ഇസ്രഈലി സൈന്യത്തിൻറെ ഭാഗമാവാൻ താല്പര്യമില്ല; 18 വയസുകാരൻ ജയിലിലേക്ക്
World News
ഇസ്രഈലി സൈന്യത്തിൻറെ ഭാഗമാവാൻ താല്പര്യമില്ല; 18 വയസുകാരൻ ജയിലിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th January 2024, 4:13 pm

ടെൽ അവീവ്: യുദ്ധത്തിനുവേണ്ടി ഇസ്രഈലി സൈന്യത്തിൽ ചേരാൻ കഴിയില്ലെന്ന് പറഞ്ഞ 18 വയസുകാരനെ ഇസ്രഈലി ഭരണകൂടം ജയിലിൽ അടച്ചു. ഇസ്രഈലി ആക്ടിവിസ്റ്റായ ടാൽ മിറ്റ്നികിനെയാണ് ഭരണകൂടം 30 ദിവസത്തേക്ക് ജയിലിൽ അടച്ചത്.

ഇസ്രഈലി സൈന്യത്തിന്റെ ഭാഗമാകാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ജയിലിൽ പോകുന്ന ആദ്യത്തെ 18 വയസ്സുകാരനായി മാറുകയാണ് ടാൽ മിറ്റ്നിക്.

ഒരു കശാപ്പ് ചെയ്യലിനെ മറ്റൊരു കശാപ്പ് ചെയ്യലുകൊണ്ട് നേരിടാൻ കഴിയില്ലെന്ന് പറഞ്ഞ മിറ്റ്നിക് ഒരു രക്തചൊരിച്ചിലിന്റെയും അടിച്ചമർത്തലിന്റെയും ഭാഗമാകാൻ തനിക്ക് ആഗ്രഹമില്ലെന്നും പറഞ്ഞു.

തന്റെ തീരുമാനം ഇസ്രഈലി സൈന്യത്തിനെ അറിയിക്കുന്നതിനുവേണ്ടി പോകുന്നതിനു മുമ്പ് ടാൽ മിറ്റ്നിക് വീഡിയോ വഴി പറയുകയായിരുന്നു. അതിനുശേഷം മിറ്റ്നികിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

18 വയസ്സ് പൂർത്തിയാകുന്ന ആളുകൾ 32 മാസം ഇസ്രഈലി സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കണമെന്ന് നിയമമുണ്ട്. ഇത് തെറ്റിക്കുന്നവരെ ജയിലിൽ അടയ്ക്കുകയാണ് ചെയ്യുക.

മിറ്റ്നികിനെതിരെ ഇസ്രഈലിൽ നിന്നും രൂക്ഷവിമർശനങ്ങൾങ്ങളാണ് ഉയരുന്നത്

രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കില്ലെന്ന് പറയുന്നത് സ്വന്തം രാജ്യത്തെ ചതിക്കുന്നതിനു തുല്യമാണ് പ്രത്യേകിച്ച് ഒരു യുദ്ധം നടക്കുന്ന വേളയിലെന്ന് നിരവധി ആളുകൾ ഈ തീരുമാനത്തെ വിമർശിച്ചു.

ഭരണകൂടം ഇസ്രഈലി സേനയുടെ ഭാഗമാകാൻ വിസമ്മതിച്ച പലർക്കും ഇതിനുമുമ്പ് ശിക്ഷ നൽകിയിട്ടുണ്ട്. അവർക്കെല്ലാം 10 ദിവസത്തേക്ക് ആയിരുന്നു ജയിൽശിക്ഷ നൽകിയത്

30 ദിവസത്തെ ശിക്ഷക്ക് ശേഷവും സൈന്യത്തിന്റെ ഭാഗമാവാൻ താത്പര്യമില്ലെന്ന് പറയുകയാണെങ്കിൽ ടാൽ മിറ്റ്നികിനെ വീണ്ടും ജയിലിൽ അടയ്ക്കും.

അതിനിടയിൽ ഇസ്രഈലി- ഫലസ്തീൻ പ്രശ്നം കൂടുതൽ രൂക്ഷമാവുകയാണ്. കൂടാതെ കഴിഞ്ഞ ദിവസം ഇസ്രഈലി ധനമന്ത്രിയായ ബെസലേൽ സ്‌മോട്രിച്ച് ഗസയിൽ രണ്ടു ദശലക്ഷത്തോളം നാസികൾ ഉണ്ടെന്നായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇത് മന്ത്രിക്കെതിരെ ഇസ്രഈലി പാർലമെന്റിൽ നിന്ന് തന്നെ വിമർശനം ഉയരുന്നതിന് കാരണമായി.

മന്ത്രിക്കെതിരെ ഇസ്രഈലി പാർലമെന്റ് അംഗവും ഹദാഷ് താൽ പാർട്ടി ചെയർമാനുമായ അഹമ്മദ് ടിബി രംഗത്ത് എത്തിയിരുന്നു. ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയ്ക്ക് ഇസ്രഈലി ഭരണകൂടം നിയമസാധുത നൽകുകയാണെന്നാണ് അഹമ്മദ് ടിബി പറഞ്ഞത്.

കൂടാതെ ഹദാഷ് താൽ പാർട്ടി അംഗമായ ഒഫെർ കാസിഫും ഇസ്രഈലിനെതിരെ അന്താരാഷ്ട്ര ലോക നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിൽ പങ്കുചേരുമെന്ന് അറിയിച്ചിരുന്നു.

Content Highlights: 18-year-old Tal Mitnick refused to join the Israeli army and chose prison instead