| Sunday, 27th October 2024, 9:36 pm

മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിനായി 177 കോടി; സംസ്ഥാനത്തിന്റെ പദ്ധതി അംഗീകരിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതലപ്പൊഴിയുടെ വികസനത്തിനായി 177 കോടി. മുതലപ്പൊഴി ഫിഷിങ് ഹാര്‍ബര്‍ വികസന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം പദ്ധതി അംഗീകരിച്ചത്.

നിരന്തരമായി മുതലപ്പൊഴിയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര ഫിഷറീസ്, ആനിമല്‍ ഹസ്ബന്ററി, ഡയറീസ് മന്ത്രാലയത്തിന് കീഴിലുള്ള ടെക്‌നിക്കല്‍ കമ്മിറ്റിയാണ് പദ്ധതി അംഗീകരിച്ചത്.

ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മുതലപ്പൊഴി തുറമുഖത്തിന്റെ വിപുലീകരണ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, പദ്ധതി വിഹിതത്തിന്റെ 40 ശതമാനം കേരളം വഹിക്കണം. പദ്ധതി ചെലവായ 177 കോടി രൂപയില്‍ 106.2 കോടി രൂപ കേന്ദ്രം വഹിക്കും.

70.80 കോടി രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. 168 കോടി രൂപയുടെ പദ്ധതിയാണ് ആദ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹാര്‍ബറിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുത്ത് പദ്ധതി ചെലവ് 177 കോടി രൂപയായി ഉയര്‍ത്തുകയായിരുന്നു.

മുതലപ്പൊഴിയില്‍ ഫിഷിങ് ഹാര്‍ബര്‍ വരുന്നത് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. പദ്ധതി പൂര്‍ത്തിയായാല്‍ 415 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഹാര്‍ബറില്‍ എത്തിക്കാനാകും. ഇത് മുഖേന പ്രതിവര്‍ഷം 38142 മെട്രിക് ടണ്‍ മത്സ്യം മുതലപ്പൊഴിയില്‍ ഇറക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

പദ്ധതി അംഗീകരിച്ചതോടെ ഇനി ഹാര്‍ബറിലെ ബ്രേക്ക് വാട്ടര്‍ എക്സ്റ്റന്‍ഷനും റിമോട്ട് കണ്‍ട്രോള്‍ ബോയകളും ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുടെ ഓരോ ഘടകത്തിനായും സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ നല്‍കും.

കാസര്‍ഗോഡ് ഫിഷിങ് ഹാര്‍ബര്‍ വിപുലീകരണം, കോഴിക്കോട് പുത്തിയാപ്പ ഹാര്‍ബര്‍ നവീകരണം, മലപ്പുറം-പൊന്നാനി ഹാര്‍ബര്‍ നവീകരണം, കൊയിലാണ്ടി ഹാര്‍ബര്‍ നവീകരണം, ആലപ്പുഴ ആര്‍ത്തുങ്കല്‍ ഹാര്‍ബര്‍ വികസനം തുടങ്ങിയ പദ്ധതികള്‍ക്കും ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlight: 177 crores for Mudalapozhi Fishing Harbour

We use cookies to give you the best possible experience. Learn more