ന്യൂദല്‍ഹി: ഇന്ത്യയിലെ ബ്രിട്ടണിന്റെ ഏറ്റവും വലിയ നയതന്ത്രപദവിയായ ബ്രിട്ടീഷ് ഹൈ കമ്മീഷണറായി പതിനെട്ടുകാരി. ദല്‍ഹിയില്‍ നിന്നുള്ള ചൈതന്യ വെങ്കിടേശ്വരനാണ് അന്താരാഷ്ട്ര ബാലികദിനാഘോഷങ്ങളുടെ ഭാഗമായി ഒരു ദിവസം ബ്രിട്ടീഷ് ഹൈ കമ്മീഷണറിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയത്.
2017 മുതല്‍ ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ നടത്തി വരുന്ന പരിപാടിയാണ് ‘ഹൈ കമ്മിഷണര്‍ ഫോര്‍ എ ഡേ’. ലോകം മുഴുവന്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. 18-23 വയസ്സ് വരെയുള്ള യുവതികള്‍ക്കായാണ് മത്സരം നടത്തുക. അന്താരാഷ്ട്ര ബാലികാദിനമായ ഒക്ടോബര്‍ 11നോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുക.
ഈ വര്‍ഷത്തെ മത്സരത്തില്‍ വിജയിയായ ചൈതന്യ ഹൈ കമ്മീഷണറുടെ വിവിധ ചുമതലകള്‍ ഒരു ദിവസത്തേക്ക് നിര്‍വഹിച്ചു. വിവിധ വകുപ്പ് തലവന്മാരുമായും ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തിയ ചൈതന്യ വാര്‍ത്തസമ്മേളനത്തിലും പങ്കെടുത്തു. കൂടാതെ ബ്രിട്ടീഷ് കൗണ്‍സിലിന്റെ എസ്.റ്റി.ഇ.എം സ്‌കോളര്‍ഷിപ്പ് സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം നടത്താനും ചൈതന്യ തീരുമാനിച്ചു.
കൊവിഡ് കാലത്ത് ലിംഗസമത്വം നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തില്‍ ഒരു മിനിറ്റ് വീഡിയോ ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു മത്സരം. 215 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരാര്‍ത്ഥികളില്‍ നിന്നും ഏറ്റവും മികച്ച വ്യക്തിയെ തന്നെയാണ് തെരഞ്ഞെടുത്തതെന്ന് ചൈതന്യയുടെ ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസ്സിലായെന്ന് ബ്രിട്ടീഷ് ഹൈ കമ്മിഷണര്‍ ജാന്‍ തോംസണ്‍ പറഞ്ഞു.
‘എന്റെ ഉത്തരവാദിത്തങ്ങളെല്ലാം ഏറെ ആവേശത്തോടെയായിരുന്നു ഞാന്‍ ചൈതന്യയെ ഏല്‍പ്പിച്ചത്. മികച്ച ആത്മവിശ്വാസത്തോടെയും കാര്യക്ഷമതയോടെയുമാണ് അവള്‍ കാര്യങ്ങള്‍ ചെയ്തത്.’ ജാന്‍ തോംസണ്‍ പറഞ്ഞു. ഒരു ദിവസത്തേക്ക് ബ്രിട്ടീഷ് ഹൈ കമ്മീഷണറാവാന്‍ കഴിഞ്ഞത് സുവര്‍ണാവസരമാണെന്നായിരുന്നു ചൈതന്യ പ്രതികരിച്ചത്.
ബിരുദവിദ്യാര്‍ത്ഥിയാണ് ചൈതന്യ. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സ് വഴി പഠിക്കുന്ന ചൈതന്യ മുഴുവന്‍ പഠനത്തിനുമുള്ള സ്‌കോളര്‍ഷിപ്പ് നേടിയിട്ടുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളില്‍ അംഗവും സജീവ പ്രവര്‍ത്തകയുമാണ് ചൈതന്യ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക