മലപ്പുറം : മലപ്പുറം ആമയൂരിൽ നിക്കാഹ് കഴിഞ്ഞ് പതിനെട്ടുകാരി ജീവനൊടുക്കിയതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 19കാരൻ തൂങ്ങിമരിച്ചു. മഞ്ചേരി കാരക്കുന്ന് സ്വദേശി സജീർ ആണ് തൂങ്ങിമരിച്ചത്. ചാലിയാർ പുഴയുടെ തീരത്ത് എടവണ്ണ പുകമണ്ണിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പുറത്ത് കടക്കുകയായിരുന്നു. പിന്നീട് ചാലിയാർ പുഴക്ക് സമീപം എത്തിയ യുവാവ് പുകമണ്ണ് കടവിൽ തൂങ്ങിമരിക്കുകയായിരുന്നു. നേരത്തെ ജീവനൊടുക്കിയ പതിനെട്ടുകാരിയും സജീറും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു.
ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഫെബ്രുവരി മൂന്നിന് പെൺകുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിക്കാഹ് കഴിഞ്ഞ് മൂന്നാം ദിവസമായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് പെൺകുട്ടിയ്ക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ആൺസുഹൃത്തായ സജീറിനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹം. പെൺകുട്ടി മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ സജീറും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സജീർ മഞ്ചേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ അവിടെ നിന്നും ആരുമറിയാതെ പുറത്തിറങ്ങിയാണ് സജീർ ജീവനൊടുക്കിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlight: 18-year-old woman committed suicide after Nikah; The male friend who was undergoing treatment also took his own life