World News
കുടിയേറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന ട്രംപിൻറെ പ്രഖ്യാപനത്തിന് പിന്നാലെ 18,000 ഇന്ത്യക്കാരെ ഉൾപ്പെടുത്തി ആദ്യ നാടുകടത്തൽ പട്ടിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 13, 12:00 pm
Friday, 13th December 2024, 5:30 pm

വാഷിങ്ടൺ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്താനൊരുങ്ങി യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 18,000 ഇന്ത്യക്കാരെ ഉൾപ്പെടുത്തിയുള്ള ആദ്യ നാടുകടത്തൽ പട്ടിക തയാറാക്കി യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ്.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്താനുള്ള യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതിയുടെ ഭാഗമായി ഐ.സി.ഇ ഏകദേശം 1.5 ദശലക്ഷം വ്യക്തികളുടെ ഒരു പട്ടിക തയാറാക്കി. പട്ടികയിൽ രേഖകളില്ലാത്ത 18,000 ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട്.

2025 ജനുവരി 20ന് അധികാരമേറ്റാൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തുമെന്ന് നിയുക്ത യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. 2024 നവംബറിൽ പുറത്തിറക്കിയ ഐ.സി.ഇ ഡാറ്റ അനുസരിച്ച്, 1.5 ദശലക്ഷം വ്യക്തികളിൽ 17,940 ഇന്ത്യക്കാരും ഉൾപ്പെടുന്നു.

പ്യൂ റിസർച്ച് സെൻ്ററിൽ നിന്നുള്ള കണക്കുകൾ പ്രകാരം മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും ശേഷം അനധികൃത കുടിയേറ്റക്കാരുടെ മൂന്നാമത്തെ വലിയ ജനസംഖ്യയായി മാറിയിരിക്കുകയാണ് യു.എസിലേത്. യു.എസിൽ ഇന്ത്യയിൽ നിന്നുള്ള ഏകദേശം 7,25,000 അനധികൃത കുടിയേറ്റക്കാരുണ്ട്.

ഈ ഡാറ്റ പുറത്തുവിടുന്നതിന് മുമ്പ് ഒക്ടോബറിൽ അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്താൻ യു.എസ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചിരുന്നു. ഒക്ടോബർ 22 ന് ഇന്ത്യയിലേക്ക് അയച്ച വിമാനം ഇന്ത്യൻ സർക്കാരിൻ്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ശരാശരി 90,000 ഇന്ത്യക്കാർ യു.എസ് അതിർത്തികൾ അനധികൃതമായി കടക്കാൻ ശ്രമിച്ചതിന് പിടിയിലായിട്ടുണ്ട്.

അധികാരികളുടെ ഏകോപനത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐ.സി.ഇ) ഇന്ത്യയെ നിസഹകരണ വിഭാഗമായി തരംതിരിച്ചിട്ടുണ്ട്.

Content Highlight: 18,000 Indians on first deportation list as Trump vows action against immigrants