| Wednesday, 15th November 2023, 12:03 pm

179 പേരെ ഒറ്റകുഴിമാടത്തില്‍ അടക്കി അല്‍ ശിഫ ആശുപത്രി; സംസ്‌കരിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിലെ അല്‍ ശിഫ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മരിച്ച 179 പേരെ ഒറ്റകുഴിമാടത്തില്‍ അടക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. ആശുപത്രിക്ക് അകത്ത് വലിയ കുഴിമാടം ഉണ്ടാക്കി എല്ലാവരെയും ഒരുമിച്ച് ഖബറടക്കുകയായിരുന്നുവെന്ന് ഡയറക്ടര്‍ മുഹമ്മദ് അബൂ സാല്‍മിയ അറിയിച്ചു.

‘ആശുപത്രി കെട്ടിടത്തില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞു കൂടിയിരിക്കുകയായിരുന്നു. മോര്‍ച്ചറികളില്‍ ഇപ്പോള്‍ വൈദ്യുതിയില്ല. ഞങ്ങള്‍ അവരെ ഒരു കൂട്ടകുഴിമാടത്തില്‍ അടക്കാന്‍ നിര്‍ബന്ധിതരായി’, അദ്ദേഹം എ.എഫ്.പി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ഒടുവില്‍ ഒരു സ്ത്രീയും പുരുഷനും ഉള്‍പ്പെടെ ഐ.സി.യുവില്‍ 29 പേരാണ് മരിച്ചത്. ഇവരും കൂട്ടത്തോടെ കുഴിച്ചുമൂടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ആശുപത്രി കെട്ടിടത്തിലെ വ്യത്യസ്ത ഭാഗങ്ങളിലായി അഴുകിക്കൊണ്ടിരിക്കുന്ന മൃതശരീരങ്ങള്‍ ഉണ്ടായിരുന്നുവെന്നും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആക്രമണം കടുത്തതോടെ മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചുമൂടേണ്ട അവസ്ഥയിലേക്ക് എത്തുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

‘ഇസ്രഈല്‍ അധിനിവേശസേന രോഗികളെ ആശുപത്രികളില്‍ നിന്ന് ഒഴിപ്പിക്കുകയല്ല മറിച്ച് മുറിവേറ്റവരെയും രോഗികളെയും തെരുവില്‍ ഇറക്കി മരണത്തെ അഭിമുഖീകരിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഇതൊരു ഒഴിപ്പിക്കല്‍ അല്ല തോക്കിന്‍ മുനയിലെ ഒഴിപ്പിക്കലാണ്,’ ഗസ ആരോഗ്യമന്ത്രി അല്‍ കൈല പറഞ്ഞു.

അല്‍ ശിഫ ആശുപത്രിയില്‍ ഫലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്റെ സായുധവിഭാഗം ഒളിച്ചിരിക്കുന്നുണ്ടെന്ന ആരോപണം ഇസ്രഈല്‍ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇസ്രഈല്‍ സേന ആശുപത്രി വളയുകയും ചെയ്തു.

ഹമാസും ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദും ഗസയിലെ അല്‍ ശിഫ ആശുപത്രിയിലും മറ്റു ആശുപത്രികളിലും സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്നും ഇതിനായി തുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും തങ്ങള്‍ക്ക് വിവരമുണ്ടെന്ന് അമേരിക്കന്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞിരുന്നു.

എന്നാല്‍ അല്‍ ശിഫ ആശുപത്രിയില്‍ ഹമാസ് പ്രവര്‍ത്തകര്‍ ഉണ്ടെന്ന ഇസ്രഈലിന്റെയും യു.എസ്.എയുടെയും വാദം ഹമാസ് നിഷേധിച്ചു.
നിലവില്‍ ഇന്ധനത്തിന്റെ അഭാവവും മേഖലയിലെ സംഘര്‍ഷവും കാരണം ഗസയിലെ 36 ആശുപത്രികളില്‍ 22 എണ്ണവും പ്രവര്‍ത്തനക്ഷമമല്ലെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

Content Highlight: 179 people who died in Al shifa hosptal burried togther in hospital area

We use cookies to give you the best possible experience. Learn more