാര്‍ക് ബൗച്ചറും.

ബ്രെറ്റ് ലീ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടി ബൗച്ചര്‍ സ്‌ട്രൈക്ക് ഹാളിന് കൈമാറി. രണ്ടാം പന്തില്‍ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി നേടിയ ഹാള്‍ സൗത്ത് ആഫ്രിക്കയെ വിജയത്തിന് തൊട്ടരികിലെത്തിച്ചു.

എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഹാളിനെ ക്ലാര്‍ക്കിന്റെ കൈകളിലെത്തിച്ച് ലീ വീണ്ടും ആതിഥേയരെ സമ്മര്‍ദത്തിലാക്കി. സൗത്ത് ആഫ്രിക്കക്ക് ജയിക്കാന്‍ രണ്ട് റണ്‍സും ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ ഒരു വിക്കറ്റും മാത്രം മതിയെന്ന സാഹചര്യത്തില്‍ 11ാമനായി മഖായ എന്റിനി കളത്തിലിറങ്ങി.

ബ്രെറ്റ് ലീ എറിഞ്ഞ നാലാം പന്തില്‍ സിംഗിള്‍ നേടിയ എന്റിനി മത്സരം സമനിലയിലെത്തിക്കുകയും ബൗച്ചറിന് സ്‌ട്രൈക്ക് കൈമാറുകയും ചെയ്തു. അഞ്ചാം പന്തില്‍ ബൗണ്ടറി നേടിയ ബൗച്ചര്‍ പ്രോട്ടിയാസിന്റെ വിജയവും തന്റെ അര്‍ധ സെഞ്ച്വറിയും കുറിച്ചു.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ ചെയ്‌സില്‍ സൗത്ത് ആഫ്രിക്ക ഒരു പന്തും ഒരു വിക്കറ്റും ശേഷിക്കെ വിജയവും പരമ്പരയും സ്വന്തമാക്കി. 18 വര്‍ഷത്തിനിപ്പുറവും ഏകദിനത്തിലെ ഏറ്റവും മികച്ച സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡ് ഇന്നും സ്മിത്തിന്റെയും സംഘത്തിന്റെയും പേരിലാണ്.

മത്സരത്തില്‍ ഓസീസിനായി നഥാന്‍ ബ്രാക്കണ്‍ ഫൈഫര്‍ സ്വന്തമാക്കി. ആന്‍ഡ്രൂ സൈമണ്ട്‌സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മൈക്കല്‍ ക്ലാര്‍ക്കും ബ്രെറ്റ് ലീയും ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഗിബ്‌സും പോണ്ടിങ്ങും കളിയിലെ താരങ്ങളായപ്പോള്‍ ഷോണ്‍ പൊള്ളോക്ക് പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

സ്‌കോര്‍

ഓസ്‌ട്രേലിയ – 434/4 (50)

സൗത്ത് ആഫ്രിക്ക (T: 435) – 438/9 (49.5)

Content Highlight: 18 Years of South Africa’s historic run chase against Australia

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more