ന്യൂദല്‍ഹി: പരീക്ഷ ഫോമുകള്‍ക്ക് നികുതി ചുമത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നില്ലെങ്കിലും അവരില്‍ നിന്ന് നികുതി ഈടാക്കാന്‍ കഴിയുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പരീക്ഷ ഫോമുകള്‍ക്ക് നികുതി ഈടാക്കുന്നതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ഇന്നലെ (തിങ്കളാഴ്ച) എക്സിലൂടെയായിരുന്നു പ്രതികരണം.
സുല്‍ത്താന്‍പൂരിലെ കല്യാണ്‍ സിങ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നതിന്റെ ഒരു ഫോമാണ് പ്രിയങ്ക പങ്കുവെച്ചത്. ഫോമില്‍ ജനറല്‍, ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് 180 രൂപ ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയാണ് ഫീസ്. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 180 രൂപ ജി.എസ്.ടി അടക്കം 708 രൂപയുമാണ് ഫീസ്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫോം പൂരിപ്പിച്ച ശേഷം സര്‍ക്കാരിന്റെ അനാസ്ഥ കാരണമോ അല്ലാതെയോ പരീക്ഷപേപ്പര്‍ ചോര്‍ന്നാല്‍ യുവാക്കള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു.
കുട്ടികളെ പഠിപ്പിക്കുന്നതിനായി പലതും ത്യജിച്ച് രക്ഷിതാക്കള്‍ സ്വരുക്കൂട്ടുന്ന തുക കേന്ദ്രം വരുമാന മാര്‍ഗമാക്കുകയാണെന്നും പ്രിയങ്ക വിമര്‍ശിച്ചു. യുവാക്കളുടെ സ്വപ്നവും കേന്ദ്രത്തിന്റെ വരുമാന സ്രോതസായി. യുവാക്കളില്‍ നിന്ന് ഇത്തരത്തില്‍ പണം ഈടാക്കുന്നത് മുറിവില്‍ ഉപ്പ് തേക്കുന്നതിന് സമാനമാണെന്നും പ്രിയങ്ക പറഞ്ഞു.
അഗ്‌നിവീര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ട ഫോമുകളില്‍ കേന്ദ്രം ജി.എസ്.ടി ഈടാക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് എം.പി പറഞ്ഞു.
നിരവധി വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും പ്രിയങ്കയുടെ പോസ്റ്റിന് താഴെ പ്രതികരിക്കുന്നുണ്ട്. നികുതി പരിഷ്‌കരണങ്ങളില്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന് വിമര്‍ശനവുമുണ്ട്.
Content Highlight: 18 percent GST on exam forms; Priyanka Gandhi against Central Govt