പട്ടാമ്പി: പട്ടാമ്പിയില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തു. മരുതൂര്‍ സ്വദേശി ശ്രീജിത്താണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. മരുതൂര്‍ സ്വദേശിയും ഡി.വൈ.എഫ്.ഐ അനുഭാവിയുമായിരുന്ന ഉമ്മറാണ് അറസ്റ്റിലായത്.
സുഹൃത്തുക്കള്‍ക്ക് വാട്സാപ്പിലൂടെ വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു ശ്രീജിത്ത് ആത്മഹത്യ ചെയ്തത്. വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. അറസ്റ്റിലായ ഉമ്മറിന് ശ്രീജിത്തിന്റെ കുടുംബവുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഉമ്മറിന്റെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന കൂട്ടുകാര്‍ക്ക് അയച്ച സന്ദേശത്തില്‍ ശ്രീജിത്ത് പറയുന്നുണ്ട്.
Also Read: മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു
മകന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും നാലാം തീയ്യതി ഉമ്മര്‍ വിളിച്ചതായും ശ്രീജിത്തിന്റെ അഛന്‍ പറയുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യുന്ന സൂചനകള്‍ ഇല്ലായിരുന്നെന്നും തങ്ങള്‍ ചതിക്കപ്പെട്ടതാണെന്നും അഛന്‍ പറയുന്നു.
അറസ്റ്റിലായ ഉമ്മര്‍ മുമ്പ് ഡി.വൈ.എഫ്.ഐയില്‍ സജീവമായിരുന്നു. മേഖലാ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് മുകളിലായി സജീവമല്ല എന്നും അനുഭാവി മാത്രമായാണ് നില്‍ക്കുന്നതെന്നും ഡി.വൈ.എഫ്.ഐ പട്ടാമ്പി ബ്ലോക്ക് നേതൃത്വം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
നേരത്തെ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍ എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. ആത്മഹത്യ ചെയ്ത ശ്രീജിത്തും ഡി.വൈ.എഫ്.ഐ അനുഭാവിയായിരുന്നെന്നും ബ്ലോക്ക് നേതൃത്വം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.