റായ്പൂര്‍: ഗോസംരക്ഷണം പ്രധാന അജണ്ടയായ ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢിലെ ബലോദബസാര്‍ ജില്ലയിലെ ഗോശാലയില്‍ 18 പശുക്കള്‍ ശ്വാസം മുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു ദിവസത്തിനിടെയാണ് ഇത്രയും പശുക്കള്‍ ചത്തൊടുങ്ങിയത്. ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ഗോശാലയിലാണ് പശുക്കള്‍ക്ക് ഈ ദുര്യോഗം. ഇവയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഗോശാലയില്‍ നിന്നും 70 കീലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്തേക്ക് ചത്ത പശുക്കളെ കൊണ്ടുപോകുന്നെന്ന് ആളുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.
വയലിലെ കൃഷി നശിപ്പിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അലഞ്ഞുതിരിഞ്ഞ പശുക്കളെ ഗോശാലയിലേല്‍പ്പിച്ചത്. ഇതില്‍ ചിലതിനെ നാലുദിവസമായി റൂമില്‍ പൂട്ടിയിടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ഇതാദ്യമായല്ല ഛത്തീസ്ഗഢില്‍ സര്‍ക്കാര്‍ ഗോശാലയില്‍ പശുക്കള്‍ ചാകുന്നത്. ശ്രദ്ധിക്കാനാളില്ലാത്തത് കൊണ്ടും പട്ടിണികൊണ്ടും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മൂന്നു ഗോശാലകളിലായി 200 പശുക്കളാണ് ചത്തിരുന്നത്. ഇതിലൊന്ന് സ്ഥലത്തെ ബി.ജെ.പി നേതാവിന്റേതായിരുന്നു. ബാക്കിയുള്ളത് ഇയാളുടെ ബന്ധുക്കളുടേതും. സംഭവത്തില്‍ അന്ന് രമണ്‍സിങ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പശുക്കളെ കൊല്ലുന്നവരെ തൂക്കികൊല്ലണമെന്ന് നിലപാടുള്ളയാളാണ് രമണ്‍സിങ്.