| Monday, 14th November 2022, 10:44 am

അടിസ്ഥാന ആവശ്യം പോലും സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല; ശക്തികേന്ദ്രത്തില്‍ നിന്നും അപ്രതീക്ഷിത വെല്ലുവിളി നേരിട്ട് ഗുജറാത്ത് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വലിയ തിരിച്ചടി നേരിട്ട് ബി.ജെ.പി മണ്ഡലം. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നാണ് നവ്‌സാരി മണ്ഡലത്തിലെ 18 ഗ്രാമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2007 മുതല്‍ ബി.ജെ.പി ഭരിക്കുന്ന നിയമസഭാ മണ്ഡലമാണ് നവ്‌സാരി. സംസ്ഥാനത്തെ പ്രധാന ബി.ജെ.പി നേതാക്കളിലൊരാളായ മങ്കുബായ് സി. പട്ടേലായിരുന്നു 2007ല്‍ ഇവിടെ നിന്നും ജയിച്ചത്.

2012ലും 2017ലും പിയൂഷ് ദേശായിയാണ് നവ്‌സാരിയില്‍ നിന്നും എം.എല്‍.എ ആയത്. 2008ല്‍ നിലവില്‍ വന്ന നവ്‌സാരി ലോക്‌സഭാ മണ്ഡലത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണയും വോട്ടെടുപ്പില്‍ ജയിച്ചതും ബി.ജെ.പി തന്നെ.

നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ സി.ആര്‍. പാട്ടീലാണ് നവ്‌സാരിയുടെ എം.പി. ഇത്തരത്തില്‍ നിയമസഭയിലും ലോക്‌സഭയിലും ബി.ജെ.പിയുടെ ശക്തികേന്ദ്രമായ നവ്‌സാരിയില്‍ നിന്നാണ് ഇപ്പോള്‍ ശക്തമായ പ്രതിഷേധം ഉയരുന്നത്. ഒരു റെയില്‍വേ സ്റ്റേഷനാണ് ഈ പ്രതിഷേധങ്ങളുടെയെല്ലാം ഉത്ഭവസ്ഥാനം.

കൊവിഡ് സമയത്ത് നിര്‍ത്തലാക്കിയ അഞ്ചേലിയിലുള്ള ലോക്കല്‍ ട്രെയ്‌നിന്റെ സ്‌റ്റോപ് പുനസ്ഥാപിക്കണമെന്ന തങ്ങളുടെ ആവശ്യം ഇതുവരെയും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രാമവാസികള്‍ പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്.

അഞ്ചേലി റെയില്‍വേ സ്റ്റേഷന് സമീപം വലിയ ബാനറും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ‘ട്രെയ്‌നില്ലെങ്കില്‍ വോട്ടില്ല. ബി.ജെ.പിയോ മറ്റ് പാര്‍ട്ടികളോ ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വരരുത്. ഞങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു’ എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്.

സ്റ്റോപ്പ് നിര്‍ത്തലാക്കിയതോടെ, ജോലിക്കും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്തുപോകുന്നതിന് ദിവസവും 300 രൂപയിലേറെ ചെലവഴിക്കേണ്ടി വരുന്നുവെന്നാണ് പ്രദേശവാസികള്‍ എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത്.

‘1966 മുതല്‍ അഞ്ചേലിയില്‍ ലോക്കല്‍ ട്രെയ്ന്‍ നിര്‍ത്തുമായിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ ട്രെയ്ന്‍ കുറച്ച് കാലത്തേക്ക് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ട്രെയ്ന്‍ വീണ്ടും ഓടിക്കാന്‍ തുടങ്ങിയെങ്കിലും ഞങ്ങളുടെ സ്‌റ്റേഷനില്‍ മാത്രം നിര്‍ത്തുന്നില്ല. ഈ പരിസര പ്രദേശങ്ങളിലെ 19 ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ ആശ്രയിക്കുന്ന ട്രെയ്‌നായിരുന്നു ഇത്.

നഗരത്തില്‍ ദിവസവേതനക്കാരായും മറ്റ് ജോലി ചെയ്തുവരുന്ന സാധാരണക്കാരായിരുന്നു ഇതില്‍ ഭൂരിഭാഗവും. ഇവര്‍ ഇപ്പോള്‍ യാത്രച്ചെലവ് താങ്ങാനാകാത്ത അവസ്ഥയിലാണ്. ഒരു പുതിയ ട്രെയ്ന്‍ വേണമെന്നൊന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. മുമ്പുണ്ടായിരുന്ന സ്റ്റോപ്പ് അനുവദിക്കണമെന്ന് മാത്രമാണ് പറയുന്നത്. എന്നിട്ട് പോലും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ല,’ സോണല്‍ റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം ഛോട്ടുബായ് പട്ടീല്‍ പറഞ്ഞു.

ഗ്രാമങ്ങളിലേക്കെത്തുന്ന ഇ.വി.എമ്മുകള്‍ ഒരു വോട്ട് പോലും രേഖപ്പെടുത്താതെ തിരിച്ചയക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഛോട്ടുബായ് കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനായിരിക്കും വോട്ടെണ്ണല്‍.

27 വര്‍ഷമായി സംസ്ഥാനത്തെ ഭരണം കയ്യാളുന്ന ബി.ജെ.പിക്ക് മുന്‍ വര്‍ഷങ്ങളിലേത് പോലെ ഒരു അനായാസ ജയം ഇപ്രാവശ്യമുണ്ടാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൊവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളടക്കം നിരവധി മേഖലകളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒപ്പം ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് ശക്തമായ പ്രചാരണ പരിപാടികളുമായി കടന്നുവന്നതും ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നുണ്ട്. കോണ്‍ഗ്രസും താരതമ്യേനെ മികച്ച ഇലക്ഷന്‍ പ്രചാരണമാണ് നടത്തുന്നത്.

Content Highlight: 18 villages boycott elections in BJP’s strong hold constituency in Gujarat

Latest Stories

We use cookies to give you the best possible experience. Learn more