national news
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 18 മരണം
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ താനെയിലെ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 18 രോഗികള്‍ മരിച്ചു. താനെ കല്‍വയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലാണ് രോഗികള്‍ മരിച്ചതെന്ന് സിവിക് കമ്മീഷണര്‍ അഭിജിത്ത് ബങ്കര്‍ അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ആറ് സത്രീകളും എട്ട് പുരുഷന്മാരുമാണ് മരിച്ചത്. ഇതില്‍ ആറ് പേര്‍ താനെയില്‍ നിന്നുള്ളവരും, നാല് പേര്‍ കല്യാണില്‍ നിന്നുള്ളവരും, മൂന്ന് പേര്‍ സഹാപൂരില്‍ നിന്നുള്ളവരുമാണ്. ബിവാന്തി, ഉല്‍ഹാസ്‌നഗര്‍, ഗോവാന്‍ഡി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ രോഗിയുമാണ് മരിച്ചത്. ഒരു രോഗി എവിടെ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരില്‍ 12 പേര്‍ 50 വയസിന് മുകളിലുള്ളവരാണെന്നും ബങ്കര്‍ പറഞ്ഞു.
നേരത്തെ സംസ്ഥാന ആരോഗ്യമന്ത്രി താനാജി സാവന്തും പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണര്‍ ഗണേഷ് ഗാവ്‌ഡെയും മരണസംഖ്യ 17 ആണെന്നായിരുന്നു അറിയിച്ചിരുന്നത്.
സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ആരോഗ്യ കമ്മീഷണറുടെ നേതൃത്വത്തില്‍ കളക്ടര്‍, സിവിക് ചീഫ്, ആരോഗ്യ ഡയറക്ടര്‍ എന്നിവരടങ്ങുന്ന സ്വതന്ത്ര അന്വേഷണ സമിതിയെ രൂപീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ബങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ലിനിക്കല്‍ വശത്തെ കുറിച്ച് ഇവര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗികള്‍ക്ക് കിഡ്‌നി സ്‌റ്റോണ്‍, ന്യൂമോണിയ, പക്ഷാഘാതം, സെപ്റ്റിസിമിയ തുടങ്ങിയവ ഉണ്ടായിരുന്നതായും ബങ്കര്‍ പറഞ്ഞു.
‘ചികിത്സയെ കുറിച്ച് അന്വേഷിക്കുകയും രോഗികളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും. ബന്ധുക്കള്‍ ഉയര്‍ത്തുന്ന അനാസ്ഥ ആരോപണം ഏറെ ഗൗരവമുള്ളതാണ്, അന്വേഷണ സമിതി ഇതിനെ കുറിച്ച് അന്വേഷിക്കും. ആശുപത്രിയില്‍ പുതുതായി നേഴ്‌സുമാരെ നിയമിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി താനാജി സാവന്ത് നേരത്തെ അറിയിച്ചിരുന്നു.
രോഗികളില്‍ ചിലര്‍ ഗുരുതരാവസ്ഥയിലായിരുന്നു ആശുപത്രിയില്‍ എത്തിയിരുന്നതെന്നും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നുവെന്നുമാണ് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചിട്ടുള്ളതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ കൂടുതലായതിനാല്‍ ആശുപത്രിയില്‍ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നിര്‍ഭാഗ്യകരമാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ആശുപത്രി സന്ദര്‍ശിച്ച ശേഷം മന്ത്രി അദിതി തത്കരെ പറഞ്ഞു.
അതേസമയം, ആശുപത്രിയുടെ ഭാഗത്ത് നിന്നും അനാസ്ഥ ഉണ്ടായതായും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
Content Highlights: 18 deaths in 24 hours at thane hospital