| Monday, 17th June 2019, 8:03 am

17-ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് തുടങ്ങും;കക്ഷി നേതാവിനെ തെരഞ്ഞെടുക്കാതെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:17 ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് തുടങ്ങും. എന്നാല്‍ സമ്മേളനം തുടങ്ങാനിരിക്കെ ലോക്‌സഭാ കക്ഷിനേതാവിനെ ഇതുവരെയും കോണ്‍ഗ്രസ് തെരഞ്ഞെടുത്തിട്ടില്ല.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ രണ്ടുദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 19ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും 20ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയും നടക്കും.

മധ്യപ്രദേശില്‍നിന്നുള്ള വീരേന്ദ്രകുമാറാണ് പ്രോ ടേം സ്പീക്കര്‍. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ഭര്‍തൃഹരി മഹാതബ് എന്നിവരടങ്ങിയ പാനല്‍ സഹായം നല്‍കും. രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യാനുമുണ്ട്. 542 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്യുക.

ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പിനുമുമ്പ് അവതരിപ്പിച്ചത് വോട്ട് ഓണ്‍ അക്കൗണ്ടായതിനാല്‍ പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. ജൂലൈ 26വരെയാണ് സമ്മേളനം.

ലോക്സഭാകക്ഷി നേതാവിനെ നിശ്ചയിക്കാന്‍ മിക്ക പ്രതിപക്ഷപാര്‍ട്ടികള്‍ക്കും കഴിഞ്ഞിട്ടില്ല. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനുശേഷമായിരിക്കും പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം.

നേരത്തെ പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ചൗധരിയോ കൊടിക്കുന്നിലോ ആയിരിക്കും ലോക്സഭയില്‍ കോണ്‍ഗ്രസിനെ നയിക്കുകയെന്ന അഭ്യൂഹം ശക്തമായിരുന്നു.

We use cookies to give you the best possible experience. Learn more