ഗസ: ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന് 18 രാജ്യങ്ങളുടെ അപേക്ഷ. ഗസയില്‍ ഹമാസ് തടവിലാക്കിയ ഇസ്രഈലി ബന്ദികളെ ഉടനെ മോചിപ്പിക്കണമെന്നാണ് ആവശ്യം. ഇസ്രഈലി ബന്ദികളുടെ കൂട്ടത്തില്‍ ഈ 18 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ് ആവശ്യവുമായി നേതാക്കള്‍ മുന്നോട്ടുവന്നിരിക്കുന്നത്.
അമേരിക്ക, അര്‍ജന്റീന, ഓസ്ട്രിയ, ബ്രസീല്‍, ബള്‍ഗേറിയ, കാനഡ, കൊളംബിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സെര്‍ബിയ, സ്‌പെയിന്‍, തായ്ലന്‍ഡ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ഒക്ടോബര്‍ ഏഴിന് ഹമാസ് പിടികൂടിയ 253 ഇസ്രഈലി തടവുകാരില്‍ 129 പേര്‍ ഇപ്പോഴും ഫലസ്തീനില്‍ ബന്ദിയാക്കപ്പെട്ടിട്ടുണ്ടെന്ന് സംയുക്ത പ്രസ്താവനയിലൂടെ 18 രാജ്യങ്ങളും ചൂണ്ടിക്കാട്ടി.
ബന്ദികളെ മോചിപ്പിക്കുകയാണെങ്കില്‍ ഗസയില്‍ വെടിനിര്‍ത്താനുള്ള പദ്ധതികള്‍ ഉടനടി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും ഫലസ്തീനിലേക്കുള്ള സഹായങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ക്ക് അനുയോജ്യമായ വാസസ്ഥലങ്ങളിലേക്ക് മാറാന്‍ കഴിയുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പ്രസ്താവനയെ കുറിച്ച് പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ മോചിപ്പിക്കുന്ന കരാര്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ ഇസ്രഈലി സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 34,305 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 77,293 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: 18 countries urge Hamas to release Israeli prisoners